സോളാര്‍ റിപ്പോര്‍ട്ടില്‍ ഒളിച്ചുകളി, അന്വേഷണം തുടങ്ങിയില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആരോപണ വിധേയരായ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടും അന്വേഷണം തുടങ്ങിയില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആശയ കുഴപ്പമാണ് തടസം.
സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാടിലുള്ള സംഘം ഒരു ദിവസം മാത്രമാണ് യോഗം കൂടിയത്. അതില്‍ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ വിവരം പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, പൊലിസ് മേധാവിയെയും മുഖ്യമന്ത്രിയെയും അറിയിച്ചതായാണ് സൂചന.
സരിതയെ ലൈംഗികമായി പീഡിപ്പിച്ചതായും, സരിതയും അവരുടെ ടീം സോളാര്‍ കമ്പനിയില്‍ നിന്നും രാഷ്ട്രീയ, ഉദ്യോഗസ്ഥ, ഭരണതലപ്പത്തുള്ളവരും അവരുടെ സ്റ്റാഫ് അംഗങ്ങളും അവരുമായി ബന്ധപ്പെട്ടവരും വലിയ കൈക്കൂലി വാങ്ങിയതായും, സോളാര്‍ കമ്പനിയുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് സഹായിച്ചിട്ടുള്ളതായും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ക്രിമിനല്‍, അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനുശേഷം എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്താനായിരുന്നു തീരുമാനം.
ഇതിനായി ഉത്തര മേഖലാ ഡി.ജി.പി രാജേഷ്ദിവാന്‍, പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും സോളാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് ആസ്ഥാനം പൊലിസ്് സ്റ്റേഷനാക്കി വിജ്ഞാപനം ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച കൂടിയ അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ അന്വേഷണം മുന്നോട്ടു പോകാന്‍ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കഴിയില്ലെന്ന് വിലയിരുത്തുകയായിരുന്നു.
നേരത്തെ സരിതയുടെ മൊഴി എടുത്തതിനുശേഷം അന്വേഷണം ആരംഭിക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരുന്നതിനാലാണ് അന്വേഷണ സംഘം മലക്കം മറിഞ്ഞത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് അരിജിത് പസായത്തിന്‍െ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. സരിതയ്ക്ക് ഏത് നിയമം ബാധകമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം.
നിര്‍ഭയ കേസിനു ശേഷം 2013ലുണ്ടായ നിയമ ഭേദഗതി പ്രകാരം സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം. എന്നാല്‍ സരിതയുടെ ആരോപണങ്ങള്‍ 2013ന് മുമ്പുള്ളതായതിനാല്‍ അക്കാലത്തെ നിയമമാണ് ബാധകമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പക്ഷം. ശക്തമായ സാഹചര്യ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയര്‍ ഉന്നതരാണ്. അടിക്കടി മൊഴിമാറ്റുന്ന സരിതയുടെ മൊഴിമാത്രം വച്ച് അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാവില്ലെന്നും രാജേഷ്ദിവാന്‍ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. ബെഹ്‌റ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
സരിതയുടെ മൊഴി രേഖപ്പെടുത്തിയശേഷം എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്താമെന്നാണ് എ.ജിയും, നിയമവകുപ്പും നല്‍കിയ നിയമോപദേശം. പക്ഷേ പ്രത്യേക സംഘം ഇത് തള്ളി. തുടര്‍ന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണം എങ്ങനെ തുടങ്ങണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീണ്ടും നിയമോപദേശം തേടി. സോളാര്‍ കേസ് ഡയറികള്‍ പരിശോധിക്കാനും ദിനേന്ദ്ര കശ്യപിന് ബെഹ്‌റ നിര്‍ദേശം നല്‍കി.
അതിനിടെ, അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണമെന്ന ഉത്തരവും വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ബെഹ്‌റ ഇതുവരെ പാലിച്ചിട്ടില്ല. ഉന്നതങ്ങളിലെ ഇടപെടലാണ് സോളാര്‍ തുടരന്വേഷണം തടസപ്പെടാന്‍ കാരണമെന്നും ആരോപണമുണ്ട്.
അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ടിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത്തരത്തില്‍ നീക്കമുണ്ടായിട്ടില്ല. പ്രാഥമിക അന്വേഷണം നടക്കട്ടെ കേസെടുത്തതിനുശേഷം മറ്റു നിയമ നടപടികള്‍ സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."