ഒരുകോടി വിലവരുന്ന മണ്ണുന്തിയുമായി ഒരാള്‍ പിടിയില്‍
ചങ്ങനാശ്ശേരി: ഒരുകോടി രൂപയോളം വില വരുമെന്നു കരുതുന്ന പാമ്പിനു സമാനമായ മണ്ണുന്തി(സാന്റ് ബോവ- മണ്ണോലി)യുമായി ഒരാള്‍ പിടിയില്‍. തൃക്കൊടിത്താനം പൊട്ടശ്ശേരി സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. വീട്ടില്‍ ഐശ്വര്യം ഉണ്ടാകുമെന്നു വിശ്വസിച്ച് ഒരാഴ്ചമുന്പ് 20 ലക്ഷം രൂപ മുടക്കി ബംഗളൂരുവില്‍ നിന്ന് മൂന്നരകിലോ ഭാരമുള്ള ഇതിനെ വാങ്ങി ബാഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്നു വനം വകുപ്പിനു കൈമാറി. നാലുകിലോ ഭാരമുള്ള ഇത്തരം സാന്റ്ബോവക്കു ഒന്നരകോടിരൂപയോളം വിലവരുമെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ തോലിനു കാന്‍സര്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. മരുഭൂമിയില്‍ പത്തടിയോളം താഴ്ചയില്‍ ജീവിക്കാന്‍ കഴിവുള്ള ഇതിന് കേരളത്തിലെ കാലാവസ്ഥയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതല്‍ ലാഭം കിട്ടായാല്‍ വില്‍ക്കാനിരിക്കെയാണ് ഇന്നലെ പിടിയിലാകുന്നത്. സഊദി അറേബ്യയില്‍ ജോലിയുള്ള ഇയാള്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇതിനെക്കുറിച്ച് അറിയുന്നതും തുടര്‍ന്നു നാട്ടിലെത്തി വാങ്ങിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."