വിദേശികളുടെ താമസവും തൊഴിലും: ജി.സി.സിയില്‍ മികച്ച നഗരം മനാമ
മനാമ: ജി.സി.സി രാഷ്ട്രങ്ങളില്‍ വിദേശികള്‍ക്ക് തൊഴിലെടുക്കാനും താമസിക്കാനും ഏറ്റവും അനുയോജ്യവും പ്രിയപ്പെട്ടതുമായ നഗരം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ നേഷന്‍സ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തുവിട്ടത്.
ലോകത്തെ വിവിധ നഗരങ്ങളില്‍ നിന്ന് 13,000 പേരില്‍ നടത്തിയ സര്‍വേയിലാണ് വിദേശികള്‍ക്ക് സന്തോഷപ്രദമായി താമസിക്കാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും മനാമക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ലോകത്തെ ഏറ്റവും മികച്ച 51 നഗരങ്ങളിലെ ജനങ്ങളിലാണ് സര്‍വേ നടത്തിയത്. ലോകത്തെ മികച്ച 20 നഗരങ്ങളുടെ കൂട്ടത്തില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ അബുദാബി, ദുബൈ (യു.എ.ഇ), മസ്‌കറ്റ്(ഒമാന്‍) നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
മികച്ച രീതിയിലുള്ള ജീവിത രീതി തുടരുന്നതിനും സുരക്ഷിതമായ ജീവിത സാഹചര്യത്തോടെ തൊഴിലില്‍ വ്യാപൃതരാവുന്നതിനും ഈ നഗരങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതിവര്‍ഷം 10 ദശലക്ഷം സന്ദര്‍ശകരാണ് ബഹ്‌റൈനിലെത്തുന്നത്. പ്രവാസി തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളുമടക്കം അര ദശലക്ഷം പേര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവര്‍ വിവേചനം കൂടാതെ വിവിധ ജോലികളിലും സേവനങ്ങളിലും ഏര്‍പ്പെട്ട് ബഹ്‌റൈനില്‍ കഴിയുന്നു.
വിവിധ സംസ്‌കാരങ്ങളേയും മൂല്യങ്ങളേയും ബഹുമാനിക്കുന്ന സംസ്‌ക്കാരമാണ് ബഹ്‌റൈനിന്റേത്. രാജ്യത്ത് നിലനില്‍ക്കുന്ന മതസഹിഷ്ണുതയും തുറന്ന സമീപനവും ചരിത്രാതീത കാലം മുതല്‍ക്ക് ബഹ്‌റൈന്റെ പ്രശംസനീയമായ സവിശേഷതയാണ്. എച്ച്.എസ്.ബി.സി അടക്കമുള്ള വിവിധ സര്‍വേകളിലും മനാമക്കും ബഹ്‌റൈനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."