ഗൗരിനേഹയുടെ മരണം: അധ്യാപികയെ ചോദ്യം ചെയ്തു
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപികമാരില്‍ ഒരാളായ സിന്ധുപോളിനെ പൊലിസ് ചോദ്യം ചെയ്തു.
ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. കൊല്ലം ഡി.സി.ആര്.ബി ഓഫിസിലെ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വച്ചായിരുന്നു അധ്യാപികയെ ചോദ്യം ചെയ്തത്. സിന്ധുപോളില് നിന്ന് വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൊലിസ് കാമറയില്‍ പകര്‍ത്തിയിരുന്നു.
താന്‍ തെറ്റുകാരിയല്ലെന്നാണ് സിന്ധുവിന്റെ മൊഴി. ക്ലാസില്‍ നിന്ന് ഗൗരിയെ എന്തിനാണ് വിളിച്ചുകൊണ്ടുപോയതെന്ന സുപ്രധാന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമല്ല സിന്ധു നല്‍കിയത്.
ഗൗരിയുടെ സഹോദരി മീരയുടെ ക്ലാസില്‍ എന്തിന് പോയെന്നും അവിടെ എന്തു സംഭവിച്ചു എന്നുമാത്രമാണ് താന്‍ ചോദിച്ചതെന്നും സിന്ധു മൊഴി നല്‍കിയതായാണ് സൂചന. പൊലിസിന്റെ പക്കലുള്ള സി.സി.ടിവി ദൃശ്യങ്ങളിലെ സംഭവങ്ങളും അധ്യാപികമാരുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും.
സംഭവത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ഷാബു അറിയിച്ചു.
ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ഇവര്‍ കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."