വാഷിങ്ടണിലെ കാര്യാലയം അടച്ചുപൂട്ടാന്‍ നീക്കം: യു.എസുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കും: പി.എല്‍.ഒ
വാഷിങ്ടണ്‍: തങ്ങളുടെ വാഷിങ്ടണ്‍ കാര്യാലയം അടച്ചുപൂട്ടിയാല്‍ അമേരിക്കയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ). പി.എല്‍.ഒ സെക്രട്ടറി ജനറല്‍ സാഇബ് എറകാത്താണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വാഷിങ്ടണിലെ പി.എല്‍.ഒ കാര്യാലയം അടച്ചുപൂട്ടാനുള്ള യു.എസ് നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ അധികൃതരുടെ നീക്കം സ്വീകരിക്കാനാകില്ല. ആത്യന്തിക ലക്ഷ്യം നേടാനായി തങ്ങള്‍ പരമാവധി ശ്രമിക്കുന്ന അതേ ഘട്ടത്തില്‍ തന്നെ ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കം നടത്തുന്നതിനു പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദമുണ്ടെന്നാണു കരുതുന്നത്-എറകാത് പറഞ്ഞു. അമേരിക്കയുടെ നീക്കം തീര്‍ത്തും ആശ്ചര്യജനകമാണെന്ന് ഫലസ്ഥീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മേഖലയിലെ സമാധാന പ്രക്രിയയിലും അമേരിക്കന്‍-അറബ് ബന്ധത്തിലും ഇത് കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അബ്ബാസ് മുന്നറിയിപ്പു നല്‍കി.
വാഷിങ്ടണിലെ പി.എല്‍.ഒ കാര്യാലയം അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ച ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈലുമായുള്ള സമാധാന ചര്‍ച്ച ഫലസ്ഥീനികള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നു കാണിച്ചാണ് യു.എസ് വൃത്തങ്ങള്‍ നീക്കം നടത്തുന്നത്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്‌റാഈലിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്ഥീന്‍ രംഗത്തെത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണു കരുതുന്നത്. ഫലസ്ഥീനികള്‍ക്കെതിരേ ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധക്കുറ്റത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന യു.എന്‍ പൊതുസഭയിലാണ് അബ്ബാസ് സംഭവത്തില്‍ അന്താരാഷ്ട്ര കോടതി അന്വേഷണം നടത്തി ഫലസ്ഥീനികള്‍ക്കെതിരായ അതിക്രമത്തിലും അനധികൃത കുടിയേറ്റത്തിലും പങ്കുള്ള ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് അമേരിക്കന്‍ നിയമത്തിന്റെ ലംഘനമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ നീക്കത്തെ അഭിനന്ദിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു രംഗത്തെത്തി. അമേരിക്കയുടെ തീരുമാനം അവരുടെ രാജ്യനിയമത്തിന്റെ ഭാഗമാണെന്ന് നെതന്യാഹു പറഞ്ഞു. തീരുമാനത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും മേഖലയില്‍ സുരക്ഷിതത്വവും സമാധാനവും കൊണ്ടുവരാനായി അമേരിക്കയുമായി ചേര്‍ന്ന് സഹകരണം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും നെതന്യാഹു പറഞ്ഞു.
ഫലസ്ഥീന്‍ ജനതയെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നതായി വിലയിരുത്തപ്പെടുന്ന പി.എല്‍.ഒ 1994ലാണ് വാഷിങ്ടണില്‍ ഓഫിസ് തുറന്നത്. അതിനുശേഷം ഓരോ ആറു മാസം കൂടുമ്പോഴും ഓഫിസ് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് യു.എസ് അധികൃതര്‍ നീട്ടിനല്‍കുകയാണു പതിവ്. എന്നാല്‍, ഇതാദ്യമായി ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."