കോഴിക്കോട്ടെ കാണാക്കാഴ്ചകള്‍
1498ല്‍ വാസ്‌കോഡ ഗാമ കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയത് ഒരു ചരിത്രത്തിലേക്കായിരുന്നു. പടിഞ്ഞാറന്‍ കോളനിവല്‍ക്കരണത്തിന്റെ സംഭവബഹുലമായ ചരിത്രസന്ധിയിലേക്കു വാതില്‍ തുറക്കപ്പെടുകയായിരുന്നു അന്ന് കോഴിക്കോട് വഴി. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് അറബ് കച്ചവടസംഘങ്ങള്‍ക്കും ആതിഥ്യമരുളി. പോര്‍ളാതിരി രാജാക്കന്മാരും സാമൂതിരിമാരും സാമൂതിരിമാര്‍ക്കൊപ്പം കുഞ്ഞാലി മരക്കാര്‍മാരും നാടിന്റെ ചരിത്രത്തിന്റെ ഭാഗമായി.
എന്നാല്‍, കോഴിക്കോടിന്റെ ചരിത്രശേഷിപ്പുകളെ കുറിച്ച് ഗൗരവപ്പെട്ട വിചാരപ്പെടലുകള്‍ ഇപ്പോള്‍ ചരിത്രപണ്ഡിതന്മാര്‍ ആരംഭിച്ചിരിക്കുകയാണ്. കോഴിക്കോടിന്റെ രേഖപ്പെടുത്തപ്പെടാത്തതും മറവിയിലാണ്ടതുമായ ചരിത്രസത്യങ്ങളെ കുറിച്ചുള്ള ഒരു അന്വേഷണമാണ് ഇവിടെ. ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിട്ട. റീജ്യനല്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ്, ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ കണ്‍വീനറും സംസ്ഥാന സര്‍ക്കാരിന്റെ ടൂര്‍ ഗൈഡുമായി കെ. മോഹന്‍ എന്നിവര്‍ കോഴിക്കോടിന്റെ ചരിത്രത്തെ കുറിച്ച് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.
വിദേശികള്‍ കോഴിക്കോട്ടെത്തിയാല്‍ എന്തു ചരിത്ര അടയാളമാണ് നമുക്കു കാണിച്ചുകൊടുക്കാനുള്ളതെന്ന മൗലികമായ ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഇനിയും ഉല്‍ഖനനം ചെയ്യപ്പെടേണ്ടതായ ചില ചരിത്രരേഖകളെ കുറിച്ചും അവര്‍ പറയുന്നു.
ചരിത്രത്തിലെ കോഴിക്കോട്
നൂറ്റാണ്ടുകളുടെ വ്യാപാരബന്ധത്തിന്റെയും അധിനിവേശങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടത്തിന്റെയും നീണ്ട ചരിത്രം പറയാനുണ്ട് കോഴിക്കോടിന്. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും പഴയ മലബാര്‍ ജില്ലയുടെ തലസ്ഥാനവുമായിരുന്ന കോഴിക്കോട് മധ്യകാലഘട്ടങ്ങളില്‍ സുഗന്ധദ്രവ്യങ്ങളുടെ നഗരം എന്ന പേരിലും അറിയപ്പെട്ടു.
പ്രധാന കച്ചവടകേന്ദ്രവും തുറമുഖനഗരവുമായ ഇവിടുത്തെ മുഖ്യഭരണാധികാരിയായിരുന്നു സാമൂതിരി. അറബ് വംശജനായ ഇബ്‌നു ബത്തൂത്തയും ചൈനീസ് സഞ്ചാരികളും സാമൂതിരിയെ കുറിച്ച് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. വാസ്‌ഗോഡ ഗാമ എത്തുന്നതിനു മുന്‍പുതന്നെ അറബികളും തുര്‍ക്കികളും ഈജിപ്തുകാരും ചൈനക്കാരും അടങ്ങുന്ന വിദേശികള്‍ ഇവിടെ വന്നു വ്യാപാരം നടത്തി. മൂര്‍ എന്ന പേരില്‍കൂടി അറിയപ്പെട്ട അറബികളും ചൈനക്കാരും നഗരത്തിന്റെ വ്യാപാരതന്ത്രങ്ങളെ നിയന്ത്രിച്ചു. എന്നാല്‍ ഇവയെല്ലാം ചരിത്രരേഖകളില്‍ മാത്രം കാണാവുന്ന ചില ഏടുകളാണ്. മേല്‍ചരിത്രങ്ങളെ സ്ഥിരീകരിക്കാവുന്ന ശേഷിപ്പുകള്‍ കണ്ടെടുക്കുക പ്രയാസം തന്നെയാണ്. കോഴിക്കോട്ട് ഇന്നുള്ള പട്ടുതെരുവ്, മിശ്കാല്‍ പള്ളി തുടങ്ങിയ ചില പില്‍ക്കാല ചരിത്രസ്മാരകങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
കോഴിക്കോടിനെ സത്യത്തിന്റെ നഗരമാക്കിയതില്‍ സാമൂതിരിക്കു തന്നെയാണ് ഏറിയ പങ്കും. അതിനുപിന്നില്‍ ഒരു കഥയുണ്ട്. മസ്‌കത്തില്‍നിന്നു കച്ചവടാവശ്യാര്‍ഥം കേരളത്തിലെത്തിയവര്‍ ഇവിടെ അന്നുണ്ടായിരുന്ന എല്ലാ നാട്ടുരാജാക്കന്മാര്‍ക്കും ഓരോ അച്ചാര്‍ ഭരണി വീതം നല്‍കി. സത്യത്തില്‍ സ്വര്‍ണഭരണികളായിരുന്നു അവ. എല്ലാ രാജാക്കന്മാരും ഇതു തുറന്നുനോക്കിയെങ്കിലും അച്ചാര്‍ ഭരണി തന്നെയെന്ന തരത്തില്‍ മിണ്ടാതെയിരുന്നു. പക്ഷേ സാമൂതിരി തന്റെ അനുയായികളെ വിട്ട് മസ്‌കത്തിലെ കച്ചവടസംഘത്തെ വിളിച്ചുവരുത്തി ഭരണി തിരിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു.
'നിങ്ങള്‍ എനിക്ക് അച്ചാര്‍ ഭരണി എന്നു പറഞ്ഞ് തന്നത് സ്വര്‍ണം നിറച്ച ഭരണിയാണ്. ഇതു നിങ്ങള്‍ തന്നെ തിരിച്ചെടുക്കണം'. ഈ അച്ചാര്‍ ഭരണിയുടെ കഥ അറബ് ലോകത്തു പ്രചരിച്ചു. അങ്ങനെ അറബികള്‍വഴി സാമൂതിരിക്കു വിശ്വസ്ത ഭരണാധികാരിയുടെ പരിവേഷവും കോഴിക്കോടിന് സത്യത്തിന്റെ നഗരമെന്ന വിശേഷണവും കൈവന്നു. അറബികള്‍ സാമൂതിരിയുടെ നാടിനെ 'അല്‍ബലദുല്‍ അമീന്‍'(വിശ്വസ്തദേശം) എന്നു വിശേഷിപ്പിച്ചു. എന്നാല്‍ പാഠപുസ്തകങ്ങളിലെ പുരാവൃത്തങ്ങള്‍ക്കപ്പുറം സാമൂതിരിമാരുടെ ചരിത്രശേഷിപ്പുകളും അധികം കാണാനാകില്ല എന്നതാണു സത്യം.
പോര്‍ളാതിരി നഗരം മുതല്‍ തിവിക്രമപുരം വരെ
സാമൂതിരിക്കു മുന്‍പ് കോഴിക്കോട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന പോര്‍ളാതിരി രാജാക്കന്‍മാരുടെ നഗരം എവിടെയായിരുന്നു എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ഫറോക്കിനും രാമനാട്ടുകരയ്ക്കും ഇടയിലുള്ള സ്ഥലമാണെന്നാണ് എം.ജി.എസ് പറയുന്നത്. എം.എന്‍ നമ്പൂതിരി തന്റെ പുസ്തകത്തില്‍ മേലൂര്‍കുന്നാണെന്നു പ്രതിപാദിക്കുന്നുണ്ട്.
പക്ഷേ, ഈ പ്രദേശം ഇന്നും ചരിത്രവിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍ അജ്ഞാതമായിക്കിടക്കുന്നു. സാമൂതിരി പോര്‍ളാതിരിയില്‍നിന്നു പിടിച്ചെടുത്ത കോവിലകത്തെ കുറിച്ചും പഠനങ്ങള്‍ ആവശ്യമായി വരുന്നു. നിലവില്‍ മാനാഞ്ചിറ എല്‍.ഐ.സി ബില്‍ഡിങ്ങിനു സമീപത്തോ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിക്കു സമീപത്തോ ആകാനാണു സാധ്യതയെന്നാണ് കണക്കുകൂട്ടലുകള്‍.
കൂടാതെ സാമൂതിരിയുടെ കോവിലകത്തോടു ചേര്‍ന്ന് ശിവക്ഷേത്രമുണ്ടെന്നും കരുതപ്പെടുന്നു. ഇവയ്ക്കു പുറമെ സാമൂതിരിക്കായി ആദ്യമായി കോട്ടകെട്ടിയ സ്ഥലത്തെ വേളാപുരം എന്നാണു പറയുന്നത്. എവിടെയാണ് വേളാപുരമെന്നതും ചരിത്രപണ്ഡിതര്‍ക്ക് അജ്ഞാതമാണ്. വെള്ളയില്‍, വളപ്പില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നാകുമെന്ന തരത്തില്‍ ചില നിരീക്ഷണങ്ങളുണ്ട്. വേളാപുരത്തിനു ശേഷം വികസിച്ച തിവിക്രമപുരം നഗരം എവിടെയായിരുന്നുവെന്നതാണ് മറ്റൊരു ചോദ്യം.
ഇന്നത്തെ കുറ്റിച്ചിറ ഭാഗത്തായിരുന്നു ആദ്യകാല വ്യാപാരികളുടെ കേന്ദ്രം. പോര്‍ച്ചുഗീസുകാരുടെ സ്ഥലമൊഴികെ ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും താവളം നഗരത്തില്‍ എവിടെയായിരുന്നുവെന്നതും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.
ചൈനീസ് കോട്ടയും ലിഖിതവും
പതിനാലാം നൂറ്റാണ്ടോടു കൂടിയാണ് ചൈനീസ് സഞ്ചാരികള്‍ കോഴിക്കോട്ടെത്തിയത്. കോഴിക്കോടും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം പേരുകേട്ടതാണ്. പന്തലായനി കൊല്ലത്ത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചൈനക്കാരെത്തിയതും ചീനവലയും ചീനച്ചട്ടിയും ചീനപ്പള്ളിയുമെല്ലാം കോഴിക്കോട്ട് എത്തിയതിന്റെ തെളിവുകള്‍ ചരിത്രരേഖകളില്‍ കാണാം. എന്നാല്‍ ചൈനക്കാര്‍ കോഴിക്കോട്ടെത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്നു ലഭ്യമല്ല. വ്യാപാരസാമ്രാജ്യം കെട്ടിപ്പടുത്തപ്പോള്‍ ഇവിടെ ഒരു കോട്ട പണിതതായി പല സഞ്ചാരികളും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ വ്യാപാരി സമൂഹത്തിന് ഒരു നാട്ടുതലവനുണ്ടായതായും കാണാം. ചൈനക്കാര്‍ താമസിച്ചത് പട്ടുതെരുവിലാണെന്നും അറിയാം. പക്ഷേ ചൈനീസ് കോട്ട എവിടെയാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
മലയാളം, അറബി, ചൈനീസ് എന്നീ മൂന്നു ഭാഷകളിലായി രേഖപ്പെടുത്തപ്പെട്ട ഒരു ലിഖിതം ചൈനക്കാര്‍ ശ്രീലങ്കയിലും കോഴിക്കോട്ടും മലേഷ്യയിലും കുഴിച്ചിട്ടതായി പറയപ്പെടുന്നുണ്ട്. പട്ടുതെരുവു ഭാഗത്ത് ചൈനക്കാര്‍ കുഴിച്ചിട്ടതായി പറയപ്പെടുന്ന ഈ ലിഖിതം കണ്ടെത്തിയാല്‍ കോഴിക്കോടിന്റെ ചരിത്രഗതി മാറുമെന്നാണ് കെ. മോഹന്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ള ലിഖിതം കിട്ടിയതായി കെ.കെ മുഹമ്മദ് പറയുന്നു. ഈ ലിഖിതത്തെ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മാനവിക്രമന്‍ തെരുവ്, കലാവാണിഭത്തെരുവ്, ചെട്ടിത്തെരുവ്, കഞ്ചാവ് തെരുവ്, പൂവാണിഭത്തെരുവ്, തേങ്ങാതെരുവ്, പുകയില പണ്ടികശാലത്തെരുവ്, പട്ടുശാലത്തെരുവ് തുടങ്ങി ഇനിയും കണ്ടെത്തപ്പെടാത്ത നാട്ടുപുറങ്ങളുടെ പട്ടിക നീളുകയാണ്. എന്നാല്‍ ഈ തെരുവുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് എം.ജി.എസും കെ.കെ മുഹമ്മദും പറയുന്നത്. കോഴിക്കോട്ടെ പഴയകാല തെരുവുകള്‍ ഓലമേഞ്ഞ നാലു കാലുകളാല്‍ നിര്‍മിതമായതിനാല്‍ ഇവ എളുപ്പത്തില്‍ ഉല്‍ഖനനം ചെയ്‌തെടുക്കാന്‍ സാധ്യമല്ല. കൂടാതെ ഉപ്പിന്റെ അംശം കൂടുതലുള്ളതിനാലും കാലവര്‍ഷമുള്ളതിനാലും ഇത്തരം തെരുവുകള്‍ കണ്ടെത്തല്‍ ശ്രമകരമായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
കോഴിക്കോട് ജില്ലാ കോടതിക്കടുത്ത് കോണ്‍വെന്റ് റോഡില്‍ കിസാന്‍ എക്‌സല്‍ ട്രെഡേഴ്‌സിനു സമീപം 2017 ജൂലൈ ഏഴിനു കരിങ്കല്ലിലുള്ള മേല്‍വാതില്‍പ്പടി കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ ചരിത്രകാരന്‍മാരുടെ അനുമാനത്തില്‍ മധ്യകാല കോഴിക്കോടിലെ സാമൂതിരിക്കോട്ടയായ തിവിക്രമപുരത്തിന്റെ പടിഞ്ഞാറെ വാതിലായിരിക്കാം അതെന്നാണ് കരുതപ്പെടുന്നത്. അലങ്കാരപ്പണികളോടുകൂടിയ ഈ വാതില്‍പടിക്കു മുകളില്‍ ഗണപതിയുടെ ബിംബം കൊത്തിവച്ചതായും കാണാം. നിലവില്‍ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിന്റെ മുറ്റത്തു കാഴ്ചക്കാര്‍ക്കായി ഇതു തുറന്നുവച്ചിരിക്കുകയാണ്. ഇതുപോലെ കിഴക്കും വടക്കും തെക്കുമായി ഓരോ വാതില്‍പടികള്‍ കൂടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. കോട്ടപ്പുറം ആശുപത്രിക്കു സമീപം കിഴക്കേ വാതില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ലഭിച്ചിരുന്നു. എന്നാല്‍ ഇന്നത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
ചരിത്രശേഷിപ്പുകള്‍ ഇങ്ങനെയും കണ്ടെത്താം
ഭൂമിക്കടിയിലെ രഹസ്യങ്ങള്‍ അറിയാനുള്ള വഴി അവിടങ്ങളില്‍ ഉല്‍ഖനനം ചെയ്‌തെടുക്കുക എന്നതാണ്. എന്നാല്‍, നിലവില്‍ അവിടങ്ങളിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുള്ളൊരു ഉല്‍ഖനനം ഏറെ ശ്രമകരമാകും. ഉല്‍ഖനനം ചെയ്യാതെ തന്നെ ഇവ കണ്ടെത്താമെന്നാണ് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞനും കോഴിക്കോട് സ്വദേശിയുമായ ഇ.കെ കുട്ടി പറയുന്നത്. ഇതിനായി 'നിയാസ്' എന്നപേരില്‍ ഒരു സംഘടന വരെ നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍), റിമോട്ട് സാറ്റലൈറ്റ് ഇമേജറിങ് എന്നിവയാണ് ഇതിനുള്ള പ്രധാന സംവിധാനങ്ങള്‍.
ഐ.എസ്.ആര്‍.ആര്‍.ഒയുടെയും സ്വകാര്യ ഏജന്‍സികളുടെയും സഹായത്തോടെ ഇതു കൂടുതല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാമെന്നാണ് ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ കണ്ടുപിടിക്കപ്പെട്ട സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെ ഉല്‍ഖനനം നടത്താമെന്നൊരു നിര്‍ദേശം ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്ക്കുന്നു. അണ്ടര്‍ വാട്ടര്‍ ആര്‍ക്കിയോളജിയുടെ സാധ്യത ഉപയോഗിച്ച് കോഴിക്കോട്ടെ കടലുമായി ബന്ധപ്പെട്ട വ്യാപാരസാധ്യതകളെ കുറിച്ചും കുഞ്ഞാലി മരക്കാര്‍മാര്‍ പങ്കെടുത്ത യുദ്ധത്തില്‍ തകര്‍ന്ന കപ്പലുകള്‍, കാറ്റിലും മറ്റും തകര്‍ന്ന ചൈനീസ് കപ്പലുകളായ ജങ്ക്, പോര്‍ച്ചുഗീസ് കപ്പലുകള്‍, അറബികളുടെ കപ്പലുകള്‍ എന്നിവയും കണ്ടെത്താമെന്ന് അവര്‍ കരുതുന്നു.
വര്‍ഷംതോറും കോഴിക്കോട്ട് നടന്നുവരാറുള്ള രേവതിപട്ടത്താനം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റാന്‍ ശ്രമം വേണമെന്നതാണു ചരിത്രഗവേഷക സംഘം മുന്നോട്ടുവച്ച മറ്റൊരു ആവശ്യം. പതിനാലാം നൂറ്റാണ്ടു മുതല്‍ സാമൂതിരി രാജാവിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ഒരു വിദ്വല്‍സദസാണ് രേവതിപട്ടത്താനം. തുലാമാസത്തിലെ രേവതിനാളിലാണ് പട്ടത്താനം നടക്കുന്നത്. തളിക്ഷേത്രത്തിലെ വാതില്‍ നാടത്തില്‍ സാമൂതിരി രാജാവ് നാണയമുള്‍പ്പെട്ട പണക്കിഴി സമ്മാനിക്കുന്നതോടെയാണ് രേവതിപട്ടത്താനത്തിനു തുടക്കമാവുക. ക്ഷേത്രത്തില്‍നിന്ന് ആനയുടെ അകമ്പടിയോടെ പ്രത്യേകം സജ്ജീകരിച്ച പട്ടത്താനംവേദിയിലേക്കു ഘോഷയാത്രയും ഇതിന്റെ ഭാഗമായുണ്ടാവും.
കോഴിക്കോടിന്റെ ചരിത്രരേഖകളും വസ്തുക്കളും കണ്ടെടുത്ത് സാമൂതിരിയുടെ പേരില്‍ പുരാവസ്തു സംരക്ഷണകേന്ദ്രം സ്ഥാപിക്കണമെന്നാണു സംഘം ഉന്നയിച്ച മറ്റൊരു ആവശ്യം. വരുംതലമുറയ്ക്കും ചരിത്രഗവേഷകര്‍ക്കും നാടിന്റെ ചരിത്രം കാണിച്ചുകൊടുക്കാന്‍ യോഗ്യമായ പുരാവസ്തുശേഖരം തന്നെ ഇതിന്റെ ഭാഗമായി ഉണ്ടാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."