ശിശുക്കടത്തെന്ന് സംശയം; അനാഥാലയത്തിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം
തൊടുപുഴ: രാജാക്കാട്ടെ അനാഥാലയത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 41 കുഞ്ഞുങ്ങളെ കാണാതായതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ശിശുക്കടത്ത് സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ജില്ലാ ശിശുക്ഷേമ സമിതിയുടെ വഴിവിട്ട സഹായം ഈ കേന്ദ്രത്തിന് ലഭിക്കുന്നുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യക്ഷേമ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്തു നല്‍കി.
അനാഥാലയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മൂന്നുവട്ടം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഗുരുതര നിയമലംഘനമാണ് എല്ലാ പരിശോധനകളിലും കണ്ടെത്തിയത്.
ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെയോ ശിശുക്ഷേമ സമിതിയുടെയോ അനുമതി ഇല്ലാതെയാണെന്നും കുട്ടികളെക്കുറിച്ചുളള രേഖകളൊന്നും സൂക്ഷിക്കുന്നില്ലെന്നും ജൂണ്‍ 24ലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശിശുക്ഷേമ സമിതിയുടെ വഴിവിട്ടതും നിയമവിരുദ്ധവുമായ സഹായങ്ങള്‍ അനാഥാലയത്തിന് ലഭിക്കുന്നതായി സംശയിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 19ന് പുറത്തിറക്കിയ ഉത്തരവില്‍ അനാഥാലയത്തിനെതിരേ നിയമനടപടി സ്വീകരിക്കാനും സ്ഥാപനത്തിന്റെ ലൈസന്‍സ് പുന:പരിശോധിക്കാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യാനും നിര്‍ദേശിച്ചിരുന്നു. അതേ സമയം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുളള ചില കേന്ദ്രങ്ങളുടെ നീക്കമാണ് സര്‍ക്കാര്‍ നടപടിക്ക് പിന്നിലെന്ന് സ്ഥാപന നടത്തിപ്പുകാര്‍ ആരോപിച്ചു. കാണാതായതായി പറയുന്ന 41 കുട്ടികളെക്കുറിച്ച് തങ്ങളുടെ ഭാഗം അധികൃതര്‍ കേട്ടിട്ടില്ല.
കുടുംബപ്രശ്‌നങ്ങള്‍ മൂലം പൊലിസ് സ്റ്റേഷനുകള്‍ വഴി എത്തിച്ച ഈ കുട്ടികള്‍ കുറഞ്ഞ കാലം മാത്രമാണ് ഇവിടെ താമസിച്ചത്. എല്ലാ നിയമപരമായ അനുമതിയോടെയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി മന്ത്രി എം.എം.മണിയെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് മാനേജിങ് ട്രസ്റ്റി ട്രീസാ തങ്കച്ചന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."