അവധിയൊഴിവില്‍ നിയമനമില്ല; അധ്യാപകര്‍ ദുരിതത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിലെ അവധിയൊഴിവില്‍ അധ്യാപകരെ നിയമിക്കുന്നില്ലെന്ന് പരാതി വ്യാപകം. മൂന്നുമാസം വരെ അവധിയെടുക്കുന്ന അധ്യാപകര്‍ക്കാണ് മാനേജ്‌മെന്റ് പകരക്കാരെ നിയമിക്കാത്തത്. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടക്കാനിരിക്കെ അധ്യാപകരെ നിയമിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക മാനേജ്‌മെന്റ് സ്‌കൂളുകളിലും ഈ പ്രതിസന്ധിയുണ്ടെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മൂന്നുമാസം വരെയുള്ള അവധി ഒഴിവുകളിലെ നിയമനത്തിന് ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. മൂന്നുമാസം വരെ ആരെങ്കിലും അവധിയില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ പകരം അധ്യാപകെര കണ്ടെത്തേണ്ടതും അവര്‍ക്കുള്ള വേതനം നല്‍കേണ്ടതും മാനേജ്‌മെന്റാണ്.
എന്നാല്‍ മിക്കയിടങ്ങളിലും പകരം അധ്യാപകരെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള അധ്യാപകരെ കൊണ്ട് അവധിക്കാരുടെ ജോലി കൂടി എടുപ്പിക്കുകയാണ് മാനേജ്‌മെന്റുകള്‍. ജോലിയില്‍ നിന്ന് വിരമിക്കുന്നവരും പ്രസവാവധി എടുക്കുന്നവരുമായ അധ്യാപകര്‍ സാധാരണ മൂന്നുമാസം വരെ അവധിയില്‍ പ്രവേശിക്കാറുണ്ട്. ഇത്തരത്തില്‍ ഓരോ സ്‌കൂളിലും രണ്ടും മൂന്നും അധ്യാപകര്‍ വരെ സാധാരണഗതിയില്‍ അവധിയാകാറുണ്ട്. ഇവരുടെ ജോലിയാണ് ബാക്കിയുള്ള അധ്യാപകരുടെ മേല്‍ മാനേജ്‌മെന്റ് അടിച്ചേല്‍പ്പിക്കുന്നത്.
പകരക്കാര്‍ക്ക് വേതനം നല്‍കേണ്ടതിനാലാണ് മാനേജ്‌മെന്റ് ഈ കുറുക്കുവഴി സ്വീകരിക്കുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."