ഇക്കോ ടൂറിസം: മുഖം മിനുക്കാനുറച്ച് മുറിഞ്ഞമാട്
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ ചാലിയാര്‍ മുറിഞ്ഞമാടില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ട പരിശോധന പൂര്‍ത്തിയാക്കി. 32 ഏക്കര്‍ സ്ഥലമാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കീഴുപറമ്പ് പഞ്ചായത്താണ് ചാലിയാറിന്റെ മുഖം മിനുക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വലിയ പദ്ധതി തയാറാക്കുന്നത്. ബോട്ടിങ്ങ്, സ്വിമ്മിങ്ങ് പൂള്‍, ജട്ടിങ്ങ്, പൂന്തോട്ടം, പാര്‍ക്ക് തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും.ചീക്കോട് പഞ്ചായത്തില്‍നിന്ന് പുഴക്ക് മുകളിലൂടെ നടന്ന് മുറിഞ്ഞമാടിലെത്തുന്ന പദ്ധതിയും ആലോചിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് അഞ്ച് ലക്ഷവും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷവും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് ഏറ്റെടുക്കണമെങ്കില്‍ ഉടമസ്താവകാശ രേഖ, സി.ഡബ്ലിയു.ആര്‍.സി.എമ്മില്‍ നിന്ന് ഫ്‌ലഡ് ലവല്‍ രേഖയും നല്‍കണം. എക്കോ ഫ്രണ്ട്‌ലിയും വാട്ടര്‍ ഫ്രണ്ട്‌ലി ടൂറിസം പദ്ധതിയുമാണ് നടപ്പാക്കുന്നതന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ലാതെ പ്രകൃതിയെ സംരക്ഷിക്കുന്ന പദ്ധതിയാണ് ഉദ്ധേശിക്കുന്നതന്നും പദ്ധതിക്കായി എത്ര തുക വേണമെങ്കിലും മുടക്കാന്‍ തയാറാണെന്നും ഡി.ടി.പി.സി സെക്രട്ടറി വിഷ്ണുദാസ് അറിയിച്ചു. പഞ്ചായത്തിന്റെ ഡ്രീം പ്രൊജക്ടാണ് ഇതെന്നും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു.
സ്ഥല പരിശോധനക്ക് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, ഡി.ടി.പി.സി സെക്രട്ടറി വിഷ്ണുദാസ്, സ്ഥിരം സമിതിയധ്യക്ഷന്‍ ചെയര്‍മാന്‍ കാരങ്ങാടന്‍ നജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി അയ്യപ്പന്‍, വാര്‍ഡ് അംഗം കൃഷണന്‍, ഹമീദലി മാസ്റ്റര്‍, എഞ്ചിനീയര്‍ രാകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."