എണ്ണക്കമ്പനികളില്‍ കൂടിയ ശമ്പളമുള്ള ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍
ജിദ്ദ: സഊദിയിലെ എണ്ണക്കമ്പനികളില്‍ കൂടിയ ശമ്പളമുള്ള ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായി കുറഞ്ഞ ശമ്പളം വാങ്ങാന്‍ തയ്യാറുള്ളവരെ നിയമിക്കാനാണ് പുതിയ നീക്കം. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യക്കാരെയാണ് നിയമിക്കുവാനാണ് നീക്കം.
എണ്ണ വില പഴയ നിലയിലെത്തൊന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ടിലെ സൂചന. എണ്ണയെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ വാര്‍ത്തയെ തുടര്‍ന്ന് ആശങ്കയിലാണ്. വന്‍ തുകയാണ് ഉയര്‍ന്ന പോസ്റ്റിലുള്ളവര്‍ക്ക് നിലവില്‍ നല്‍കുന്നത്.
ഇവരെ പിരിച്ചുവിടാനുള്ള നടപടി കമ്പനികള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഊദി അരാംകോ അടക്കമുള്ള വന്‍കിട എണ്ണൊല്‍പാദന സ്ഥാപനങ്ങള്‍ ഈ പദ്ധതിക്ക് തുടക്കമിട്ടതായി സഊദിയിലെ പ്രമുഖ ധനകാര്യ ഗവേഷണ സ്ഥാപനമായ ജാദ്വ കന്‍സല്‍ടെന്‍സിയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യ ചേമ്പര്‍ ഒഫ് കൊമേര്‍സ് സംഘടിപ്പിച്ച വാര്‍ഷിക സാമ്പത്തിക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജി.സി.സി രാജ്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം പറ്റുന്നവര്‍. ഇതിനെ മറികടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലുള്ള വിദഗ്ത തൊഴിലാളികള്‍ക്കുള്ള ആവശ്യം കൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവില്‍ സഊദി ഉള്‍പെടെ ജി.സി.സി രാജ്യങ്ങളിലെ എണ്ണ, എണ്ണ ഖനന സ്ഥാപനങ്ങളില്‍ നാല്‍പതു ശതമാനമാണ് ഏഷ്യന്‍ തൊഴിലാളികളുള്ളത്. ഇത് അടുത്ത വര്‍ഷം എഴുപത് ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ തൊഴിലാളികളുടെ ആവശ്യം ഇതോടെ കൂടിയേക്കും.
അതേസമയം, സഊദിയില്‍ കരാര്‍ ജോലിക്കാരുടെ എണ്ണവും ചെലവും ചുരുക്കല്‍ ഭാഗമായി നിയന്ത്രിക്കേണ്ടി വരുമെന്ന് കോണ്‍ട്രാക്ടിങ് അസോസിയേഷന്‍ വ്യക്തമാക്കി. 2018 ജനവരി മുതല്‍ 400 റിയാലാക്കി ലെവി ഇരട്ടിപ്പിക്കും. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ചെലവ് വര്‍ധിക്കുന്നത് കമ്പനികള്‍ ഏറ്റെടുക്കുന്ന പദ്ധതി നടത്തിപ്പിനെ ബാധിക്കും. വലിയ തുക തൊഴിലാളികളുടെ ലെവിക്കായി നീക്കി വെക്കേണ്ടി വരും. ഇത് ലാഭവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകും. കമ്പനിയുടെ പ്രവര്‍ത്തനത്തെ ഇത് നേരിട്ട് ബാധിക്കുമെന്നതിനാലാണ് ചെലവ് ചുരുക്കാനുള്ള ഊര്‍ജ്ജിത നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് അതോറിറ്റി മേധാവി ഉസാമ അല്‍അഫാലിഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."