ഡല്‍ഹി ഹാഫ് മാരത്തണ്‍: അല്‍മസ് അയാനയ്ക്ക് സ്വര്‍ണം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ട എത്യോപ്യയുടെ അല്‍മസ് അയാന ഡല്‍ഹി ഹാഫ് മാരത്തണ്‍ വനിതാ വിഭാഗം ജേത്രി. പുരുഷ വിഭാഗത്തില്‍ എത്യോപ്യന്‍ താരം തന്നെയായ ബെര്‍ഹനു ലെഗസാണ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളില്‍ എല്‍ സൂര്യ വനിതാ വിഭാഗത്തിലും ഒളിംപ്യന്‍ നിതേന്ദ്ര സിങ് റാവത് പുരുഷ വിഭാഗത്തിലും ജേതാക്കളായി.
ഒരു മണിക്കൂറും ഏഴ് മിനുട്ടും 11 സെക്കന്‍ഡും സമയത്തില്‍ ഫിനിഷ് ചെയ്താണ് ആദ്യമായി ഹാഫ് മാരത്തണില്‍ മത്സരിച്ച അയാന ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി സുവര്‍ണ താരമായത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരിയായ താരം നടാടെയാണ് ഡല്‍ഹിയില്‍ മത്സരിക്കാനിറങ്ങിയത്. 21.097 കിലോമീറ്റര്‍ ദൂരമാണ് താരങ്ങള്‍ താണ്ടിയത്. വനിതാ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്യോപ്യന്‍ താരങ്ങള്‍ തന്നെയെത്തി. അബബെല്‍ യെഷനെ (1.07.19), നെറ്റ്‌സനെറ്റ് ഗുഡെറ്റ (1.07.24) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ 59 മിനുട്ടും 46 സെക്കന്‍ഡുമെടുത്താണ് ലെഗസ് ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കിയത്. എത്യോപ്യയുടെ തന്നെ അനഡംലക് ബെലിഹു (59.51) വെള്ളിയും അമേരിക്കയുടെ ലിയനോര്‍ഡ് കൊറിര്‍ (59.52) വെങ്കലവും നേടി.
ഇന്ത്യന്‍ താരങ്ങളില്‍ എല്‍ സൂര്യ ഒരു മണിക്കൂര്‍ 10 മിനുട്ട് 31 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്ത് സുവര്‍ണ താരമായത്. ഡല്‍ഹി മാരത്തണില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ മികച്ച സമയമാണിത്. വെറ്ററന്‍ ദീര്‍ഘദൂര താരം സുധ സിങ് (1.11.30) വെള്ളിയും പരുള്‍ ചൗധരി (1.13.09) വെങ്കലവും നേടി. റെക്കോര്‍ഡ് സമയം കുറിച്ചാണ് നിതേന്ദ്ര റാവതും ഇന്ത്യന്‍ വിഭാഗം പുരുഷന്‍മാരില്‍ സുവര്‍ണ താരമായത്. 1.03.53 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ജി ലക്ഷ്മണനും ഇതേ സമയം കുറിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ റാവതിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ലക്ഷ്മണന്‍ വെള്ളി നേടി. അവിനാഷ് സബ്‌ലെ (1.03.58) ക്കാണ് വെങ്കലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."