റാഫേല്‍ കരാര്‍; നാണക്കേടെന്ന് രാഹുല്‍ ഗാന്ധി, സുതാര്യമെന്ന് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തെ പ്രതിരോധിച്ച് രംഗത്തെത്തിയ പ്രതിരോധമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.
പദ്ധതിക്കെതിരായി ഉയര്‍ന്ന ആരോപണം അപകീര്‍ത്തികരമെന്ന് ആരോപിച്ച അദ്ദേഹം നിര്‍മല സീതാരാമനെ അവരുടെ ബോസ് നിശ്ശബ്ദയാക്കുകയാണെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രസ്താവന. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു കരാര്‍ സുതാര്യമാണെന്ന പ്രസ്താവന കഴിഞ്ഞ ദിവസം അവര്‍ നടത്തിയത്.
എന്നാല്‍ പ്രതിരോധമന്ത്രിയെ പ്രതിരോധിച്ച രാഹുല്‍ പ്രധാനമന്ത്രി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയില്‍(സി.സി.എസ് )നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി വാങ്ങിയിരുന്നോ എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു. കൂടാതെ ഏതാനും ചില ചോദ്യങ്ങളും പ്രതിരോധമന്ത്രിയോടായി രാഹുല്‍ ചോദിച്ചു. ഓരോ റാഫേല്‍ ജെറ്റിന്റെയും യഥാര്‍ഥ വില എത്രയാണ്?, പ്രതിരോധമേഖലയില്‍ യാതൊരു അനുഭവജ്ഞാനവുമില്ലാത്ത ഒരു ബിസിനസുകാരന് എന്തുകൊണ്ട് പ്രധാനമന്ത്രി കരാര്‍ നല്‍കി? തുടങ്ങിയ ചോദ്യങ്ങളും പ്രതിരോധമന്ത്രിയോടായി രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം കരാര്‍ സുതാര്യമാണന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി.
ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് കരാര്‍ ഒപ്പുവെച്ചതെന്നും വളരെ സുതാര്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. 2000ല്‍ ആരംഭിച്ച പദ്ധതിയാണിത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റ് 2003- 2004 കാലയളവില്‍ കൂടിയാലോചന നടത്തിയതല്ലാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ധാരണയാകുന്നത് 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷമാണ്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു കഴിഞ്ഞദിവസം അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്. റിലയന്‍സിനും അംബാനിക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി കരാറില്‍ മോദി മാറ്റങ്ങള്‍ വരുത്തിയെന്നാണ് രാഹുലിന്റെ ആരോപണം. ഫ്രാന്‍സില്‍ നിന്ന് 126 റാഫേല്‍ യുദ്ധവിമാനങ്ങല്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ നിന്ന് യു.പി.എ സര്‍ക്കാര്‍ പിന്‍മാറുകയും പിന്നീട് 2015 ല്‍ മോദി സര്‍ക്കാര്‍ കരാര്‍ പുതുക്കുകയുമായിരുന്നു. അന്ന് ഫ്രാന്‍സിലെത്തിയ മോദിക്കൊപ്പം അനില്‍ അംബാനിയുമുണ്ടായിരുന്നുവെന്നാണ് പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."