ശബരിമലയില്‍ ആചാരലംഘനം; 31കാരി ദര്‍ശനത്തിനെത്തി
പത്തനംതിട്ട: പരിശോധനകള്‍ മറികടന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ 31കാരിയായ യുവതിയുടെ ശ്രമം. സംഭവം ശ്രദ്ധയില്‍പെട്ട പൊലിസ് ഇടപെട്ട് തടഞ്ഞ് യുവതിയെ തിരിച്ചയച്ചു. ആന്ധ്ര പ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് ആചാരം ലംഘിച്ച് ദര്‍ശനത്തിനെത്തിയത്.
വലിയ നടപന്തലില്‍ വച്ചാണ് ഇത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ കണ്ട് സംശയം തോന്നിയ പൊലിസ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യുവതിയുടെ പ്രായം വെളിപ്പെട്ടത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയില്‍ എത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
നിലവില്‍ പത്ത് വയസിനും അന്‍പത് വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. പമ്പയില്‍ ദേവസ്വം ഗാര്‍ഡുകളും വനിതാ പൊലിസും പരിശോധിച്ചാണ് സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കാറുള്ളത്. എന്നാല്‍ ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ച് യുവതി ശബരിമല ദര്‍ശനത്തിനെത്തുകയായിരുന്നു. ഇതോടെ പമ്പയിലെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് പൊലിസിനോട് ആവശ്യപ്പെട്ടു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാസപൂജാ സമയത്തും ആന്ധ്രാ സ്വദേശിനിയായ ഒരു യുവതി ശബരിമല സന്നിധാനംവരെയെത്തിയത് വാര്‍ത്തയായിരുന്നു. വ്യവസായിയായ സുനിലിനൊപ്പം ഏതാനും യുവതികള്‍ ശബരിമലയിലെത്തിയതും വിവാദമായിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള കേസ് ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."