നാടുകാണി ജാറം തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍
എടക്കര: നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ത്ത കേസില്‍ ഒരാള്‍ പിടിയിലായി. വഴിക്കടവ് ആനമറിയിലെ മുളയങ്കായ് അനീഷി (37)നെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ മാമാങ്കര സ്വദേശി അത്തിമണ്ണില്‍ ഷാജഹാന്(24) സംഭവത്തിന് ശേഷം ദുബൈയിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ മുജാഹിദ് വിസ്ഡം ഗ്രൂപ്പ് ആശയക്കാരാണെന്നും ജാറങ്ങളോടുള്ള ആശയപരമായ എതിര്‍പ്പാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.
ജാറം തകര്‍ക്കുകയും തുടര്‍ന്ന് ജാറത്തിനെ പരിഹസിക്കുന്ന രീതിയില്‍ സ്ഥലത്ത് ഒരു നോട്ടിസ് കെട്ടി തൂക്കുകയും മുളകുപൊടി വിതറുകയും ചെയ്തിരുന്നു. നേര്‍ച്ചപ്പെട്ടിയും തകര്‍ത്തിരുന്നു. പിടിയിലാകാനുള്ള ഷാജഹാന് അറബിക് കോളജിലെ പഠനത്തിനു ശേഷം സഊദിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് 2017 ഓഗസ്റ്റില്‍ നാട്ടിലെത്തിയ ഇയാള്‍ വീണ്ടും വിസ്ഡം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതാണ് ജാറം തകര്‍ക്കാന്‍ പ്രചോദനമായതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലിസിന്റെ അന്വേഷണം ഊര്‍ജിതമായതിനെ തുടന്നാണ് പ്രധാന പ്രതി വിദേശത്തേക്ക് കടന്നത്. സംഭവത്തില്‍ പ്രതികളെ ഉടനെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഡിവൈ.എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എടക്കര സി.ഐ പി. അബ്ദുല്‍ ബഷീര്‍, എസ്.ഐ എ. അഭിലാഷ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എം. അസൈനാര്‍, എന്‍.പി സുനില്‍, കെ. ജാബിര്‍, പി.സി വിനൂബ്, ഇ.ജി പ്രദീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇതിനു മുന്‍പ് 2009ലും ജാറം തകര്‍ക്കപ്പെട്ടിരുന്നു. ഇതിലെ പ്രതികളായ വണ്ടൂര്‍ സ്വദേശികളായ സി.ടി നൗഷാദ്, സമീര്‍ നവാസ്, ടി.പി ഷുക്കൂര്‍, ഷാജി ബാബു എന്നിവര്‍ മഞ്ചേരി അതിവേഗ കോടതിയില്‍ വിചാരണ നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."