മറഞ്ഞുപോയ പെണ്‍കുഞ്ഞുങ്ങള്‍
രണ്ടാം വര്‍ഷമായിരുന്നു ക്ലിനിക്കല്‍ പോസ്റ്റിങ്ങുകള്‍ ആരംഭിച്ചത്. മനുഷ്യശരീരത്തിലെ അത്ഭുതങ്ങള്‍ അടുത്തു കണ്ടുതുടങ്ങിയതും ആ വര്‍ഷം തന്നെ. മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനെക്കോളജി എന്നിവയാണ് രണ്ടാം വര്‍ഷത്തിലെ നാലു പ്രധാന പോസ്റ്റിങ്ങുകള്‍. രാവിലത്തെ രണ്ടുമണിക്കൂര്‍ തിയറി ക്ലാസിലിരിപ്പിനു ശേഷം 10.30ഓടെയാണ് പോസ്റ്റിങ്ങുകള്‍ ആരംഭിക്കുക. പോണ്ടിച്ചേരിയിലെ തിളയ്ക്കുന്ന പ്രഭാതവെയിലില്‍ കോളജ് കെട്ടിടത്തില്‍നിന്ന് ആശുപത്രി കെട്ടിടത്തിലേക്കു ഞങ്ങള്‍ ആഞ്ഞുനടക്കും. വിയര്‍പ്പാറ്റി, ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്ന് തണുത്ത നാരങ്ങാവെള്ളം കുടിച്ച്, ഇടനാഴികളിലേക്കും ഏണിപ്പടികളിലേക്കുമായി പിരിയും.
വെളുത്ത ഓവര്‍കോട്ട് ധരിച്ച്, കൈയില്‍ ശ്രദ്ധയോടെ മുറുക്കിപ്പിടിച്ച സ്റ്റെതസ്‌കോപ്പുമായി 'ഡോക്ടര്‍കൊളന്ത'കള്‍ വാര്‍ഡില്‍ നിറയും. ഡെറ്റോളിന്റെയും സാമ്പാറിന്റെയും കൂടിക്കലര്‍ന്ന ഗന്ധമാണ് വാര്‍ഡുകള്‍ക്കെന്ന് ഉച്ചനേരങ്ങളിലെ പോസ്റ്റിങ്ങുകളില്‍ തോന്നിയിട്ടുണ്ട്. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി പോസ്റ്റിങ് സമയത്ത്, ഒ.പി വാര്‍ഡ് തിയറ്റര്‍ പോസ്റ്റിങ്ങുകള്‍ക്കൊപ്പം ലേബര്‍ റൂം പോസ്റ്റിങ്ങുകളും പതിവാണ്.
ആദ്യമായി ഒരു പ്രസവത്തിനു സാക്ഷ്യംവഹിച്ച ദിവസം, ഓടിച്ചെന്നു ഉമ്മയെ കെട്ടിപ്പിടിക്കാന്‍ തോന്നി. ചോരയും വിയര്‍പ്പും മണക്കുന്ന, ചുട്ടുപൊള്ളുന്ന പ്രസവമുറി വിട്ടിറങ്ങിയ ആ ദിവസം, ഞങ്ങളെല്ലാം ഓര്‍ത്തത് അമ്മമാരെക്കുറിച്ചായിരുന്നു. സഹനങ്ങളും വേദനകളും കൊണ്ട് ലോകങ്ങള്‍ കീഴടക്കിയ അമ്മമാര്‍.
ചില ദിവസങ്ങളില്‍ രാത്രി പോസ്റ്റിങ്ങുകളും ഉണ്ടാകും. രാത്രിഡ്യൂട്ടിക്കാര്‍ക്കുള്ള വിശ്രമമുറി 'പോസ്റ്റ്‌നാറ്റല്‍' വാര്‍ഡിനോടു ചേര്‍ന്നിട്ടാണ്. പ്രസവത്തിനു ശേഷം അമ്മയെയും കുഞ്ഞിനെയും കിടത്തുന്ന വാര്‍ഡാണ് പോസ്റ്റ്‌നാറ്റല്‍ വാര്‍ഡ്. രാത്രിഡ്യൂട്ടി കഴിഞ്ഞൊരു ദിവസം, ഉറക്കച്ചടവോടെ ഹോസ്റ്റലിലേക്കിറങ്ങാന്‍ നേരത്താണ്, വാര്‍ഡില്‍നിന്നു ബഹളം കേട്ടത്. സിസ്റ്റര്‍മാരും വാര്‍ഡ് വൃത്തിയാക്കാന്‍ വരുന്ന ചേച്ചിമാരും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം ഒരു കട്ടിലിനു ചുറ്റും കൂടിനില്‍ക്കുന്നു. നഴ്‌സിങ് സ്റ്റേഷനിലെ കസേരയില്‍ ബാഗ് വച്ച് ഞാന്‍ കട്ടിലിനു നേരെ നടന്നു. ദയനീയമായ നേര്‍െത്താരു കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി കട്ടിലിലേക്ക് എത്തിനോക്കി. രണ്ടുദിവസം പ്രായമുള്ളൊരു ചോരക്കുഞ്ഞ്. കരഞ്ഞുകരഞ്ഞ് ക്ഷീണിച്ച് കുഞ്ഞിന്റെ ശബ്ദം നേര്‍ത്തതായിരിക്കുന്നു. കുഞ്ഞല്ലാതെ കട്ടിലില്‍ മറ്റാരുമില്ല.
'അമ്മാ എങ്കെ?'
പലരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ഞാനും ആവര്‍ത്തിച്ചു. സിസ്റ്റര്‍മാര്‍ നനച്ച പരുത്തിക്കഷണം കൊണ്ട് വരണ്ടചുണ്ടിന്റെ വശങ്ങള്‍ തുടച്ചുകൊടുക്കുന്നുണ്ട്. അവരെന്നെയൊന്നു നോക്കി. ഹെഡ്‌നഴ്‌സ് അരികിലേക്കു വന്ന് മുറിഞ്ഞ തമിഴിലും ഇംഗ്ലീഷിലുമായി പറഞ്ഞു. മൂന്നാമത്തേതും പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞ് വീട്ടുകാര്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണത്രെ. രാത്രിയിലെപ്പോഴോ അമ്മയെയും കൂട്ടി അച്ഛനും ബന്ധുക്കളും സ്ഥലംവിട്ടിരിക്കുന്നു!.
'നേത്ത് ഡെലിവറി മുടിച്ചു വന്തതിലെന്നു, അന്ത പെണ്ണുടെ പുരുഷന്‍ തൊന്തരവ് പണ്ണിയിട്ടു താന്‍ ഇരുന്തേ. പാവം, തൂങ്ങുമ്പോത് കൂടെ അത് അഴുതിട്ടിരുന്തേ., ആനാ, ഇപ്പടി പണ്ണുവേന്ന് നെക്കെല'.
ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോയതാവാം അവരെ. അല്ലാതെ, ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുവാന്‍ പറ്റുമോ? ഹൃദയം മുറിച്ചെടുക്കുന്ന വേദനയോടെ ആയിരിക്കില്ലേ ആ അമ്മയെ കൊണ്ടുപോയിരിക്കുക. സ്വന്തം ഇഷ്ടങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ വിശപ്പിനോ അവകാശങ്ങള്‍ക്കോ വേണ്ടി ഒന്നു ശബ്ദിക്കാന്‍ പോലുമാകാത്ത, കീഴടക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട അനേകം തമിഴ് നാടോടിസ്ത്രീകളുടെ കൂട്ടത്തിലെ ഒരുവള്‍ മാത്രമായിരിക്കാം ആ സ്ത്രീയും. നാടോടികളായതുകൊണ്ട് കൃത്യമായൊരു മേല്‍വിലാസമില്ല. ആശുപത്രി രേഖകളിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. പ്രതിമകളുണ്ടാക്കിക്കൊണ്ടോ കത്തി മൂര്‍ച്ചകൂട്ടിക്കൊണ്ടോ അവരിപ്പോള്‍ പല നാടുകളിലേക്കുള്ള യാത്ര തുടങ്ങിയിട്ടുണ്ടാകും. വാര്‍ത്തെടുക്കുന്ന പ്രതിമകളിലൊക്കെയും ആ സ്ത്രീ കാണുന്നത് ഒരു കുഞ്ഞുമുഖം മാത്രമായിരിക്കും. മൂര്‍ച്ചയേറിയ കത്തികള്‍ നിസഹായതയുടെ കൂറ്റന്‍ ഭിത്തികളില്‍ തറച്ച് മുനയൊടിഞ്ഞു വീഴുന്നുണ്ടാകും.
വിശന്നു ക്ഷീണിച്ച കുഞ്ഞിനെ കുട്ടികളുടെ ഐ.സി.യുവിലേക്കു മാറ്റി. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഗ്ലൂക്കോസ് ദ്രാവകം സൂചിവഴി രക്തക്കുഴലുകളിലൂടെ നല്‍കിത്തുടങ്ങി. മാതാപിതാക്കള്‍ വന്നെത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശിശുക്ഷേമ സമിതിയെയും സന്നദ്ധ സംഘടനകളെയും വിവരമറിയിച്ചു. അവര്‍ വന്നു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടുപോയി.
രാത്രി ഉറങ്ങാന്‍ കിടക്കുന്ന നേരത്താണു തമിഴ്‌നാട്ടുകാരിയായ കൂട്ടുകാരി ആ കാര്യം പറഞ്ഞത്.
'എങ്ക ഊരിലെ ഗ്രാമത്തിലെല്ലാം, ഇപ്പൊ കൂടെ പൊമ്പിളെ പുള്ളൈങ്ക പുറന്താല്‍, വായില്‍ നെല്ല് പോട്ട് കൊലപണ്ണിടുവേന്‍... പൊമ്പിളൈ പുള്ളൈങ്ക പുറക്കരത് യാര്‍ക്കുമേ പുടിക്കാത്...'
നെന്മണി വായിലിട്ട് കൊലചെയ്യപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍... അവള്‍ പറഞ്ഞുനിര്‍ത്തിയപ്പോഴേക്ക്, വല്ലാത്തോരു മരവിപ്പാണ് തോന്നിയത്. ഭൂമിയിലേക്ക്, വെളിച്ചത്തിലേക്ക് തുറന്ന കുഞ്ഞുകണ്ണുകളെ, പുതിയ ലോകത്തെ തൊട്ട കുഞ്ഞുകൈകളെ, പെണ്ണാണെന്ന കാരണം കൊണ്ട് എങ്ങനെ ഇത്ര ക്രൂരമായി നിശ്ചലമാക്കാന്‍ സാധിക്കുന്നു? ശ്വാസംകിട്ടാതെ പിടയുന്ന കുഞ്ഞുങ്ങളെ സ്വപ്നം കണ്ട്, ഉറക്കില്‍ പലവട്ടം ഞാന്‍ ഞെട്ടിയുണര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."