ഗോഡ്‌സെയുടെ പ്രതിമ: ഹിന്ദുമഹാസഭയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
ഗ്വാളിയോര്‍: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിച്ച് പ്രകോപനം സൃഷ്ടിച്ച ഹിന്ദുമഹാസഭയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ശിവരാജ് സിങാണ് സംഘടനയുടെ ആസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചത് സംബന്ധിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരത്വാജിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ക്ഷേത്രമെന്ന് സ്വയം വിശേഷിപ്പിക്കുകയായിരുന്നു സംഘടനയെന്ന് നോട്ടിസില്‍ പറയുന്നു. 2001 ലെ ക്ഷേത്രനിര്‍മ്മാണ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും നോട്ടിസിലുണ്ട്. അഞ്ചു ദിവസത്തിനകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ക്ക് സംഘടന വിധേയരാവേണ്ടിവരുമെന്നും മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വന്തം സ്ഥലത്ത് എന്തും നിര്‍മ്മിക്കാനുള്ള അവകാശം ഒരു ഇന്ത്യന്‍ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ യാതൊരു നിയലംഘനവും നടത്തിയിട്ടില്ലെന്നാണ് ജയ് വീര്‍ ഭരദ്വാജിന്റെ പ്രതികരണം.
ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിക്കാനായി അനുവാദം തേടിയിരുന്നുവെങ്കിലും ഇതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭയുടെ ആസ്ഥാനത്ത് ക്ഷേത്രം നിര്‍മിച്ചതെന്നാണ് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജെയ്്‌വീര്‍ ഭരദ്വാജ് പറഞ്ഞത്.
യഥാര്‍ഥ ദേശീയവാദിയായിരുന്നു ഗോഡ്‌സെ. രാജ്യത്തെ വിഭജിക്കുന്നത് അംഗീകരിക്കാന്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്നും ഭരദ്വാജ് അവകാശപ്പെടുന്നു.
ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തൂക്കിലേറ്റിയത് 1949 നവംബര്‍ 15നാണ്. ഈ ദിവസം രക്തസാക്ഷി ദിനമായിട്ടാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്.
രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ സംഭാവനകളെ പൂര്‍ണമായി അവഗണിച്ച ഹിന്ദുമഹാസഭ ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്നതാണ് ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിച്ചതിലൂടെ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."