കേരള ബ്ലാസ്റ്റേഴ്‌സ്- എ.ടി.കെ കൊല്‍ക്കത്ത ഉദ്ഘാടന പോരാട്ടം ഗോള്‍രഹിത സമനില
കൊച്ചി: കലിപ്പടക്കണം കപ്പടിക്കണം...ഗാലറികള്‍ മെക്‌സിക്കന്‍ തിരമാലകളുയര്‍ത്തി ആവേശത്തില്‍ ആര്‍ത്തിരമ്പിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെ കൊല്‍ക്കത്തയും ഗോളടിക്കാതെ പിരിഞ്ഞു. ഐ.എസ്.എല്ലിന്റെ നാലാം അധ്യായത്തിന് തുടക്കമിട്ട് കൊച്ചിയില്‍ അരങ്ങേറിയ ഉദ്ഘാടന പോരാട്ടം ഗോള്‍രഹിത സമനില.
എ.ടി.കെ കൊല്‍ക്കത്തയോട് കലിപ്പ് തീര്‍ക്കാന്‍ ഇന്നലെയും സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. കൊമ്പന്‍മാരുടെ 11 പേരോടും പന്ത്രണ്ടാമനായ ഗാലറിയോടുമായിരുന്നു എ.ടി.കെയുടെ പോരാട്ടം. പലതവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വരെ മുന്നേറ്റം.
പക്ഷേ, ഗോള്‍ ശ്രമങ്ങളെല്ലാം അവസാന നിമിഷം വരെ വിഫലമായി. ഇരു ടീമുകളുടെയും പ്രതിരോധവും മധ്യനിരയും മികച്ചു നിന്നപ്പോള്‍ മുന്നേറ്റ നിരയ്ക്ക് ഗോള്‍ വല ചലിപ്പിക്കാനായില്ല.
വിരസം... വട്ട പൂജ്യം
കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. മിലന്‍ സിങ് പന്തുമായി എ.ടി.കെ ഗോള്‍മുഖത്തേക്ക് മുന്നേറിയെങ്കിലും കാര്യമായെന്നും സംഭവിച്ചില്ല. തൊട്ടുപിന്നാലെ കിട്ടിയ അവസരവും മുതലാക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല. ബോക്‌സിന് പുറത്ത് നിന്ന് മിലന്‍ സിങ് പായിച്ച ഷോട്ട് പുറത്തേക്ക് പറന്നകന്നു. ആദ്യ പത്ത് മിനുട്ട് മാത്രമായിരുന്നു എ.ടി.കെ ഗോള്‍മുഖത്തേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം.
പതിയെ പന്ത് റാഞ്ചി തുടങ്ങിയ എ.ടി.കെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമണം തുടങ്ങി. മഞ്ഞയില്‍ നീരാടിയ ഗാലറിയുടെ പിന്തുണയുണ്ടായിട്ടും ആദ്യ പകുതിയുടെ അധിക സമയും പന്ത് ബംഗാള്‍ കടുവകളുടെ കാലുകളിലായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തന്ത്രവുമായി എത്തിയ ബ്ലാസ്റ്റേഴ്‌സിനെ കാഴ്ചക്കാരാക്കി ആദ്യ പകുതിയില്‍ 62 ശതമാനം പന്ത് കൈവശം വെച്ചത് എ.ടി.കെ. ബ്ലാസ്റ്റേഴ്‌സിന് കിട്ടിയത് 38 ശതമാനം മാത്രം.
ബ്ലാസ്റ്റേഴ്‌സിനെ
വിറപ്പിച്ച് കടുവകള്‍
മഞ്ഞപ്പട ഗാലറിയില്‍ ബ്ലാസ്റ്റേഴ്‌സിനായി ആര്‍ത്തിരമ്പുമ്പോഴും ഗോളെന്ന് ഉറച്ച അവസരങ്ങള്‍ കിട്ടിയത് എ.ടി.കെയ്ക്ക് തന്നെ. 13ാം മിനുട്ടില്‍ അമ്ര ടീം കൊല്‍ക്കത്തയുടെ കടുവകള്‍ നടത്തിയ മുന്നേറ്റം ഗോളാകാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റെച്ചുബ്കയുടെ മിടുക്ക് ഒന്നുകൊണ്ടു മാത്രമാണ്. ബോക്‌സില്‍ നിന്ന് കടുവകളുടെ മധ്യനിരക്കാരന്‍ ഹിതേഷ് ശര്‍മ പായിച്ച ഷോട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഗോള്‍ കീപ്പര്‍ റെച്ചുബ്ക വലത്തേക്ക് ചാടി രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീതി വിതച്ച് 19ാം മിനുട്ടില്‍ ഒരിക്കല്‍ കൂടി വംഗനാട്ടുകാര്‍ മുന്നേറ്റം സൃഷ്ടിച്ചു. ഹിതേഷ് തുടങ്ങിവച്ച നീക്കത്തില്‍ പന്ത് ജാസി കുക്കിയിലേക്ക് എത്തി. പന്ത് പിടിച്ചെടുത്ത കുക്കി പായിച്ച ദുര്‍ബല ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി അനായാസം കൈടിപിടിയിലാക്കി. 24 ാം മിനുട്ടില്‍ എ.ടി.കെയ്ക്ക് ലഭിച്ച ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മിടുക്കില്‍ തട്ടിത്തകര്‍ന്നു. 28ാം മിനുട്ടിലായിരുന്നു ഗാലറിയെ ആവേശഭരിതമാക്കിയ ഒരു നീക്കം ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എ.ടി.കെ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാറിന് ആദ്യ പരീക്ഷണം നേരിടേണ്ടി വന്നതും അപ്പോഴാണ്. ബെര്‍ബറ്റോവിനെ ലക്ഷ്യമാക്കി പെകുസന്‍ മുന്നോട്ട് നല്‍കിയ പന്ത് മജുംദാര്‍ മുന്നോട്ട് കയറി കുത്തിയകറ്റി. 43ാം മിനുട്ടില്‍ ഗാലറിയെ ആവേശത്തിലാക്കി റിനോ ആന്റോയുടെ ബൈസിക്കിള്‍ കിക്ക് ശ്രമം പക്ഷേ പാഴായി. രണ്ട് മിനുട്ട് ഇഞ്ച്വറി സയമത്തും ഗോള്‍ പിറന്നില്ല. ആദ്യ പകുതിക്ക് വിരാമമിട്ട് വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ 0- 0.
ഗോളില്ലാതെ
രണ്ടാം പകുതിയും
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. പന്തുമായി മുന്നേറി ബോക്‌സിലേക്ക് ഇയാന്‍ ഹ്യൂം നല്‍കിയ പാസ് ബെര്‍ബറ്റോവിന് പക്ഷേ കണക്ട് ചെയ്യാനായില്ല. 50ാം മിനുട്ടില്‍ മനോഹരമായൊരു മുന്നേറ്റത്തില്‍ സി.കെ വിനീത് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് എ.ടി.കെ ഗോളി മജുംദാര്‍ കുത്തിയിട്ടു. റീ ബൗണ്ടായ പന്ത് വലയിലെത്തിക്കുന്നതില്‍ പെകുസന്‍ പരാജിതനായി. ദുര്‍ബലമായ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. 58ാം മിനുട്ടില്‍ കോര്‍ണറിന് ഒടുവില്‍ മൊണ്ടല്‍ തൊടുത്ത ഹെഡ്ഡര്‍ പോള്‍ റെച്ചുബ്ക കുത്തിയകറ്റി. 60ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ പിന്‍വലിച്ച് മാര്‍ക് സിഫ്‌നോസിനെ റെനെ കളത്തിലിറക്കി. എ.ടി.കെ കുക്കിക്ക് പകരം റോബിന്‍ സിങിനെയും കളത്തിലെത്തിച്ചു. പകരക്കാരനായി വന്ന സിഫ്‌നോസ് 66 ാം മിനുട്ടില്‍ മനോഹരമായ ഒരു മുന്നേറ്റം നടത്തി. കോര്‍ണറിന് വഴങ്ങിയാണ് നീക്കം എ.ടി.കെ പൊളിച്ചത്. 70ാം മിനുട്ടില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തെ കടുവകള്‍ വിറപ്പിച്ചു. പോര്‍ച്ചുഗല്‍ താരം ഡോസ് സാന്റോസ് തൊടുത്ത ലോങ് റേഞ്ച് പോസ്റ്റില്‍ തട്ടി തെറിച്ചു. റീ ബൗണ്ട് കണക്ട് ചെയ്യാന്‍ ബോക്‌സില്‍ ഉണ്ടായിരുന്ന മൂന്ന് എ.ടി.കെ താരങ്ങള്‍ക്കും കഴിഞ്ഞില്ല. 79ാം മിനുട്ടില്‍ വിനീതിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് മലയാളി താരം പ്രശാന്തിനെ കളത്തിലിറക്കി. 81ാം മിനുട്ടില്‍ പെകുസന് പകരം ജാക്കിചന്ദ് സിങും വന്നു. അവസാന നിമിഷങ്ങളില്‍ മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സും അമ്രയും കളം നിറഞ്ഞെങ്കിലും വിജയ ഗോള്‍ അകലെയായിരുന്നു. ഇഞ്ച്വറി സമയത്ത് ബെര്‍ബറ്റോവിന്റെ ഹെഡ്ഡര്‍ എ.ടി.കെ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
കൊച്ചിയിലെ ആദ്യ പോരാട്ടത്തിന് അന്ത്യം കുറിച്ച് വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ 0- 0. വിജയം മോഹിച്ചിറങ്ങിയ കൊമ്പനും കടുവയും സമനിലയുടെ ആലസ്യവുമായി കൈകൊടുത്ത് പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം 24ന് കൊച്ചിയില്‍ കോപ്പലാശാന്റെ ജംഷഡ്പൂര്‍ എഫ്.സിയുമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."