ആശുപത്രി അധികൃതരുടെ അനാസ്ഥ: കാലിന് പൊള്ളലേറ്റതായി പരാതി
പുല്‍പ്പള്ളി: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം കാല്‍മുട്ടിന് പൊള്ളല്‍ ഏറ്റെന്ന പരാതിയുമായി വയനാട് സ്വദേശി കോടതിയെ സമീപിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പള്ളിപ്പറമ്പില്‍ ജോണി(58)യാണ് നിയമനടപടിയുമായി കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കിഡ്‌നിയില്‍ കല്ല് എടുക്കുന്നതിനായാണ് ജോണി ചികിത്സ തേടിയത്.
സെപ്റ്റംബര്‍ രണ്ടിന് നടന്ന ഓപ്പറേഷനിടെ സമീപത്ത് വച്ചിരുന്ന ഉപകരണത്തില്‍ നിന്നും ചൂട് ഏറ്റ് കാല്‍മുട്ടിന്റെ ഭാഗത്ത് മാരകമായ മുറിവേറ്റെന്നാണ് പരാതി. ഇത് ചോദിച്ചപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കി വിടുകയായിരുന്നുവെന്ന് ജോണി ആരോപിക്കുന്നു. എന്നാല്‍ മാരകമായി പൊള്ളലേറ്റതിനാല്‍ കാല്‍മുട്ടിന്റെ ഭാഗത്ത് വ്രണം ആയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതിന് തുടര്‍ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും പരസഹായം ഇല്ലാതെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണെന്നും ജോണി ആരോപിക്കുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിലും പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായി മാറി മാറി ചികിത്സയിലാണിപ്പോള്‍. ടാപ്പിങ് തൊഴിലാളിയായ തനിക്ക് പണിക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് നിയമനടപടിയുമായി ജോണി മുന്നോട്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."