ജലസ്രോതസുകള്‍ മലിനം: ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..?
തിരുവനന്തപുരം: സംസ്ഥാനത്തെ ജലസ്രോതസുകളില്‍ കാല്‍ഭാഗത്തോളം ഉപയോഗശൂന്യമായതായി കണ്ടെത്തി. പരിസ്ഥിതി മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാക്ഷരതാ മിഷന്റെ ജലസ്രോതസുകളുടെ സ്ഥിതിവിവര പഠനറിപ്പോര്‍ട്ടിലാണിതുള്ളത്. ജലസ്രോതസുകളില്‍ 26.90 ശതമാനവും പൂര്‍ണമായി മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. സംസ്ഥാനത്തെ 3,606 ജലസ്രോതസുകളെ സംബന്ധിച്ചാണ് പഠനം നടത്തിയത്.
46.10 ശതമാനം ജലാശങ്ങള്‍ ഭാഗികമായി മലിനപ്പെട്ടതാണെന്ന് പഠനം പറയുന്നു. മലിന ജലം മൂലം മലിനപ്പെട്ട ജലാശയങ്ങളുടെ ശതമാന കണക്ക്: ഗാര്‍ഹികം 55.20 (ഇതില്‍ ഹോട്ടലില്‍ നിന്നുള്ള ജൈവമാലിന്യങ്ങളും ഉള്‍പ്പെടും). വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മലിനീകരണം 11, വാഹനം കഴുകുന്നതുമൂലം 25, കന്നുകാലികളെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെ 10.30, മറ്റുള്ളവ 3.50 (ഖരമാലിന്യം വലിയതോതില്‍ മലിനീകരണത്തിന് കാരണമാകുന്നുണ്ട്), ഹോട്ടല്‍ മാലിന്യം 40 , ചപ്പുചവറ് മാലിന്യം 30.55, പ്ലാസ്റ്റിക്, കുപ്പി മുതലായവ 20, മറ്റുള്ളവ 9. എല്ലാ ജില്ലകളിലെയും നദീഭാഗങ്ങള്‍ സ്ഥിതിവിവരപഠനത്തിന് വിധേയമാക്കി. 1302 കുളങ്ങള്‍, 941 തോടുകള്‍ , 153 പുഴയുടെ ഭാഗങ്ങള്‍, 1107 പൊതുകിണറുകള്‍, മറ്റുള്ളവ 87 എന്നിവയും ഇടുക്കിയിലെ നീര്‍ച്ചാലുകള്‍, ഓലികള്‍, കാസര്‍കോട്ടെ പള്ളങ്ങള്‍ എന്നിവയിലും പഠനം നടത്തി. കൂടുതല്‍ കുളങ്ങള്‍ പഠനവിധേയമായത് പാലക്കാടും കൂടുതല്‍ പൊതുകിണര്‍ പഠനവിധേയമായത് തൃശൂരുമാണ്. പഠനത്തിനെടുത്ത കൂടുതല്‍ തോടുകള്‍ തിരുവനന്തപുരത്താണ്.
ജലസ്രോതസുകള്‍ അപകടാവസ്ഥയില്‍ ആയതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. ജലസ്രോതസുകളുടെ സമീപവാസികളില്‍ 70%പേര്‍ക്കും ജലസ്രോതസുകള്‍ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് സാമാന്യധാരണയുണ്ടെങ്കില്‍ 30 ശതമാനത്തിന് ഒരുധാരണയുമില്ല.
റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍
- ജലസ്രോതസ് സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സാക്ഷരതാപരിപാടി സംഘടിപ്പിക്കുക
- പാഠപുസ്തകം തയാറാക്കി ക്ലാസുകള്‍ സംഘടിപ്പിക്കുക
- എല്ലാ വാര്‍ഡുകളിലും ജലസ്രോതസുകളുടെ സംരക്ഷണത്തിന് ജനകീയ ഇടപെടലുകള്‍ സാധ്യമാക്കുക
- പരിസ്ഥിതി സൗഹാര്‍ദ ജീവിതശൈലിക്കായി പൗരവിദ്യാഭ്യാസം നല്‍കുക
- ജലസ്രോതസുകളുടെ സംരക്ഷണത്തിനായി പ്രത്യേകം പ്രൊജക്ട് വാര്‍ഷികപദ്ധതിയില്‍ ആവിഷ്‌കരിക്കുക
- ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും കീഴിലുള്ള ജലസ്രോതസുകളുടെ സമഗ്രമായ സ്ഥിതിവിവരപഠനം നടത്തി ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുക
- തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ നവീകരണം സാധ്യമാക്കുക
- ജല സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കുക
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുക
- ആദിവാസി മേഖലകള്‍, പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനം ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്‌കരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."