ഹജ്ജ്: പ്രവാസികള്‍ ആശങ്കയില്‍
കാസര്‍കോട്: അടുത്ത വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ തയാറെടുക്കുന്ന പ്രവാസികളായ അപേക്ഷകര്‍ ആശങ്കയില്‍. 2018 ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്ന പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തരത്തിലാണ് പാസ്‌പോര്‍ട്ട് ഹജ്ജ് കമ്മിറ്റിക്കു നല്‍കാനുള്ള തിയതി നിശ്ചയിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ നിര്‍ദേശ പ്രകാരം അവസരം ലഭിക്കുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ 2018 ഏപ്രില്‍ 15 നകം ഹജ്ജ് കമ്മിറ്റി മുന്‍പാകെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം ഇത് ജൂലൈ അഞ്ചായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തോ പതിനൊന്നോ ദിവസം മാത്രം മുന്‍പായി നടക്കാനാണ് സാധ്യത. ഹാജിമാര്‍ ഹജ്ജ് നിര്‍വഹിച്ചു തിരികെ വരുന്ന അവസാന ഫ്‌ളൈറ്റ് ഷെഡ്യൂള്‍ തിയതിയാകട്ടെ 2018 സെപ്റ്റംബര്‍ 20 ആണ്. അതായത് അഞ്ചു മാസവും അഞ്ചു ദിവസവും തങ്ങളുടെ പാസ്‌പോര്‍ട്ട് ഹജ്ജ് കമ്മിറ്റി വശം ആയിരിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്കക്ക് കാരണമാകുന്നത്.
പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുന്‍പെങ്കിലും ഇവര്‍ നാട്ടിലേക്ക് വരേണ്ടി വരും. ഹജ്ജ് കര്‍മം നിര്‍വഹിച്ചു തിരികെയെത്തിയാല്‍ നാട്ടില്‍ അധിക ദിവസം വിശ്രമിക്കാനാവാതെ തിരികെ പോകേണ്ടിവരുന്നതു പ്രവാസികളായ ഹാജിമാര്‍ക്ക് കടുത്ത ദുരിതം സൃഷ്ടിക്കും. പ്രവാസികള്‍ ആറ് മാസം തികയുന്നതിനു മുന്‍പേ തിരികെ എത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ വിസ നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, ഹജ്ജ് യാത്ര കഴിഞ്ഞു തിരികെയെത്തുന്ന പലര്‍ക്കും യാത്രാ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ കാരണം നാട്ടിലെത്തിയാല്‍ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇക്കാരണത്താല്‍ നാട്ടില്‍ പത്തോ അതിലധികമോ ദിവസങ്ങള്‍ വിശ്രമം എടുക്കേണ്ടി വന്നാല്‍ ഇതോടെ ഇവരുടെ പ്രവാസ ജീവിതത്തിനു വിരാമമാകുന്ന സാഹചര്യമാണ് ഉണ്ടാവുക.
അതേസമയം, കഴിഞ്ഞ തവണ ഹജ്ജിനു പോയ പ്രവാസികള്‍ ജൂലൈ അഞ്ചിനാണ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഓഗസ്റ്റ് 13 നാണു ആദ്യത്തെ വിമാനം തീര്‍ഥാടകരെയും കൊണ്ട് യാത്രയായത്. ഹജ്ജ് യാത്ര തുടങ്ങുന്നതിന് ഏകദേശം ഒന്നരമാസം മുന്‍പായാണ് പ്രവാസികളായ ഹാജിമാര്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, 2018 ല്‍ പോകുന്ന പ്രവാസികള്‍ മൂന്നു മാസം മുന്‍പേ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് വന്നിട്ടുള്ളത്. ജൂലൈ 11 നാണു കേരളത്തില്‍നിന്നുള്ള ആദ്യ സംഘം ഹാജിമാര്‍ യാത്രയാകുന്നത്. ഹജ്ജ് കമ്മിറ്റിയുടെ ഈ തീരുമാനം കേരളത്തിലെ പ്രവാസികളായ ഹാജിമാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ ഹജ്ജിനു അപേക്ഷ നല്‍കണമോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഭൂരിഭാഗം പ്രവാസികളും കഴിയുന്നത്.
മെഹ്‌റമില്ലാത്ത ആദ്യ ഹജ്ജ് അപേക്ഷയുമായി ഒതുക്കുങ്ങലിലെ നാല്‍വര്‍ സംഘം
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് പുരുഷ മെഹ്‌റമില്ലാത്ത ആദ്യ അപേക്ഷ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലില്‍നിന്ന്. ഒരു കവറില്‍ നാലു സ്ത്രീകളെ ഉള്‍പ്പെടുത്തി ഒതുക്കുങ്ങല്‍ സ്വദേശികളായ പാത്തുട്ടി, ആമിന, പാത്തുമ്മ, നഫീസ എന്നിവരാണ് അപേക്ഷ നല്‍കിയത്. ഇവരുടെ അപേക്ഷ ഹജ്ജ് അസി.സെക്രട്ടറി അബ്ദുറഹ്മാന്‍ സ്വീകരിച്ച് കവര്‍ നമ്പര്‍ നല്‍കി. ഈ വര്‍ഷം മുതലാണ് 45 വയസിന് മുകളില്‍ പ്രായമുളള 4 സ്ത്രീകള്‍ക്ക് ഒരു കവറില്‍ പുരുഷ മെഹ്‌റമില്ലാതെ പോകാന്‍ അവസരം നല്‍കിയത്.
അപേക്ഷ സ്വീകരിക്കുന്നത് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 303 ഓണ്‍ലൈന്‍ അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍ 121 കവറുകളിലായി 279 അപേക്ഷകരും 70 വയസുകാര്‍ക്കൊപ്പം സഹായിയും ഉള്‍പ്പെടുന്ന കാറ്റഗറിയില്‍ 12 കവറുകളിലായി 24 അപേക്ഷകരുമാണുള്ളത്. ഡിസംബര്‍ 7 വരെയാണ് അപേക്ഷ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."