വിദ്യാര്‍ഥി യാത്രാനിരക്ക് ഉയര്‍ത്താന്‍ കെ.എസ്.ആര്.ടി.സി ആലോചന
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ഉയര്‍ത്താന്‍ കെ.എസ്.ആര്.ടി.സി ആലോചിക്കുന്നു.
സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് നേരത്തെ 25 ശതമാനമായിരുന്നു. പിന്നീടത് 17.3 ശതമാനമായാണ് കുറച്ചത്. ഇത് 25ലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ആലോചന.
നേരത്തെ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്.ടി.സി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുകയും അവരില്‍നിന്ന് 10 രൂപ ചെലവിനായി ഈടാക്കാനും തീരുമാനിച്ചിരുന്നു. പിന്നീടത് 100 രൂപയായി ഉയര്‍ത്തി.
ഇതിനു പിന്നാലെയാണ് കണ്സഷന് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ഇതിനിടെ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ലഭിക്കാത്തതിനാല്‍ ബസ് സര്‍വിസുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 1,132 ബസുകള്‍ സര്‍വിസ് നിര്‍ത്തി. ആകെയുള്ള 5,627 കെ.എസ്.ആര്.ടി.സി ബസുകളില്‍ നവംബറില്‍ 4,782 ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയതെന്നും 845 ബസ് അറ്റകുറ്റപ്പണിയിലാണെന്നും പറയുന്നു. പുതുതായി 100 ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല.
ബസുകള്‍ക്കു ക്ഷാമം നേരിടുന്നതോടെ പല ഡിപ്പോകളിലും സര്‍വിസുകള്‍ വെട്ടിച്ചുരുക്കുകയാണ്. സര്‍വിസിന്റെ കുറവ് വരുമാനത്തിലും കാണാനുണ്ട്. ഒരാഴ്ച കൊണ്ട് 50 ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."