സൈനിക അട്ടിമറി: ആഫ്രിക്കന്‍ സംഘം സിംബാബ്‌വെയില്‍
ഹരാരെ: സിംബാബ്‌വെയില്‍ കഴിഞ്ഞ ദിവസം നടന്നത് സൈനിക അട്ടിമറി തന്നെ. ഇതു വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഇരുകൂട്ടരുമായും ചര്‍ച്ച നടത്തുന്നതിനു പ്രതിനിധി സംഘത്തെ അയച്ചതായി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് തടവിലാക്കപ്പെട്ട സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത സൈനിക നേതൃത്വം, മറ്റു അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിന് ഹരാരെയിലെത്തിയത്. എന്നാല്‍ രാജിവയ്ക്കുന്നതിനു മുഗാബെ തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമപരമായി താനാണ് ഇപ്പോഴും പ്രസിഡന്റെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, മുഗാബെയുടെയും കുടുംബത്തിന്റെയും ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വീട്ടില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ് അവരെന്നാണ് റിപ്പോര്‍ട്ടുകള്‍.ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ മന്ത്രി, സുരക്ഷാ മന്ത്രി എന്നിവരെയാണ് പ്രസിഡന്റ് ജേക്കബ് സുമ തന്റെ പ്രതിനിധികളായി ഹരാരെയിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ ഇരുപക്ഷവുമായും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ, സിംബാബ്‌വെയിലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്രിസ്ത്യന്‍ നേതൃത്വം എന്നിവരും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്യൂണിറ്റി (എസ്.എ.ഡി.സി)യും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തും. അട്ടിമറിയില്‍നിന്നു പിന്മാറാന്‍ ആഫ്രിക്കന്‍ യൂനിയന്‍ തലവന്‍ ആല്‍ഫ കോണ്ടേ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണഘടനയനുസരിച്ചു നീങ്ങണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്യൂണിറ്റി ക്രിയാത്മകമായി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യം ഇപ്പോഴും സൈനിക വലയത്തില്‍ തുടരുകയാണ്. പാര്‍ലമെന്റ് മന്ദിരം, മുഗാബെയുടെ വീട്, കോടതികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ടൗണുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം സൈനിക കാവലുണ്ട്.
37 വര്‍ഷമായി രാജ്യം ഭരിച്ചിരുന്ന മുഗാബെയെ കഴിഞ്ഞ ദിവസമാണ് സൈന്യം നിയന്ത്രണത്തിലാക്കിയത്. വൈസ് പ്രസിഡന്റായിരുന്ന എമേഴ്‌സണ്‍ മാന്‍ഗ്വേഗെയെ മാറ്റി തന്റെ പത്‌നി ഗ്രേസിനെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള മുഗാബെയുടെ ശ്രമങ്ങളാണ് സൈനിക അട്ടിമറിയില്‍ കലാശിച്ചത്. മുഗാബെയുടെ ഭരണശേഷം രാജ്യത്തിന്റെ പ്രസിഡന്റാകാനായിരുന്നു ഗ്രേസ് കരുക്കള്‍ നീക്കിയിരുന്നത്.
പ്രതിപക്ഷം കരുക്കള്‍ നീക്കുന്നു; സ്വാന്‍ഗിരായ് തിരിച്ചെത്തി
ഹരാരെ: സിംബാബ്‌വെയിലെ സൈനിക അട്ടിമറിക്കു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടിയായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച് സൈന്യവുമായി സഹകരണ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ ചികിത്സയ്ക്കായി ദക്ഷിണാഫ്രിക്കയിലായിരുന്ന മുന്‍ സിംബാബ്‌വെ പ്രധാനമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ മോര്‍ഗാന്‍ സ്വാന്‍ഗിരായ് രാജ്യത്തു തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷം കൂടി ഉള്‍ക്കൊള്ളുന്ന ഭരണത്തിനായാണ് സൈന്യവുമായി ചര്‍ച്ച നടക്കുന്നത്.
മുഗാബെയുടെ പ്രധാന എതിരാളിയാണ് സ്വാന്‍ഗിരായ്. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 47.8 ശതമാനം വോട്ട് നേടിയിരുന്ന സ്വാന്‍ഗിരായ് വിജയം അവകാശപ്പെട്ടെങ്കിലും സിംബാബ്‌വെയില്‍ ഇതു കേവല ഭൂരിപക്ഷമായിരുന്നില്ല. മുഗാബെയ്ക്ക് അന്നു 43.2 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മത്സരിക്കാന്‍ സ്വാന്‍ഗിരായ് തയാറായതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കുനേരെ വ്യാപക അക്രമങ്ങള്‍ നടന്നു. ഇതോടെ പിന്‍മാറിയ സ്വാന്‍ഗിരായ്, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു മുഗാബെയുമായി രമ്യതയിലെത്തുകയായിരുന്നു. തുടര്‍ന്നു 2009ല്‍ അദ്ദേഹത്തിനു നേരെ വധശ്രമം നടക്കുകയും ആ സംഭവത്തില്‍ ഭാര്യ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."