രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്കെതിരേ കേരളം പൊരുതുന്നു
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ സൗരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ ഏഴ് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ കേരളം നേടിയ 225 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്ട്ര 232 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയില്‍ പൊരുതുന്നു.
രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുകളും കൈയിലിരിക്കേ കേരളത്തിന് 62 റണ്‍സ് ലീഡ്. 12 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് പുറത്തായത്. ജലജ് സക്സേന(29), രോഹന് പ്രേം(27) എന്നിവരാണ് ക്രീസിലുള്ളത്.
കേരളത്തെ 225ല്‍ ഒതുക്കി ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ റോബിന് ഉത്തപ്പ- സുഖ്ദേവ് പട്ടേല്‍ സഖ്യം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് സൗരാഷ്ട്രയ്ക്ക് തുണയായത്. വിക്കറ്റ് നഷ്ടമാകാതെ 37 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനത്തില്‍ സൗരാഷ്ട്ര ബാറ്റിങ് പുനരാരംഭിച്ചത്.
ഓപണറായി ഇറങ്ങിയ റോബിന് ഉത്തപ്പയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍.
120 പന്ത് നേരിട്ട് ഉത്തപ്പ 10 ഫോറുകളും അഞ്ച് സിക്സറും ഉള്‍പ്പെടെ 86 റണ്‍സെടുത്ത് പുറത്തായി. സുഖ്ദേവ് 49 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം മധ്യനിര തകര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ സൗരാഷ്ട്ര ഏഴിന് 178 റണ്‍സ് എന്ന പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ജെ.എം ചൗഹാനും ജയദേവ് ഉനദ്കടും ചേര്‍ന്ന് സൗരാഷ്ട്രയെ ലീഡിലേക്ക് നയിക്കുകയായിരുന്നു. 26 റണ്‍സെടുത്ത ഉനദ്കടിന്റെ പുറത്താകലിന് ശേഷം പെട്ടെന്നു തന്നെ സൗരാഷ്ട്രയുടെ ഇന്നിങ്സിന് തിരശീല വീണു. 30 റണ്‍സുമായി ചൗഹാന് പുറത്താകാതെ നിന്നു.
കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് 43 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി മൂന്നും കെ.സി അക്ഷയ്, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും വീതം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."