ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം: ശുപാര്‍ശകള്‍ സര്‍ക്കാര്‍ തള്ളി
പഴയ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സന്‍ ബില്ല് അടുത്ത സമ്മേളനത്തില്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു രക്ഷാകര്‍തൃത്വം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ അവകാശം ഉറപ്പാക്കുന്നതു സംബന്ധിച്ച ശുപാര്‍ശകള്‍ കേന്ദ്ര സാമൂഹികക്ഷേമ, ശാക്തീകരണ മന്ത്രാലയമാണ് തള്ളിയത്. ശുപാര്‍ശകള്‍ നടപ്പാകുകയാണെങ്കില്‍ സ്വവര്‍ഗലൈംഗികത കുറ്റകമായി കാണുന്ന ഐ.പി.സി 377 വകുപ്പും ഇല്ലാതാകുമായിരുന്നു.
ബില്ലിനു പകരമായി ഭിന്നലിംഗ വ്യക്തി (അവകാശ സംരക്ഷണ) ബില്ല് അഥവാ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സന്‍ (പ്രൊട്ടകഷന്‍ ഓഫ് റൈറ്റ്‌സ്) ബില്ല് വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ബി.ജെ.പി എം.പി രമേശ് ബയസിന്റെ നേതൃത്വത്തിലുള്ള സാമൂഹികനീതി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലൈയിലാണ് ബില്ല് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, വിവേചനങ്ങളില്‍നിന്നു സംരക്ഷണം ഉറപ്പാക്കല്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വിസുകളിലും പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തല്‍ തുടങ്ങി മന്ത്രാലയത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലില്‍ കാതലായ മാറ്റങ്ങളും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
പഴയ ട്രാന്‍സെജന്‍ഡര്‍ ബില്ല് അതേപടി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോടു സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് പ്രതികരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സന്‍ ബില്ലില്‍ കുഴപ്പമില്ലെന്നും അതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്ത സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിക്കും.
എന്നാല്‍, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ ലൈംഗിക ന്യൂനപക്ഷ സമൂഹത്തില്‍നിന്നുതന്നെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഈ വിഭാഗത്തിന്റെ നിരവധി പ്രശ്‌നങ്ങള്‍ ബില്ല് അഭിമുഖീകരിക്കുന്നുവെന്നും അഭിപ്രായമുണ്ടായിരുന്നു. ഇന്ത്യയിലെ വ്യക്തിനിയമ, സെക്യുലര്‍ കാഴ്ചപ്പാടുകള്‍ക്കു കീഴില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം തുടങ്ങിയ പൊതു അവകാശങ്ങള്‍ വകവച്ചുകൊടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശവും സ്വവര്‍ഗ ലൈംഗികതയും സംബന്ധിച്ച ഐ.പി.സിയിലെ 377ാം വകുപ്പ് നീക്കംചെയ്യണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012 മാര്‍ച്ചില്‍ ഈ നിയമത്തെ തള്ളി പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്നു ഡല്‍ഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ യു.പി.എ സര്‍ക്കാരിന്റെകൂടി അംഗീകാരത്തോടെയായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, ഹൈക്കോടതി വിധിക്കെതിരേ വിവിധ മുസ്‌ലിം, ക്രിസ്ത്യന്‍ മതസംഘടനകള്‍ സുപ്രിംകോടതിയെ സമീപിക്കുകയുണ്ടായി.
ഈ ഹരജി പരിഗണിച്ച സുപ്രിംകോടതി 2013 ഡിസംബറില്‍ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവിട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യത സംബന്ധിച്ച് സുപ്രിംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ 377ാംവകുപ്പ് എടുത്തുനീക്കുന്നതിന്റെ ആവശ്യകത പറഞ്ഞിരുന്നു.
2011ല്‍ സര്‍ക്കാരിതര സന്നദ്ധ സംഘടന നടത്തിയ കണക്കുപ്രകാരം രാജ്യത്ത് 19 ലക്ഷം ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."