തടികുറയ്ക്കുമ്പോള്‍ അബദ്ധം പറ്റരുത്
തടി കുറയ്ക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് പലരും. പുലര്‍ച്ചെ നടക്കാന്‍ പോകുന്നതില്‍ തുടങ്ങി അരലക്ഷത്തിലേറെ രൂപ കൊടുത്ത് എയ്‌റോബിക്‌സ് സെന്ററുകളിലും മറ്റും രജിസ്റ്റര്‍ ചെയ്തശേഷം കയ്യുംകെട്ടി വീട്ടിലിരിക്കുന്നവരും കുറവല്ല. വലിയ ജിം മെഷീനുകള്‍ വീട്ടില്‍ വാങ്ങിയിട്ട ശേഷം തുണിയുണക്കാന്‍ അവ ഉപയോഗിക്കുന്നവരും ഏറെ. എന്നാലും ചിലരെങ്കിലും ആത്മാര്‍ഥമായി വണ്ണവും ഭാരവും കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. പലര്‍ക്കും അതിന്റെ ഫലവും കിട്ടുന്നു. എങ്കിലും ചിലര്‍ക്കെങ്കിലും വിപരീതഫലമാണ് ഉണ്ടാകുന്നത്. അതിനെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
തടി കുറയ്ക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമില്ലെന്നു പരാതിപ്പെടുന്നവരാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. തടി കുറയ്ക്കാനുള്ള ശ്രമത്തിനിടെ അറിഞ്ഞോ അറിയാതെയോ വരുത്തി വയ്ക്കുന്ന ചില അബദ്ധങ്ങള്‍ വില്ലനാകുന്നതായാണ് കണ്ടുവരുന്നത്.
ഒറ്റയടിക്ക് ഒന്‍പത് കിലോ വരെ കുറയ്ക്കാമെന്നാണ് കണക്ക്. എന്നാല്‍ പിന്നീട് അങ്ങോട്ട് കുറയുക നേരിയ രീതിയിലാവും. ഇതുകൊണ്ട് പിന്‍മാറേണ്ടതില്ല. ഫലം നിശ്ചയമാണ്. എല്ലാം ശരിയായിട്ടും തടി കുറയാത്തതെന്ത്?
തെറ്റായ അറിവ്
തെറ്റായ അറിവുകള്‍ക്കനുസരിച്ച് തടി കുറയ്ക്കാനൊരുമ്പെടുന്നവരാണ് അബദ്ധങ്ങളില്‍ പെടുന്നത്. വിദഗ്‌ധോപദേശം തേടാതെ വായിച്ച അറിവുകളോ സുഹൃത്തുക്കളുടെ നിര്‍ദേശമോ അനുസരിച്ചാവും ഇക്കൂട്ടര്‍ പ്രയോഗങ്ങളിലേക്ക് കടക്കുക. അതിനു വിപരീതഫലമുണ്ടാവുക സ്വാഭാവികം. നിങ്ങളുടെ നിലവിലെ ആരോഗ്യ സ്ഥിതി, ഭക്ഷണ ക്രമം, പ്രായം, ആഹാര ഇഷ്ടാനിഷ്ടങ്ങള്‍, ഹോര്‍മോണല്‍ നിലവാരം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങളെ അടിസ്ഥാനമാക്കിയാവും തടി കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഡയറ്റും മറ്റും ക്രമീകരിക്കുന്നത്.
നടപ്പാക്കാനാവാത്ത ടാര്‍ഗറ്റ് ഉറപ്പിക്കുകയാണ് പലരും ആദ്യം തന്നെ ചെയ്യുക. ഒരുമാസം കൊണ്ട് 10 കിലോ കുറയ്ക്കണം തുടങ്ങി ഇത്ര കുറയ്ക്കണം എന്ന നിശ്ചയത്തോടെയാവരുത് ഇതിനു ഇറങ്ങി പുറപ്പെടേണ്ടത്. യാഥാര്‍ഥ്യത്തോടെയുള്ള ലക്ഷ്യം എപ്പോഴും കുറവായിരിക്കണം. ഇത് വേഗം സാക്ഷാല്‍കരിക്കാമെന്നതിനാല്‍ നിങ്ങള്‍ക്ക് ഇത് തുടരുന്നത് ആവേശകരമാകും. ആഴ്ചയില്‍ കൂടിവന്നാല്‍ ഒരു കിലോ മാത്രം കുറഞ്ഞാല്‍ മതി. ഇതായിരിക്കണം കണക്ക്. ഇതില്‍ കൂടുതല്‍ കുറയുന്നത് ദോഷമാണെന്നാണ് ഡോക്ടര്‍മാരും ന്യൂട്രീഷ്യനിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരും ഒരുപോലെ ഉപദേശിക്കുന്നത്.
എപ്പോഴും ഭാരം നോട്ടം
ഒരു മനോരോഗം പോലെ, സമയം കിട്ടിയാല്‍ ഭാരം നോക്കുന്ന യന്ത്രത്തിലേക്ക് ഓടിക്കയറുന്നതാണ് ചിലരുടെയെങ്കിലും രീതി. എപ്പോഴും ഭാരം നോക്കുന്ന രീതി നന്നല്ല. ദഹിക്കാത്ത ആഹാരം, പാനീയങ്ങള്‍, ദ്രാവകങ്ങള്‍ ഇവ ശരീരത്തിലുണ്ടെങ്കില്‍ ഭാരം കൂടുതല്‍ കാട്ടും. ഉദാഹരണം പറഞ്ഞാല്‍, രാവിലെ നിങ്ങളുടെ ഭാരം 48 കിലോ ആയിരുന്നെങ്കില്‍ വൈകുന്നേരം ഭാരം നോക്കിയാല്‍ അത് 49.5 കിലോ ആയിരിക്കും. വെള്ളം കുടിക്കുന്നത് ഭാരം കൂട്ടുകയും അത് ഒഴിയുന്നതോടെ ഭാരം കുറയുകയും ചെയ്യുമെന്ന് മനസിലാക്കണം.
വര്‍ക്ക് ഔട്ടുകള്‍
കുറയുക ഭാരമല്ല
നമ്മള്‍ വര്‍ക്ക് ഔട്ടുകളില്‍ ഏര്‍പ്പെടുമ്പോള്‍ ഭാരം കുറയുകയല്ല ഫലം. മറിച്ച് ശരീരത്തിലെ കൊഴുപ്പ് മസിലുകള്‍ വന്ന് രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. നിങ്ങളുടെ അരക്കെട്ടിലും തുടയിലും കേന്ദ്രീകരിക്കുന്ന കൊഴുപ്പ് നീങ്ങുമ്പോള്‍ ആരോഗ്യകരമായ മസിലുകള്‍ പ്രസ്തുത സ്ഥാനത്തേക്കെത്തുന്നു. അതുകൊണ്ട് ഭാരം കുറയുകയല്ല, ആരോഗ്യം ഉണ്ടാവുകയാണ് ചെയ്യുന്നത്.
കഴിക്കുന്നതും കത്തുന്നതും
കഴിക്കുന്ന ഭക്ഷണം എരിഞ്ഞു തീരണം അങ്ങനെ കൊഴുപ്പകലുമെന്നൊക്കെ വായിച്ചു വച്ചിട്ടുണ്ടാവും. അതുകാരണം കഴിച്ചുകഴിഞ്ഞാലുടന്‍ അത് കത്തിത്തീര്‍ന്നിട്ടുണ്ടാവുമോ എന്നു വ്യാകുലപ്പെടുന്നവരുണ്ട്. നിങ്ങള്‍ എത്ര കഴിക്കുന്നു, എത്ര വ്യായാമം ചെയ്യുന്നു ഇതിന്റെ ആകെത്തുകയാണ് നിങ്ങളുടെ ഭാരം. നടക്കുകയും ഓടുകയും നീന്തുകയും വ്യായാമത്തിലേര്‍പ്പെടുകയും ഒക്കെ ചെയ്യുന്നത് ഭാരം കുറയ്ക്കും. എന്നാല്‍ ഇതിനൊക്കെ ശേഷം ശരീരത്തിനാവശ്യമുള്ളത് നമ്മള്‍ അകത്താക്കുമ്പോള്‍ ആരോഗ്യമുണ്ടാകുന്നു. അപ്പോള്‍ ഭാരം കുറയുന്നില്ലെന്നോര്‍ക്കണം. ശരീരത്തിനാവശ്യമുള്ള കലോറി, വിറ്റാമിനുകള്‍, തുടങ്ങിയവ ലഭ്യമാക്കുക മാത്രം മതി തടി കുറയ്ക്കാന്‍.
ഭാരം കുറയ്ക്കാന്‍
തട്ടിപ്പു പോര
എന്തെങ്കിലും തട്ടിപ്പ് കാട്ടി ഭാരം കുറയ്ക്കാമെന്ന് വ്യാമോഹിക്കേണ്ട. ആഹാരം വെട്ടിക്കുറച്ചോ, ഗുളികകള്‍ വിഴുങ്ങിയോ, എന്തെങ്കിലും ഷെയ്ക്ക് അകത്താക്കിയോ അതു നേടാന്‍ സാധ്യമല്ല. ഫിറ്റ്‌നെസ് വിദഗ്ധരും പോഷകാഹാര വിദഗ്ധരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പിന്തുടരുകയാണ് മാര്‍ഗം. ഒരു ഡയറ്റ് പ്ലാന്‍ സ്വീകരിച്ച് ശരിയായില്ലെങ്കില്‍ അടുത്തത്. അങ്ങനെ പോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭാരം കുറയുക മാത്രമല്ല, ആരോഗ്യം നേടുക എന്നതും പ്രധാനമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
കലോറി
അളക്കുക
തടി കുറയ്ക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത് നിങ്ങള്‍ക്ക് ശരാശരി എത്ര കലോറി ഊര്‍ജമാണ് ആവശ്യമായിട്ടുള്ളത് എന്നാണ്. പലരിലും പല അളവിലാണ് കലോറി ആവശ്യമായിട്ടുള്ളത്. ഇത് നിങ്ങളുടെ ഭാരം, വയസ്, പൊക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ബേസല്‍ മെറ്റബോളിക് റേറ്റ് (ബി.എം.ആര്‍) ആണ് പ്രവര്‍ത്തന രഹിതമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഊര്‍ജം. ഈ ഊര്‍ജം നമ്മുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം വേണ്ടിവരുന്നതാണ്. (ഹൃദയം, ശ്വാസകോശം, കിഡ്‌നി, നാഡീവ്യൂഹം, കുടല്‍, കരള്‍, ലൈംഗിക അവയവം, പേശികള്‍, ത്വക്ക് തുടങ്ങിയവയ്ക്ക്).
അതേസമയം വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുന്നു. ഇങ്ങനെ ബി.എം.ആര്‍ കണ്ടുപിടിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് എത്ര കലോറി വേണമെന്ന് കണ്ടെത്താം. ഭക്ഷണത്തില്‍ അതിനനുസരിച്ച് ക്രമീകരണം വരുത്തിയാല്‍ മതി. ഇനി വ്യായാമം കൂടിയുണ്ടെങ്കില്‍ ഭാരം കുറയ്ക്കുക വളരെ എളുപ്പമാണ്. ഭാരം കുറയ്ക്കാനായാല്‍ നിര്‍ത്തിക്കളയരുത്. അതു തുടരുക. ആരോഗ്യം നിലനിര്‍ത്താന്‍ അത് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കില്‍ വീണ്ടും ഭാരം കൂടും. (ബി.എം.ആര്‍ കണ്ടുപിടിക്കാന്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."