സിംബാബ്‌വെ: മുഗാബെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ഹരാരെ: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന സിംബാബ്‌വെയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍. രാജ്യതാല്‍പര്യവും ജനവികാരവും മാനിച്ച് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളുടെ നേതാവ് മോര്‍ഗന്‍ സ്വാങ്ഗിരായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മറ്റൊരു നേതാവായ ടെന്‍ഡായ് ബിറ്റി എത്രയും പെട്ടെന്ന് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം രാജി ആവശ്യങ്ങളെ മുഗാബെ തള്ളിക്കളഞ്ഞു.
എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ വിമര്‍ശകരെ ഞെട്ടിച്ചുകൊണ്ട് മുഗാബെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയായ ഹരാരെയില്‍ നടന്ന സിംബാബ്‌വെ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലാണ് മുഗാബെ പങ്കെടുത്തത്.
സൈനിക ചീഫ് ജനറല്‍ കോണ്‍സ്റ്റാന്റിനോ ചിവെങ്കയുടെ ഭാര്യ മേരി ചിവെങ്കയ്ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും അദ്ദേഹം ചടങ്ങില്‍ നല്‍കി. മുഗാബെ തടങ്കലിലല്ല എന്ന് പൊതുജനത്തിന് മുന്നില്‍ തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് മുഗാബെയെ വീട്ടുതടങ്കലിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് സൈന്യത്തിന്റെ വാദം. മുഗാബെക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും അദ്ദേഹവുമായി സംസാരിച്ചുവരികയാണെന്ന് സൈന്യം വെളിപ്പെടുത്തി.
വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും സൈനിക വക്താവ് അറിയിച്ചു. രാജ്യത്ത് മുഗാബെയുടെ സ്വാധീനം കുറഞ്ഞെന്നും അദ്ദേഹം രാജിവയ്ക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതുമെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം സിംബാബ്‌വെ ഹെറാള്‍ഡ് ദിനപത്രത്തില്‍ മുഗാബെ സൈനിക ചീഫ് ജനറല്‍ കോണ്‍സ്റ്റാന്റിനോ ചിവെങ്കയുമായി ചര്‍ച്ച നടത്തുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്യൂണിറ്റിയുടെ രണ്ട് നയതന്ത്രപ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
റോമന്‍ കാത്തോലിക്ക് പുരോഹിതനായ ഫിഡെലിസ് മുകോനോരിയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത്. ഈ ചര്‍ച്ചയില്‍ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുന്‍പ് രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഗാബെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ സാനു പി.എഫ് പാര്‍ട്ടിയില്‍ മുഗാബെയുടെ സ്വാധീനം ഇല്ലാതാക്കുമെന്നും അഭ്യൂഹമുണ്ട്.
അതിനിടെ മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെ നമീബിയയിലേക്ക് കടന്നതായും അഭ്യൂഹമുണ്ട്. എന്നാല്‍ അവര്‍ മുഗാബെയുടെ ഔദ്യോഗിക വസതിയില്‍ തന്നെയാണെന്നാണ് സ്ഥിരീകരണം.വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ നംഗാവയ്ക്ക് മുഗാബെ അധികാരം കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
സൈന്യത്തിന്റേത് രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന നടപടിയാണെന്നും ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങേണ്ടില്ലെന്നുമാണ് സാനു പി.എഫ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യം ചിവെങ്കയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."