മുഗാബെയുടെ രാജിക്ക് അന്താരാഷ്ട്ര സമ്മര്‍ദമേറുന്നു
ഹരാരെ: സിംബാബ്്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ രാജി ആവശ്യപ്പെട്ടും മുഗാബെ യുഗത്തിന്റെ അന്ത്യം ആഘോഷിച്ചും രാജ്യമെങ്ങും പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍. നേരത്തെ മുഗാബെയുയെ രാജിക്കായി ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയ ജനങ്ങള്‍ കെട്ടിപ്പിടിച്ചും പരസ്പരം അഭിവാദ്യം ചെയ്തുമൊക്കെയാണ് അദ്ദേഹത്തിന്റെ പതനം ഇപ്പോള്‍ ആഘോഷിക്കുന്നത്.
അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭമാണ് ഇപ്പോള്‍ രാജ്യത്തിന്‍രെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത സൈന്യവും ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടി പ്രവര്‍ത്തകരും റാലിയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക രാജിക്കത്ത് ലഭിക്കുന്നതു വരെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സാനു പി.എഫ് പാര്‍ട്ടി പ്രതിനിധി നിക്ക് മംഗ്‌വാന പറഞ്ഞു. അതിനിടെ നേരത്തെ മുഗാബെയുടെ അനുയായികളായിരുന്ന മുന്‍ സൈനികരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച പകലാണ് 93കാരനായ റോബര്‍ട്ട് മുഗാബെയെ സൈന്യം വീട്ടുതടങ്കലിലാക്കിയത്.
രാജ്യതലസ്ഥാനമായ ഹരാരെയിലെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും സൈന്യം പിടിച്ചടക്കിയിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം മുഗാബെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ഹരാരെയിലെ ഒരു സര്‍വകലാശാലാ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി കനത്ത സുരക്ഷയ്ക്കിടെയായിരുന്നു മുഗാബെ എത്തിയത്.മുഗാബെയുടെ രാജിക്കായി അന്താരാഷ്ട്രതലത്തിലും സമ്മര്‍ദം ശക്തമായിട്ടുണ്ട്. എത്രയും പെട്ടെന്ന് രാജ്യത്തെ സിവിലിയന്‍ ഭരണത്തിലേക്കു തിരിച്ചുകൊണ്ടുപോകണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനവും സുസ്ഥിരതയും തിരിച്ചുവരുമെന്നാണു പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
സിംബാബ്‌വെ ജനങ്ങളെ പിന്തുണക്കുന്നതായി ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതിയില്‍ നിന്നു മറ്റൊരു ഏകാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം കരുതിയിരിക്കേണ്ടതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
മുന്‍ വൈസ് പ്രസിഡന്റ് എമ്മേഴ്‌സന്‍ നാങാഗ്വയെ സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് മുഗാബെയുടെ പതനത്തിലേക്കു നയിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥ സിംബാബ്‌വെയില്‍ ഉടലെടുത്തത്. എമ്മേഴ്‌സന്‍ മുഗാബെയുടെ പിന്‍ഗാമിയാകുമെന്നാണു കരുതപ്പെട്ടിരുന്നത്. മുഗാബെയുടെ ഭാര്യ ഗ്രെയ്‌സ് മുഗാബെയെ അധികാര നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ പ്രതികരിച്ചതാണ് എമ്മേഴ്‌സനെ പുറത്താക്കാനുള്ള കാരണമായി കരുതപ്പെടുന്നത്. എമ്മേഴ്‌സന്റെ അടുത്തയാളാണു സൈനിക അട്ടിമറിക്കു നേതൃത്വം നല്‍കിയ സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേങ്ക. 1980ല്‍ സിംബാബ്‌വെ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇതുവരെയായി മുഗാബെയാണു രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.ഇത് സൈനിക അട്ടിമറിയല്ലെന്നും രാജ്യത്തെ രക്ഷിക്കാനുള്ള വഴിയാണെന്നും സൈന്യം വ്യക്തമാക്കി. വിഷയത്തില്‍ മുഗാബെയുമായി ചര്‍ച്ച തുടരുകയാണെന്നും എത്രയും പെട്ടെന്നു തന്നെ ചര്‍ച്ചയുടെ ഫലം പുറത്തുവരുമെന്നും സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."