ഡല്‍ഹി മലിനീകരണം: ഗള്‍ഫ് രാജ്യങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പങ്കെന്ന് പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ പുകമഞ്ഞിന്റെ പകുതിയോളം എത്തിയതു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വായു-ശുദ്ധി ഗവേഷണ കേന്ദ്രമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചി (സഫര്‍) ന്റെ കണ്ടെത്തല്‍.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ചായിരുന്നു പഠനം. ഈ മാസം ഏഴു മുതല്‍ തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന്റെ 40 ശതമാനവും ഗള്‍ഫില്‍നിന്നാണെന്നാണ് കണ്ടെത്തല്‍. ഇറാഖ്, കുവൈത്ത്, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസങ്ങള്‍ നീണ്ട പൊടിക്കാറ്റുണ്ടായിരുന്നു. ഇതാണ് ഡല്‍ഹിയിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുകമഞ്ഞിന്റെ 25 ശതമാനം പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ളതാണ്. 35 ശതമാനം മാത്രമാണ് ഡല്‍ഹിയുടെ പങ്ക്. ഒക്ടോബര്‍ അവസാനത്തിലും ഈ മാസം ആദ്യത്തിലുമായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റ് വീശിയത്. ഇത് ഡല്‍ഹിയിലെത്തിയതിനു പുറമേ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കൊയ്‌തെടുത്തു ബാക്കിവച്ച കച്ചി കത്തിക്കുകയുംകൂടി ചെയ്തതാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയത്.
മലിനീകരണത്തിന് ശമനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടരുന്ന അന്തരീക്ഷ മലിനീകരണം അല്‍പം കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വരുംനാളുകളില്‍ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒറ്റ-ഇരട്ട അക്ക പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കാനിരിക്കുകയാണ്. ഇതിനു മുന്‍പായി ഡല്‍ഹിയോടും അയല്‍ സംസ്ഥാനങ്ങളോടും നിലവിലെ സ്ഥിതി വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അന്തരീക്ഷ മലിനീകരണം കാരണം കെട്ടിട നിര്‍മാണങ്ങള്‍ക്കു വരുത്തിയ നിയന്ത്രണം ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."