ഭാഷയെ ഇതിഹാസമാക്കിയവള്‍
'ഹിന്ദി വെറുമൊരു സംസാര ഭാഷയല്ല. അതൊരു ഇതിഹാസ സമാനമായ ഭാഷയാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും ദുരന്തത്തിന്റെയും കഥകള്‍ പറയാനുള്ളതാണ് ഹിന്ദി'. രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം ഇത്തവണ ലഭിച്ച വിഖ്യാത ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിയുടേതാണ് ഈ വാക്കുകള്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭാഷയെ സ്‌നേഹിച്ചതിന് അവര്‍ക്കു ലഭിച്ച പുരസ്‌കാരമാണിത്. അതേസമയം ജീവിതത്തിന്റെ സായംസന്ധ്യയില്‍ നില്‍ക്കുമ്പോഴാണ് 92കാരിയായ കൃഷ്ണയെ തേടി ജ്ഞാനപീഠം എത്തുന്നത് എന്ന വസ്തുത അവരെ വായിച്ചിട്ടുള്ളവര്‍ക്ക് അമ്പരപ്പുണ്ടാക്കുന്നു.
കൃഷ്ണയുടെ ഏറ്റവും മികച്ച നോവലാണ് സിന്ദഗി നാമ. 1920കളിലെ ഗ്രാമീണ പഞ്ചാബിനെ കുറിച്ചാണ് ഈ കൃതി സംസാരിക്കുന്നത്. പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നോവലിന്റെ തുടക്കം വായനക്കാരെ ആകര്‍ഷിക്കാന്‍ പോന്നതല്ലെന്ന തോന്നലില്‍നിന്ന്് അവര്‍ അതു മാറ്റിയെഴുതി. ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും ലാളിത്യമുള്ള തുടക്കമായി സിന്ദഗി നാമ അതോടെ മാറുകയും ചെയ്തു.
ആ തുടക്കം ഇപ്രകാരമായിരുന്നു. 'പഞ്ചാബിലെ വിദൂര ഗ്രാമത്തില്‍ വാദെ ലാല എന്നൊരാളുണ്ടായിരുന്നു. അന്നു പതിവില്ലാത്ത തരത്തില്‍ അയാള്‍ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. കുറച്ചൊന്നു നോക്കിയപ്പോഴാണ് മനസിലായത്, അതെല്ലാം കുട്ടികളാണെന്ന്. മറ്റൊന്നുമല്ല കാര്യം, വാദെ ലാല അവര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനൊരുങ്ങുകയാണ്. ആകാംക്ഷയോടെ ഇരിക്കുന്ന കുട്ടികളെ നോക്കി അയാള്‍ കഥ പറഞ്ഞുതുടങ്ങി. ലോകത്തെല്ലായിടത്തുമുള്ള ആണ്‍കുട്ടികള്‍ അവരുടെ പിതാക്കളുടെ പുനര്‍ജന്മമാണ് '. ഈ വരികള്‍ മതി കൃഷ്ണയിലെ അതുല്യ പ്രതിഭയെ അടയാളപ്പെടുത്താന്‍.
ഇന്ത്യന്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ യാഥാസ്ഥികതയെ തകര്‍ത്തെറിയുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലുണ്ട്. ലക്ഷ്മി ബ്രാഹ്മണി എന്ന യുവതി മുസ്‌ലിം ബാലനുമായി പ്രണയത്തിലാവുന്നതും ഷാ സാഹിബ് എന്നു വിളിക്കുന്ന പലിശക്കാരന്‍ ഗ്രാമത്തിലെ സാമൂഹിക സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതും സാമുദായിക ഐക്യത്തിന്റെയും അതോടൊപ്പം സമത്വമില്ലായ്മയുടെയും പ്രതീകങ്ങളാണ്.
ഇന്ത്യാ വിഭജനത്തെ അടുത്തുനിന്ന് കണ്ട കൃഷ്ണ തന്റെ പുസ്തകങ്ങളിലൂടെയാണ് അതിന്റെ വേദന ലോകത്തെ അറിയിച്ചത്. ഹിന്ദി, പഞ്ചാബി, ഉര്‍ദു സംസ്‌കാരങ്ങളെ അതിമനോഹരമായി അവര്‍ തന്റെ സൃഷ്ടികളില്‍ ഇഴചേര്‍ത്തു. ഹിന്ദി സാഹിത്യത്തിനു പുറമെ ഭാഷയ്ക്കും വലിയ സംഭാവനകള്‍ നല്‍കി. സ്ത്രീ-പുരുഷ ബന്ധങ്ങള്‍, ചലനാത്മകമായ ഇന്ത്യന്‍ സമൂഹം, മാനുഷിക മൂല്യങ്ങള്‍ എന്നിവ കൃഷ്ണയുടെ നോവലുകളുടെ വിഷയമായി. സാമ്പ്രദായിക രീതികളോട് കലഹിച്ച അവര്‍ക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സിന്ദഗി നാമ എന്ന അതിസുന്ദരമായ കൃതിക്ക് തന്നെയായിരുന്നു പുരസ്‌കാരം.
1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും നല്‍കി. എന്നാല്‍ 2010ല്‍ പത്മഭൂഷണ്‍ നിരസിച്ചത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. ഇത്തരം സമ്പ്രദായങ്ങളോട് അകലം പാലിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് അവര്‍ കാരണമായി പറഞ്ഞത്. ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് 2015ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ഫെലോഷിപ്പും കേന്ദ്രസര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ചതും വായനക്കാരെ അമ്പരിപ്പിച്ചു. സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കിടുന്നുവെന്ന് മുഖംനോക്കാതെ അവര്‍ വിമര്‍ശിച്ചു.
പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റത്തിലാണ് കൃഷ്ണ ജനിച്ചത്. ഡല്‍ഹിയിലും ഷിംലയിലും ലാഹോറിലും വിദ്യാഭ്യാസം നേടി. ലാഹോറിലെ പഠനകാലത്തു വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കു കുടിയേറി. രാജ്യം വെട്ടിമുറിച്ചത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് അവര്‍ പറഞ്ഞു. പക്ഷേ, പുസ്തകങ്ങളിലൂടെ അവര്‍ ആ വേദന ജനങ്ങളെ അറിയിച്ചു. വിഭജനം ജനങ്ങളുടെ മനസില്‍ വിദ്വേഷം കുത്തിനിറച്ചുവെന്ന് അവര്‍ പരിഭവപ്പെട്ടു. പഞ്ചാബ് കൃഷ്ണയ്ക്ക് വെറുമൊരു ഗൃഹാതുരത്വമല്ല, സ്വന്തം വ്യക്തിത്വത്തിന്റെ വേരുകളാണ് അവര്‍ ഭൂതകാലത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ആ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മിത്രോ മര്‍ജാനി, സൂരജ് മുഖി അന്ധേരെ കെ, യാരോന്‍ കെ യാര്‍, ദര്‍ സെ ബിച്ചൂരി, ബാദ്‌ലോ കെ ഘേരെ, ഗുജ്രത്ത് പാകിസ്താന്‍ സെ ഗുജ്രത്ത് ഹിന്ദുസ്ഥാന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ്, റഷ്യന്‍, സ്വീഡിഷ് ഭാഷകളിലേക്കും അവരുടെ കൃതികള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
വിഖ്യാത സാഹിത്യകാരി അമൃത പ്രിതവുമായി നടത്തിയ നിയമയുദ്ധം ഒരു തമാശപോലെയാണു കൃഷ്ണ കണ്ടത്. 40 വര്‍ഷമാണ് ഈ പോരാട്ടം നീണ്ടത്. ഹര്‍ദത് കാ സിന്ദഗി നാമ എന്ന ആത്മകഥാംശപരമായ പുസ്തകം അമൃത പ്രിതം പുറത്തിറക്കിയത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും തന്റെ പുസ്തകമായ സിന്ദഗി നാമയില്‍നിന്ന് മോഷ്ടിച്ചതാണ് ഈ വാക്കെന്നും കൃഷ്ണ കോടതിയില്‍ പറഞ്ഞു. 2011ല്‍ പ്രിതം മരിച്ച് ആറു വര്‍ഷത്തിനു ശേഷമാണ് അവര്‍ക്കനുകൂലമായി വിധിയുണ്ടായത്.
വ്യക്തിജീവിത്തില്‍ സമൂഹത്തിന്റെ മുന്‍ധാരണകളെ മുഴുവന്‍ വെല്ലുവിളിക്കാന്‍ അവര്‍ക്കു സാധിച്ചു. 70-ാം വയസില്‍ ഇന്തോ-ആര്യന്‍ ഭാഷയായ ദോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥുമായി അവര്‍ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
അഴിമതി കേസുകള്‍ കണ്ടെത്തിയ ആവേശത്തോടെയാണ് സമൂഹം അവരുടെ വിവാഹത്തെ വിലയിരുത്തിയത്. ഇരുവരും എന്തോ ഗുരുതര കുറ്റം ചെയ്തുവെന്ന് സമൂഹം ആവര്‍ത്തിച്ചെങ്കിലും അതിനെയെല്ലാം അവര്‍ അവഗണിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവ്‌നാഥ് മരിച്ചു. ഇന്നവര്‍ ഏകയാണ്. പക്ഷേ പ്രായത്തിനു തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് കൃഷ്ണ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."