മൂഡീസ് റേറ്റിങ് ജനത്തിന്റെ മൂഡിനെതിരെന്ന് കപില്‍ സിബല്‍,
ന്യൂഡല്‍ഹി: അമേരിക്ക ആസ്ഥാനമായ ആഗോള ക്രഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അമേരിക്കന്‍ ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതും ഇന്ത്യയിലെ ജനങ്ങളുടെ മൂഡും തമ്മില്‍ ഏകോപിപ്പിക്കാനാവില്ല.
മൂഡീസിന്റെ മൂഡും മോദി ഭരണത്തിലെ ജനത്തിന്റെ മൂഡും തമ്മില്‍ വലിയ വൈരുധ്യമാണുള്ളതെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
അതേസമയം ഇന്ത്യയുടെ റേറ്റിങ് ഉയര്‍ന്നതില്‍ ആഘോഷിക്കാനൊന്നുമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. റേറ്റിങ് ഉയര്‍ന്നത് പുരോഗതിയുടെ ലക്ഷണമായി ചൂണ്ടിക്കാണിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ റേറ്റിങ് പറയുന്നത് ഇന്ത്യയിലെ വ്യവസായികളും നിക്ഷേപകരും കൂടുതല്‍ ലാഭം കൊയ്തു എന്നുള്ളതാണ്. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. നിക്ഷേപകര്‍ക്ക് കൂടുതല്‍ ലാഭമുണ്ടായി എന്നാല്‍ അതിനര്‍ഥം തൊഴിലാളി വര്‍ഗം കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടു എന്നതാണ്. അതുകൊണ്ടു തന്നെ ഇത് ആഘോഷിക്കാനുള്ള കാരണമല്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.
13 വര്‍ഷത്തിനു ശേഷമാണ് ആഗോള ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ബി.എ.എ 3 യില്‍ നിന്ന് ബി.എ.എ 2 ആയി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്.
ഇതിനൊപ്പം റേറ്റിങിന്‍മേലുള്ള വീക്ഷണം പോസിറ്റീവ് എന്നതില്‍ നിന്ന് സ്ഥിരതയുള്ളത് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളിലെ കിട്ടാക്കടം ഉയര്‍ന്നാല്‍ റേറ്റിങ് വീണ്ടും താഴ്ത്തുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
വായ്പ തിരിച്ചടക്കാനുള്ള കമ്പനികളുടെയും സര്‍ക്കാരുകളുടെയും ശേഷിയെ വിലയിരുത്തുന്ന പ്രക്രിയയാണ് ക്രഡിറ്റ് റേറ്റിങ്. ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് റേറ്റിങ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങലാണ് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍. ലോകത്തെ ഏറ്റവും വലിയ ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളിലൊന്നാണ് മൂഡീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."