ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
കൊച്ചി: ഹോട്ടല്‍ ഉദ്ഘാടനത്തിന് ദുബൈയിലെ കരാമയില്‍ പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടുന്നതിന് അനുമതി തേടി നടന് ദിലീപ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. 'ദേ പുട്ട്' എന്ന തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ദിലീപ് പാസ്പോര്‍ട്ട് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കേരളത്തില്‍ കൊച്ചിയിലും കോഴിക്കോട്ടുമുള്ള 'ദേ പുട്ട്' എന്ന ഹോട്ടലിന്റെ ശാഖ ദുബൈയിലും തുടങ്ങുകയാണെന്നും നവംബര്‍ 29ന് ഉദ്ഘാടനം നിശ്ചയിച്ചതായും ഹരജിയില്‍ പറയുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിനും പ്രൊമോഷന് നടപടികള്‍ക്കുമായി നാലുദിവസം മുതല്‍ ഒരാഴ്ച വരെ ദുബൈയില്‍ തങ്ങേണ്ടതുണ്ടെന്നും പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ മൂന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."