ഹിന്ദു മഹാസഭ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനതയെ
വിശ്വാസികളുടെ ആത്മീയമോക്ഷപ്രാപ്തിക്കും മനഃശാന്തിക്കും വേണ്ടിയുള്ളതാണു ഭക്തിയും ആരാധനാലയങ്ങളും. ദര്‍ശനവൈവിധ്യങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ രീതികളില്‍ വ്യത്യാസമുണ്ടാവാമെങ്കിലും അന്തിമലക്ഷ്യം ഒന്നുതന്നെയാണെന്ന് ഏതുതരം വിശ്വാസിയും സമ്മതിക്കുന്ന കാര്യമാണ്. അത്തരം വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തിനു നല്‍കുന്നത്, നല്‍കേണ്ടത് നന്മയും ശാന്തിയുമാണ്. എന്നാല്‍, നമ്മുടെ രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് ആത്മീയതയും ഭക്തിയും മനുഷ്യനന്മയ്ക്കുള്ളതല്ല മറിച്ച്, പ്രകോപനങ്ങള്‍ക്കും കലാപത്തിനും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.
ഏതു തരത്തിലുള്ള വിശ്വാസങ്ങള്‍ക്കും ആരാധനാക്രമങ്ങള്‍ക്കും ഇടമുള്ള രാജ്യമാണു നമ്മുടേത്. ഇവിടെ ആര്‍ക്കും ഏതു ദേവനെയും ദേവിയെയും അരൂപിയായി കണക്കാക്കിയോ വിഗ്രഹരൂപത്തിലോ ആരാധിക്കാം. ജീവിച്ചിരിക്കുന്ന വ്യക്തികളെപ്പോലും ദൈവങ്ങളായി സങ്കല്‍പിച്ച് ആരാധിക്കുന്നതിന് ഇവിടെ നിയമതടസമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചിരിക്കെ പല സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ആരാധനാമൂര്‍ത്തികളായി മാറിയിട്ടുണ്ട്. അവര്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്തവരായതുകൊണ്ട് ആ ആരാധനയില്‍ വിശ്വാസമില്ലാത്തവരും അതിനെ എതിര്‍ക്കാറില്ല.
എന്നാല്‍, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭ സ്ഥാപിക്കാനൊരുങ്ങുന്നത് ഏതെങ്കിലും ദൈവത്തിന്റെയോ സമൂഹത്തിനു നന്മ ചെയ്ത ഏതെങ്കിലും വ്യക്തിയുടെയോ പേരിലുള്ള വിഗ്രഹമോ ക്ഷേത്രമോ അല്ല. നമ്മുടെ രാഷ്ട്രപിതാവിന്റെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദൈവമായി കുടിയിരുത്തിക്കൊണ്ടുള്ള ക്ഷേത്രമാണ് അവര്‍ പണിയുന്നത്. ക്ഷേത്രം നിര്‍മിക്കാന്‍ അനുമതിക്കായുള്ള അപേക്ഷ ജില്ലാ ഭരണകൂടം തള്ളിയതിനെ തുടര്‍ന്ന് അവിടെ സ്വന്തം സംഘടനാ ഓഫിസില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് അതു ക്ഷേത്രമാക്കി മാറ്റാനുള്ള നീക്കത്തിലാണു ഹിന്ദു മഹാസഭ.
ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകനെയോ നാടു ഭരിച്ച ഏതെങ്കിലും നേതാവിനെ കൊന്നയാളെത്തന്നെയോ ദൈവമാക്കുന്നതുപോലെ അല്ല ഈ നീക്കം. സാധാരണ നേതാവോ ഭരണാധികാരിയോ അല്ല രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. ഇന്ത്യന്‍ ദേശീയതയുടെയും നമ്മുടെ ദേശാഭിമാനത്തിന്റെയും പ്രതീകമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടോ ചെയ്തികളോടോ വേണമെങ്കില്‍ നമുക്കു വിയോജിക്കാം. സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, പെരിയോര്‍ ഇ.വി രാമസ്വമി നായ്ക്കര്‍ തുടങ്ങി ഗാന്ധിജിയോടു ശക്തമായി വിയോജിച്ച നേതാക്കളും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നിരവധിയുണ്ടായിരുന്നു ഭാരതത്തില്‍.
എന്നാല്‍, അവര്‍ പോലും വലിയ ആദരവാണു ഗാന്ധിജിക്കു നല്‍കിയത്. അതു വ്യക്തിയോടുള്ള കേവല ആദരവോ ആരാധനയോ ആയിരുന്നില്ല. പലതരം കാഴ്ചപ്പാടുകളുള്ളവര്‍ പങ്കെടുത്ത സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ അമരക്കാരനായി നിന്നു ഗാന്ധിജി നടത്തിയ തുല്യതയില്ലാത്ത ത്യാഗപൂര്‍ണമായ പോരാട്ടവും ഋഷിതുല്യമായ പൊതുജീവിതവുമൊക്കെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ രാഷ്ട്രപിതാവിന്റെ സ്ഥാനം നേടിക്കൊടുത്തത്. ലോക സമൂഹത്തിന്റെ കണ്ണില്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം കൂടിയാണു ഗാന്ധിജി.
അതുകൊണ്ടുതന്നെ രാഷ്ട്രപിതാവിനെ ജനമധ്യത്തില്‍ വച്ച് അതിക്രൂരമായി വധിച്ച കുറ്റവാളിയെ നമ്മുടെ രാജ്യത്തുതന്നെ ദൈവമായി വാഴിക്കുന്നത് ഇന്ത്യന്‍ ജനതയുടെ ദേശാഭിമാനത്തോടുള്ള വെല്ലുവിളിയും തികഞ്ഞ രാജ്യദ്രോഹവുമാണ്. ദേശീയസ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാതെ അതിനെ ഒറ്റിക്കൊടുത്ത സംഘ്പരിവാര്‍ ശക്തികളുടെ കണ്ണിലെ കരടാണു ഗാന്ധിജി.
മതേതരത്വത്തില്‍ അധിഷ്ഠിതമായതും വിവിധ മത, ജാതി സമൂഹങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം നിലനില്‍ക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കാണ് ആ വൈരാഗ്യത്തിനു കാരണം. അര്‍ധനഗ്നനായ ആ ഫക്കീറിനെ കൊന്നൊടുക്കി ഏറെ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സംഘി മനസ്സുകളില്‍ പക ജ്വലിച്ചു നില്‍ക്കുന്നുവെന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം പണിയാനുള്ള നീക്കം.
ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികാട്ടിയായി രാജ്യത്തെ മതേതര സമൂഹം ആദരവോടെ കാണുന്ന ഗാന്ധിജിയുടെ ഘാതകനെ മഹത്വവല്‍കരിക്കാനുള്ള നീക്കം സമൂഹത്തില്‍ പ്രതിഷേധം സൃഷ്ടിക്കുന്നതു സ്വാഭാവികമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഈ പ്രകോപനം തുടര്‍ന്നാല്‍ ആ പ്രതിഷേധം വാക്കുകള്‍ക്കും മുദ്രാവാക്യങ്ങളിലേക്കും അപ്പുറം വളര്‍ന്നേയ്ക്കാം. അതു നമ്മുടെ സാമൂഹ്യജീവിതത്തിന് ഏല്‍പിച്ചേക്കാവുന്ന പരുക്കു വലുതായിരിക്കും. ആ ദുരന്തമൊഴിവാക്കാന്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രയോഗിച്ച് ഹിന്ദു മാഹസഭയുടെ നീക്കത്തെ തടയാന്‍ ഭരണകൂടം ഒട്ടും വൈകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."