ബാബരി മസ്ജിദ്: വ്യക്തിനിയമ ബോര്‍ഡ് നേതാവുമായി രവിശങ്കര്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: സംഘ്പരിവാറില്നിന്നുള്ള എതിര്‍പ്പ് വകവയ്ക്കാതെ ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള നീക്കവുമായി വിവാദ ആള്‍ദൈവം രവിശങ്കര്‍.
ഇതിന്റെ ഭാഗമായി ലഖ്നൗ ഈദ്ഗാഹ് ഇമാമും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുതിര്‍ന്ന അംഗവുമായ ഖാലിദ് റശീദ് ഫിറന്ജി മഹലിയുമായി രവിശങ്കര്‍ ചര്‍ച്ചനടത്തി. ലഖ്നൗവില്‍ ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു. ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ പാലം പണിയേണ്ടതുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നതായി കൂടിക്കാഴ്ചയ്ക്കു ശേഷം രവിശങ്കര്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന ഹിന്ദു-മുസ്ലിംസമുദായങ്ങള്ക്കിടയില് യഥാര്‍ഥത്തില്‍ ഒരുപ്രശ്നവുമില്ല. ചര്‍ച്ചകളിലൂടെ സാഹോദര്യത്തിന്റെ ആശയം കൈമാറുകയാണ് ചെയ്യുന്നത്. സാഹോദര്യവും ഐക്യവും ജനങ്ങളുടെ ഉള്ളില്‍ നിന്നാണു വരേണ്ടത്. അത് എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യംമൊത്തം സാമുദായിക സൗഹാര്‍ദം എങ്ങനെ പ്രചരിപ്പിക്കാമെന്നാണ് ചര്‍ച്ച ചെയ്തതെന്നു ഖാലിദ് റശാദി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പതിവായി ഇരുസമുദായത്തിലെയും നേതാക്കള്‍ ഇത്തരത്തില്‍ ഇരുന്നു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പ് ചര്ച്ചയ്ക്കില്ലെന്നാണു മുസ്ലിംവ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."