മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ആര്‍.എം.പി.ഐ പ്രവര്‍ത്തകനെതിരേ കേസ്
വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പ്രതികരിച്ച ആര്‍.എം.പി.ഐ പ്രവര്‍ത്തകന്റെ പേരില്‍ കേസ്. ഓര്‍ക്കാട്ടേരി പുതിയേടത്ത്കുനി ചേതനയില്‍ സി.എസ് അര്‍ജുനി(25)നെതിരേയാണ് എടച്ചേരി പൊലിസ് കേസെടുത്തത്.
ഇതു സംബന്ധിച്ച് കോടതിയില്‍നിന്ന് അര്‍ജുനന്റെ വീട്ടില്‍ രണ്ടു ദിവസം മുന്‍പ് സമന്‍സ് എത്തിയപ്പോഴാണ് കേസിന്റെ കാര്യം അറിയുന്നത്. ഒരു വര്‍ഷത്തിലേറെയായി മധുരയിലാണ് അര്‍ജുന്‍ ജോലി ചെയ്യുന്നത്.
'തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍.എസ്.എസുകാര്‍ക്ക് എന്തവകാശം' എന്ന പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിനെ വിമര്‍ശിച്ചതിനാണ് അര്‍ജുനിന്റെ പേരില്‍ കേസ്. കഴിഞ്ഞ ജനുവരിയിലാണ് അര്‍ജുന്‍ പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്.
ഭിന്നാഭിപ്രായം പറഞ്ഞവനെ ജീവിതത്തില്‍നിന്നു പറഞ്ഞുവിട്ടവന്റെ ഉപദേശപ്രസംഗം എന്നതായിരുന്നു അര്‍ജുനിന്റെ കമന്റ്. ടി.പി ചന്ദ്രശേഖരന്റെ ചിത്രസഹിതം 'അതെ സര്‍ ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് 'എന്നും എഴുതി. ഇതിനെയാണ് അപകീര്‍ത്തികരമെന്നു പറഞ്ഞ് പൊലിസ് കേസെടുത്തത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് കോടതിയില്‍ കുറ്റപത്രവും നല്‍കി. തുടര്‍ന്നാണ് രണ്ടു ദിവസം മുന്‍പ് അര്‍ജുനിന്റെ വീട്ടില്‍ സമന്‍സ് എത്തിയത്. മധുരയില്‍ കഴിയുന്ന അര്‍ജുനിനെ നാലു മാസം മുന്‍പ് തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത്‌നിന്ന് ഫേസ്ബുക് പോസ്റ്റ് സംബന്ധിച്ച് വിളിച്ചിരുന്നു. ഫേസ്ബുക്കില്‍ സജീവമാണെങ്കിലും അപകീര്‍ത്തികരമായ കമന്റ് ഇട്ടില്ലെന്ന് മറുപടിയും നല്‍കി. പിന്നീട് യാതൊരു നടപടിയും ഉണ്ടായതുമില്ല. വീട്ടില്‍ സമന്‍സുമായി ആള്‍ വന്നപ്പാഴാണ് കേസ് കോടതിയിലെത്തിയ കാര്യം അര്‍ജുന്‍ അറിയുന്നത്.
രാഷ്ട്രീയവിമര്‍ശനങ്ങളെ അപകീര്‍ത്തിക്കേസ് കൊണ്ട് നേരിടുന്നവര്‍ തങ്ങളുടെ നിലപാടുകളുടെ പൊള്ളത്തരം തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് അര്‍ജുന്‍ പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും അര്‍ജുന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."