മീസില്‍സ് റൂബെല്ലാ വാക്സിനേഷന്: 11 ജില്ലകളില്‍ 25വരെ നീട്ടി
തിരുവനന്തപുരം : മീസില്‍സ് റൂബെല്ലാ വാക്സിനേഷന് പരിപാടി 11 ജില്ലകളില്‍ ഈ മാസം 25വരെ നീട്ടിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇന്നലെവരെ നിശ്ചയിച്ചിരുന്ന പരിപാടിക്ക് പൂര്‍ണനേട്ടം കൈവരിക്കാനാവാതിരുന്നതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് തീയതി നീട്ടിയത്. ഈ മൂന്നു ജില്ലകളിലും 96 ശതമാനത്തിലധികം നേട്ടം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ ജില്ലകളില്‍ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ മോപ് അപ് റൗണ്ട് അപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ കുത്തിവയ്പ് നടത്തിയത് ശതമാനക്കണക്കില്‍. തിരുവനന്തപുരം 89, കൊല്ലം 87, കോട്ടയം 93.6, എറണാകുളം 89.94, തൃശൂര്‍ 83, പാലക്കാട് 77, മലപ്പുറം 56.44, കോഴിക്കോട് 76.12, വയനാട് 89, കണ്ണൂര്‍ 78.46, കാസര്‍ഗോഡ് 81, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. സംസ്ഥാനത്ത് ആകെ 59 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതുവരെ വാക്സിനേഷന് നല്കിക്കഴിഞ്ഞുവെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആദ്യം ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നുവരെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പിന്നീട് 18വരെ നീട്ടി. അതിനുശേഷമാണ് 11 ജില്ലകളില്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."