വെബ്‌സൈറ്റ് തകരാറില്‍; സ്‌കോളര്‍ഷിപ് പുതുക്കാനാകാതെ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: വെബ്‌സൈറ്റിലുള്ള തകരാര്‍ കാരണം സി.എച്ച്.മുഹമ്മദ് കോയ മുസ്‌ലിം ഗേള്‍സ് സ്‌കോളര്‍ഷിപ് പുതുക്കല്‍ തടസപ്പെടുന്നു. ഈ മാസം 30നകം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്നിരിക്കെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥിനികളെ ആശങ്കയിലാഴ്ത്തി വെബ്‌സൈറ്റ് തകരാര്‍ തുടരുന്നത്.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നില്ലെങ്കിലും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെയാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇവരുടെ പേര് റിന്യൂവല്‍ ലിസ്റ്റില്‍ ഇല്ലാത്തതാണ് കാരണം. ഓണ്‍ലൈനില്‍ ലിസ്റ്റ് റിന്യൂവല്‍ എന്റര്‍ ചെയ്തതില്‍ വന്ന പിഴവാണ് ഇതിനു തടസമാകുന്നത്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫെകളിലും അക്ഷയ സെന്ററുകളിലും കയറിയിറങ്ങുകയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍.
സ്‌കോളര്‍ഷിപ് തുക കഴിഞ്ഞ വര്‍ഷം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച കുട്ടികളില്‍ 70 ശതമാനം പേരും ഇത്തവണ റിന്യൂവല്‍ ലിസ്റ്റില്‍ നിന്ന് പുറത്താണ്. സ്‌കോളര്‍ഷിപ് സൈറ്റില്‍ റിന്യൂവല്‍ ലിങ്കില്‍ പേര് ഡിസ്‌പ്ലേ ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം തുക ലഭിച്ച കുട്ടികളുടെ സ്റ്റാറ്റസ് കോളത്തില്‍ 'നോട്ട് വേരിഫൈഡ്' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം മാന്വല്‍ അപേക്ഷയായിരുന്നു ക്ഷണിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്.
റിന്യൂവല്‍ ലിസ്റ്റില്‍ പേരുള്ള കുട്ടികളാകട്ടെ രജിസ്‌ട്രേഷന്‍ ഐ.ഡി അറിയാതെയും ബുദ്ധിമുട്ടുന്നുണ്ട്. വിദ്യാര്‍ഥികളും സ്ഥാപനങ്ങളും മൈനോറിറ്റി വെല്‍ഫയര്‍ വകുപ്പിലെ സ്‌കോളര്‍ഷിപ് ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ഒരു പരിഹാരവും ആയിട്ടില്ല. കുട്ടികള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഉള്ള മൈനോറിറ്റി വെല്‍ഫയര്‍ ഡിപ്പാര്‍ട്‌മെന്റിലെ 0471 2302090 എന്ന ടെലിഫോണ്‍ ദിവസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നഷ്ടപ്പെടാനിടയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."