എല്ലാം ശരിയാക്കാന്‍ വന്നവര്‍ 'എല്ലാം ശരിയാക്കുന്നുണ്ട്'
'കോയാ ... ഒരു കിലോ നേന്ത്ര വായക്ക ഇങ്ങട്ട് എടുത്താ ...'
'അതിന് വാപ്പ ഇവിടെ ഇല്ലാ .ഞാന്‍ ഇപ്പോള്‍ തരാം'
പള്ളത്തു ഹൈദ്രസാജിയുടെ ചോദ്യത്തിന് കുനിഞ്ഞു നിന്ന് അങ്ങാടിയില്‍ നിന്നു കൊണ്ട് വന്ന സാധനങ്ങള്‍ അടുക്കുന്ന തിരക്കിനിടയില്‍ പെട്ടന്ന് നിവര്‍ന്ന് റിളവാനാണ് മറുപടി നല്‍കിയത് .
'ഫാസിസത്തിനും ജനദ്രോഹത്തിനുമെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പടയൊരുക്കം ജാഥാ ആരംഭിച്ചു ...''
കുറച്ച ഉച്ചത്തില്‍ പത്രം വായിക്കുന്ന ശീലക്കാരനാണ് അണ്ണന്‍ അഷ്‌റഫാക്ക .
'ഇനി ഓലെ ഒരു ജാഥന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ. വേണ്ടതിനും വേണ്ടാത്തീനും ഈ രാഷ്ട്രീയക്കാര്‍ എന്തിനാണ് ഇങ്ങനെ ഓരോ ഒലക്കമ്മലെ ജാഥന്റെയും പേര് പറഞ്ഞു ഒച്ചപ്പാടുണ്ടാക്കുന്നത്. ആര് നന്നാവാനാണ്. ആര്‍ക്ക് ബോധം വെപ്പിക്കാനാണ് ഓല് ഈ കാട്ടിക്കൂട്ടുന്നത്. ആദ്യം ഓലൊക്കെ പോയി ഒന്ന് കണ്ണാടിയില്‍ നോക്കട്ടെ'അല്പം അരിശത്തോടെയാണ് പള്ളത്തു ഹൈദ്രസാജി ആ വാര്‍ത്തയോട് പ്രതികരിച്ചത് .
'അപ്പൊ ഇങ്ങള് ഹാജിയാരേ കുമ്മനവും ടീമും കോടിയേരിയും ടീമും നടത്തിയ ജാഥയൊന്നും അറിഞ്ഞില്ലേ. ചെന്നിത്തല തുടങ്ങിയ ജാഥയെ മാത്രം കുറ്റം പറയാന്‍.'
ചോലമുഖത്തെ മൊയ്ദു ഹാജിയുടെ ഷൗക്കത്തിന് ചെന്നിത്തലയെ മാത്രം പറഞ്ഞത് തീരെ പിടിച്ചില്ല .കാരണം ഷൗക്കത്തിന്റെ ഉള്ളിലു മുഴുവന്‍ ലീഗാണ്. അപ്പൊ യുഡിഎഫിനെ കുറ്റപ്പെടുത്തി പറയണത് അങ്ങനെ പറ്റൂല്ലാ.
'അതിന് എല്ലാ ബലാലീങ്ങളുടെ ജാഥന്റെ ഹലാക് തന്നെയാണ് ഞാന്‍ പറഞ്ഞത് . ഒരു കൂട്ടര് നടത്തും, ഓല് മറ്റുള്ളവരെ നന്നായി കുറ്റം പറയും. ഇതിന് പകരമായി മറ്റു പാര്‍ട്ടിക്കാരും ഇതേ വഴിക്ക് തന്നെ. എല്ലാതും കേള്‍ക്കണത് ഒരേ ആള്‍ക്കാര്‍ തന്നെയല്ലേ. ആരും അത്ര മുന്തിയ ജാതിയൊന്നുമല്ലാ '
ഹൈഡ
ഹൈദ്രസാജി മറുപടിയും കൊടുത്തു .
'കോടിയേരി കയറിയ കാര്‍ ഏതോ കള്ളക്കടത്തു കേസിലെ പ്രതിയുടേതാണത്രേ. മാത്രവുമല്ല എന്നിട്ട് ടിവിക്കാര്‍ ചോദിച്ചപ്പോ മൂപ്പരുടെ മറുപടി കേള്‍ക്കണം. അതാ വല്യാ രസം. യുഡിഎഫിന്റെ ജാഥയില്‍ കേള്‍ക്കുന്നവരിലും കളങ്കിതരുണ്ടാവുന്നുണ്ടോ എന്ന നോക്കട്ടെ. എന്താ ഇതിനൊക്കെ പറയാ. ജാഥ നയിച്ചു വട്ടായെന്നോ'
ഷൌക്കത്ത് തീരെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു .
ഇതൊക്കെ കേട്ട് ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ ബസും കാത്തു നില്‍ക്കുന്ന കുട്ടികള്‍ എന്തോ ഒരത്ഭുതം പോലെ നോക്കി നിലക്കാണ് .
'ഈ കുട്ടികളൊക്കെ ഇതൊക്കെ കേട്ടും കണ്ടുമാണല്ലോ വളരുന്നത്. അവരൊക്കെ വലുതാവുമ്പോള്‍ രാഷ്ട്രീയ ധാര്‍മികത തന്നെ ഉണ്ടാവൂല്ലാ. ഇപ്പോള്‍ തന്നെ അതൊക്കെ കുറഞ്ഞ ആളുകളിലല്ലേ ഉള്ളൂ. ഒക്കെ ശരിയാക്കാന്‍ കയറിയവര്‍ ഒരു വഴിക്ക് എല്ലാം 'ശെരിയാക്കി 'കൊണ്ടിയിരിക്കുന്നു .കട്ടാലെന്താ കൊന്നാലെന്താ.ഇനിയിപ്പോ സര്‍ക്കാര്‍ ഭൂമിയും കായലും മണ്ണിട്ട് നികത്തിയാലെന്താ. ഒക്കെ ശരിയാക്കികൊടുക്കുകയല്ലേ. ആര് ചോദിക്കാനും പറയാനും. മൈക്ക് കിട്ടിയാല്‍ എത്ര ചങ്കുള്ളവര്‍ക്കും വലിയ ആദര്‍ശമാണ്. എന്നാല്‍ അനുഭവിക്കുന്നതോ. എല്ലാം നമ്മളെ പറഞ്ഞാല്‍ മതി.'
ഹൈദ്രസാജി ഇന്നത്തെ രാഷ്ട്രീയത്തെയും ഇടതുപക്ഷ ഭരണത്തിന്റെയും ആകെത്തുകയൊന്ന് വരച്ചു കാട്ടി .
ഇതെല്ലാം കേട്ടാണ് സിഎം കോയ ഹാജി അങ്ങട്ട് കയറി വരുന്നത്. മൂപ്പര്‍ക്കാണെങ്കില്‍ നല്ല രാഷ്ട്രീയ അവബോധമുള്ള മനുഷ്യനാണ്. അവിടെ നടന്ന കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോള്‍ മൂപ്പര്‍ക്കും സഹിച്ചില്ല .
'അതിനു ഹാജ്യാരേ ഇങ്ങള് പറഞ്ഞത് തന്നെയാണ് ശെരി. ഇവരൊക്കെ കയറുവോളം പറയുന്നത് കേള്‍ക്കാന്‍ നല്ല രസാണ്. കയറിക്കഴിഞ്ഞാല്‍ കോലമൊക്കെ ഇങ്ങട്ട് മാറും. ബാറുകള്‍ പൂട്ടിയ വിഷയം തന്നെ ഒന്ന് എടുത്തു നോക്കിം. തുറന്നു എന്ന് മാത്രമല്ല. ഇനി എല്ലാ ഹോട്ടലുകളിലും ബിയറും കൊടുക്കാമെന്നൊരു പുതിയ ഐഡിയയും . അതും കൂടി അങ്ങട്ട് നടപ്പാക്കിയാല്‍ എല്ലാം ശരിയാക്കി എന്നു തന്നെ പറയാം. പിന്നെ സരിതയെ ഒരു പുറത്തിറക്കലും. അതും വേങ്ങര കണ്ടിട്ട് മാത്രം. ഇപ്പൊ സരിതയുമില്ല. സരിതയുടെ പൊടിയുമില്ല .നല്ലവരെ താറടിച്ചു കാണിച്ചതിന്റെ ഭാഗമാണല്ലോ ആ ഉമ്മന്‍ ചാണ്ടിന്റെ പിന്നാലെ ഇവരൊക്കെ കൂടിയത്. സരിതയെപ്പോലുള്ളവരുടെ വാക്കും കേട്ടാണല്ലോ സര്‍ക്കാരും വിശ്വസിച്ചത്. ഇത്രയും കാലം ഈ നാടിനെ സേവിച്ച ഉമ്മന്‍ ചാണ്ടിയെ പോലുള്ളവരെ വിശ്വാസമില്ല, കേള്‍ക്കാന്‍ സമയവുമില്ല. ഇന്ന് ഇപ്പോള്‍ പള്‍സര്‍ സുനിക്കും സരിതക്കും ബിജു രാധാകൃഷ്ണനും റാം റഹീം ആചാര്യമ്മാര്‍ക്കൊക്കെയാണല്ലോ സ്ഥാനങ്ങള്‍. അവരുടെ വാക്കുകള്‍ക്കല്ലേ വലിയ വില . എന്നാണ് ഈ നാടൊക്കെ ഒന്ന് നന്നാവുക.'
കോയ ഹാജി പറഞ്ഞതിനെ എല്ലാവരും ശരി വെച്ചു. അദ്ദേഹം വീണ്ടും തുടര്‍ന്നു .
'ഇവിടെ എന്നെയും നിന്നെയും പോലുള്ള ഈ കോയമാര്‍ക്കും ഹൈദര്‍മാര്‍ക്കുമൊക്കെ ഇപ്പോഴും പേടി തന്നെയാണ്. പിണറായി സര്‍ക്കാര്‍ കയറിയത് നമ്മുടെയൊക്കെ സംരക്ഷകരാണെന്നും പറഞ്ഞിട്ടൊക്കെ തന്നെയാണ് .നമ്മളെ വഞ്ചിച്ചതാണെന്ന് ഇന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ, അവര്‍ക്കിപ്പോഴും മനസ്സിലായിട്ടില്ല നമ്മക്ക് മനസ്സിലായത്. യുഡിഎഫിന്റെ പതനം ഉണ്ടായാലേ ബിജെപിയുടെ വളര്‍ച്ച സാധ്യമാവൂ . എങ്കിലേ സിപിഎമ്മിന്റെ ഉദ്ദേശ്യവും നടക്കുകയുള്ളൂ. ഭൂമി കയ്യേറിയ മന്ത്രിയുടെ വര്‍ത്തയൊക്കെ ഇത്രയൊക്കെ ആയിട്ടും നാവിറങ്ങിപ്പോയ ഒരു സഖാവ്ണ്ട്. അച്ചു മാമ. മൂപ്പരൊന്നും മിണ്ടീട്ടുപോലുമില്ലാ. ഇവരൊക്കെയാണ് ആദര്‍ശ വാദികള്‍. ആരെ ബോധ്യപ്പെടുത്താനാണ് ഈ കോപ്രായത്തരങ്ങളൊക്കെ. ഇരട്ടത്താപ്പിന്റെ ആശാന്‍മാരാണ് ഇടതന്മാര്‍. ഓലെ വിശ്വസിക്കാനേ പറ്റില്ലാ.'
'അതിനു ഹാജിയാരെ, ഇവിടെയൊക്കെ നടക്കുന്നത് അവസരവാദത്തിന്റെയും പണത്തിന്റെയും രാഷ്ട്രീയമാണ്. വളര്‍ന്നു വരുന്ന കുട്ടികളില്‍ പോലും അരാഷ്ട്രീയത വളര്‍ത്തുന്ന രാഷ്ട്രീയ സമീപനങ്ങളാണ് ഇന്നുള്ളത് . നാടിന്റെ വികസനത്തെക്കാള്‍ അവനവന്റെ വികസനം ഉറപ്പിച്ചു എന്തെങ്കിലും ചെയ്തു എന്ന് കാണിച്ചു വലിയ ഫ്‌ളക്‌സില്‍ കയറി ഒതുങ്ങുന്ന രാഷ്ട്രീയമാണ് ഇന്നുള്ളത്. ഇടതുപക്ഷത്തിന്റെ വേരോട്ടം ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവര്‍ക്ക് സിനിമയൊക്കെ ഇറക്കി കുട്ടികളുടെ മനസ്സില്‍ വികാരാവേശം നിറച്ചു വേരൂന്നാനുള്ള ശ്രമം.'
കുട്ടിക്ക് ബിസ്‌കറ്റ് വാങ്ങുന്നതിനിടയില്‍ കേട്ട് നിന്ന മൊല്ലപ്പള്ളി ഹനീഫ മാഷിന്റെ പ്രതികരണത്തെ എല്ലാവരും ഒന്നടങ്കം സമ്മതിച്ചു .
'ഓല് ഇനി അഞ്ചുകൊല്ലം തികയുമ്പോള്‍ ചിരിയും തോളിലിട്ട് ഇങ്ങട്ട് വരുമല്ലോ. എന്തായാലും ഭരണമികവിന് ആര് എതിര്‍ത്താലും ഉമ്മന്‍ചാണ്ടി സാറിന്റെ അങ്ങോട്ട് പതിനായിരം ചങ്കുറപ്പോടെ വന്നാലും ആരും എത്തില്ല . ഇടതന്മാര്‍ക്ക് പ്രതിപക്ഷത്തിരുന്ന് വെറുതെ പലതിന്റെയും പേരും പറഞ്ഞു അക്രമം അഴിച്ചു വിടാന്‍ തന്നെ കഴിയുകയുള്ളൂ. യഥാര്‍ഥ രാഷ്ട്രീയവും ഭരണവും ഇനിയും ഒരുപാട് പഠിക്കാനുണ്ടവര്‍ക്ക്.' തുടങ്ങിവെച്ച അഷ്‌റഫാക്ക തന്നെ ചര്‍ച്ച അവസാനിപ്പിച്ചു .
ഇത് ഒരു സാധാരണ നാട്ടും പുറത്തെ കവലകളിലും പീടിക കോലായിലും നടക്കുന്ന സാധാരണക്കാരന്റെ ചര്‍ച്ചയാണെങ്കില്‍ അതാണ് ശരിയായ അഭിപ്രായം. ഒരു ചാനല്‍ ചര്‍ച്ചയും സ്വാധീനിക്കാത്ത അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ഈ സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് ഒരുപാട് ഉത്തരങ്ങള്‍ ഭാവിയില്‍ നല്‍കേണ്ടി വരും. സാധാരണക്കാരിലേക്ക് ഇറങ്ങി രാഷ്ട്ര സേവനം തുടരുക.
അന്‍വര്‍ കണ്ണീരി, അമ്മിനിക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."