ഓരോ ദിവസവും യമനില്‍ മരിച്ചുവീഴുന്നത് 130 കുട്ടികള്‍
സന: മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ ജനജീവിതം താറുമാറായ യമനില്‍ ഓരോ ദിവസവും മരണപ്പെടുന്നത് 130 കുട്ടികളെന്ന് അന്താരാഷ്ട്ര സംഘടനയായ സേവ് ചില്‍ഡ്രന്‍. 2017ല്‍ മാത്രം ഇവിടെ 50,000 കുട്ടികളാണ് മരണപ്പെട്ടത്. യമനില്‍ സഊദി ഉപരോധം ഏര്‍പ്പെടുത്തിയതിനാലാണ് മരണനിരക്ക് വര്‍ധിച്ചതെന്നും കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സംഘടനയായ സേവ് ചില്‍ഡ്രന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമത വിഭാഗമായ ഹൂഥികളുടെ നേതൃത്വത്തില്‍ നവംബര്‍ ആദ്യത്തില്‍ റിയാദില്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് സഊദി ഉപരോധം ഏര്‍പ്പെടുത്തിയത്. യമനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന് ലോകാരോഗ്യ സംഘടന, യു.എന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി, വേള്‍ഡ് ഫുഡ് പോഗ്രാം എന്നീ സംഘടനകള്‍ സംയുക്തമായി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
2015 മുതലാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം ആരംഭിച്ചത്. എന്നാല്‍ യമന്‍ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിന് കീഴിലാണ്.
ഇതുവരെ 10,000 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 30 ലക്ഷത്തോളം പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യമനില്‍ ഒരു കോടി കുട്ടികള്‍ ഉള്‍പ്പെടെ രണ്ടുകോടി ജനങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യമാണെന്ന് യു.എന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."