കണ്ണില്‍ച്ചോരയില്ലായ്മ സൃഷ്ടിച്ച ദുരന്തത്തിന്റെ ഓര്‍മയില്‍
1921 നവംബര്‍ 20.
നമ്മുടെ ചരിത്രസ്മൃതികളില്‍ പേക്കിനാവും അണയാത്ത ദുഃഖജ്വാലയുമായി നില്‍ക്കുന്ന വാഗണ്‍ദുരന്തം സംഭവിച്ചത് അന്നാണ്. ബ്രിട്ടീഷ്‌ക്രൂരതയുടെ കരാളമുഖം കാണിച്ച ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിക്കു തൊട്ടുപിന്നാലെ നടന്ന ഭീകരത.
മദ്രാസ് - സൗത്ത് മറാട്ട കമ്പനിക്കാരുടെ എം.എസ്.എം.എല്‍.വി 1711-ാം നമ്പര്‍ ഗുഡ്‌സ് വാഗണില്‍ 72 ഹതഭാഗ്യര്‍ ഒരിറ്റു ദാഹജലമോ, ഇത്തിരി പ്രാണവായുവോ ലഭിക്കാതെ പിടഞ്ഞു മരിച്ചു. സ്വന്തം സഹോദരന്റെ വിയര്‍പ്പും രക്തവും മലവും മൂത്രവും നക്കി നുണഞ്ഞിട്ടും ജീവന്‍ നിലനിര്‍ത്താനാവാതെ അവരോരോരുത്തരും രക്തസാക്ഷികളായി. ഇവരില്‍ ഭൂരിപക്ഷംപേരും പട്ടിണിപ്പാവങ്ങളായ കൂലിവേലക്കാരായിരുന്നു. ബാക്കിയുള്ളവര്‍ കൃഷി, കച്ചവടം, ഓത്തുപള്ളി മൊല്ല, മുക്രി, തട്ടാന്‍, ആശാരി തുടങ്ങിയ ജോലിയില്‍ ഏര്‍പ്പെട്ടവരും.
ഈ ദുരന്തത്തില്‍ ആയുസ്സിന്റെ നീളംകൊണ്ടു മാത്രം ജീവിതം നീട്ടിക്കിട്ടിയ ഭാഗ്യവാനായിരുന്നു കൊന്നോല അഹമ്മദ് ഹാജി. 1981 ല്‍ മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ചരിത്രാന്വേഷിയായ അബ്ദു ചെറുവാടിയോട് അദ്ദേഹം പറഞ്ഞ അനുഭവമൊഴി ചരിത്രത്തിലെ അമൂല്യരേഖയാണ്.
മലപ്പുറം കോട്ടപ്പടി സ്വദേശിയായ അഹമ്മദ് ഹാജിയുടെ ചിതലരിക്കാത്ത ഓര്‍മകളായിരിക്കുമല്ലോ ഈ സംഭവത്തെക്കുറിച്ചു കിട്ടാവുന്ന ഏറ്റവും വിശ്വസനീയമായ വിവരണം. അതിങ്ങനെയാണ്:
'ഞങ്ങള്‍ സന്ധ്യയോടെ തിരൂരിലെത്തി. ഏകദേശം അറുനൂറോളം തടവുകാരുണ്ടായിരുന്നു. പല ദിക്കില്‍ നിന്നു കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ചു കൊണ്ടുവരപ്പെട്ടവര്‍. എല്ലാവരെയും പ്ലാറ്റ്‌ഫോമിലിരുത്തി. ഞങ്ങള്‍ ഇരിക്കുകയല്ല, വീഴുകയായിരുന്നു. പലരും തളര്‍ന്ന് ഉറങ്ങിപ്പോയി. ഞങ്ങളില്‍ മുസ്‌ലിംകളും ഹിന്ദുസഹോദരന്മാരുമുണ്ടായിരുന്നു.
ഒരു ടിന്നില്‍ അല്‍പ്പം ചോറുമായെത്തിയ പട്ടാളക്കാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി. എന്റെ ജീവിതത്തില്‍ ഇത്രയും സ്വാദുള്ള ഭക്ഷണം അതിനു മുമ്പോ ശേഷമോ കഴിച്ചിട്ടില്ല. അത്രയ്ക്കായിരുന്നു വിശപ്പ്. വാരിക്കഴിക്കുകയായിരുന്നില്ല, വാരി വിഴുങ്ങുകയായിരുന്നു.
ഏഴുമണിയായിക്കാണും, മരണവാഗണ്‍ പാഞ്ഞുവന്നു. പൊലിസ് മേധാവി ഹിച്‌കോക്ക് സായിപ്പും അമ്പതോളം പൊലിസുകാരും ജാഗരൂകരായി. കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാരെപ്പോലെ തടവുകാരെ വാഗണില്‍ കുത്തിനിറയ്ക്കാന്‍ തുടങ്ങി. 100 പേര്‍ അകത്തായപ്പോഴേക്കും പലരുടെയും പൃഷ്ടവും കൈകാലുകളും പുറത്തേയ്ക്കു തുറിക്കാന്‍ തുടങ്ങിയിരുന്നു.
തലയണയില്‍ ഉന്നം നിറയ്ക്കുന്ന ലാഘവത്തോടെ തോക്കിന്‍ചട്ടകൊണ്ട് അമര്‍ത്തിത്തള്ളി വാതില്‍ ഭദ്രമായി അടച്ചു കുറ്റിയിട്ടു. പലരുടെയും കാലുകള്‍ നിലത്തമര്‍ന്നില്ല. 250 ഓളം പാദങ്ങള്‍ ഒന്നിച്ചമരാനുള്ള വിസ്തീര്‍ണ്ണം ആ ചരക്കുവണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ഞങ്ങളുടെ യാത്ര ആരംഭിച്ചു.
ശ്വാസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ് ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. കൈയെത്തിയവരൊക്കെ വാഗണില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കി. ആരുണ്ടു കേള്‍ക്കാന്‍. മുറിക്കകത്തു കൂരാക്കൂരിരുട്ട്. വണ്ടി ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നതായി തോന്നി. ഞങ്ങള്‍ ശേഷിപ്പുള്ള ശക്തിയും സംഭരിച്ച് നിലവിളിച്ചു. എല്ലാം നിഷ്ഫലം.
അപ്പോഴേയ്ക്കും പലരും മേല്‍ക്കുമേല്‍ കമഴ്ന്നും മലര്‍ന്നും വീഴാന്‍ തുടങ്ങി. കുമി കുമിയായി മലം വിസര്‍ജ്ജിച്ചു. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു. ദാഹം സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല്‍ക്കാലികളെപ്പോലെ സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ നക്കി നുണഞ്ഞു. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപൊളിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം ആര്‍ത്തിയോടെ നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ എല്ലാ ബന്ധങ്ങളും മറന്നിരുന്നു.
ഞാനും എന്റെ സഹോദരന്‍ യൂസഫും ചെന്നുവീണതു മരണത്തിനു തല്‍ക്കാലം പിടികിട്ടാത്ത ഒരറ്റത്തായിരുന്നു. എങ്ങനെയോ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ദ്വാരത്തില്‍ മാറിമാറി മൂക്കുവച്ചു പ്രാണന്‍ പോകാതെ ഞങ്ങള്‍ പിടിച്ചു നിന്നു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുവന്നപ്പോള്‍ നാലഞ്ചു പേരുണ്ടു ഞങ്ങളുടെ മീതെ മരിച്ചു മരവിച്ചു കിടക്കുന്നു.
പുലര്‍ച്ചെ നാലുമണിക്കാണു വണ്ടി പോത്തനൂര്‍ സ്റ്റേഷനിലെത്തിയത്. ആ മഹാപാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. 64 പേരാണു കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്. 60 മാപ്പിളമാരും നാലു ഹിന്ദുസഹോദരങ്ങളും.'
വാഗണിലേക്കു തണുത്തവെള്ളം കോരിയൊഴിച്ചപ്പോള്‍ ജീവന്‍ അവശേഷിച്ചവര്‍ ഒന്നു പിടച്ചു. ഹാജിയടക്കം 34 പേരില്‍ ജീവന്റെ അംശം അവശേഷിച്ചിരുന്നു. അതില്‍ എട്ടുപേര്‍ ആശുപത്രിയിലെത്തും മുമ്പു മരിച്ചു.
പോത്തനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വാഗണില്‍ കുമിഞ്ഞുകൂടിക്കിടന്ന മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറാകാത്തതിനാല്‍ ആ മരണവാഗണ്‍ തിരൂരിലേക്കു തന്നെ തിരിച്ചയച്ചു. 56 മൃതദേഹങ്ങളാണു തിരൂരില്‍ കൊണ്ടുവന്നത്. ഇവരില്‍ 44 പേരെ കോരങ്ങത്ത് പള്ളി ഖബര്‍സ്ഥാനിലും എട്ടുപേരെ കോട്ട് പള്ളിയിലും ഖബറടക്കി. നാലു ഹൈന്ദവ സഹോദരന്മാരെ മുത്തൂര്‍കുന്നിലെ ഒരു കല്ലുവെട്ടുകുഴിയില്‍ സംസ്‌കരിച്ചു.
വാഗണ്‍ ദുരന്തവാര്‍ത്ത ഇന്ത്യയാകെ പരന്നു. സാമ്രാജ്യ തലസ്ഥാനമായ ലണ്ടനില്‍ വരെ ഇതിന്റെ അലയൊലികളെത്തി. ലണ്ടന്‍ പത്രങ്ങള്‍ ശക്തമായ മുഖപ്രസംഗങ്ങള്‍ എഴുതി പ്രതിഷേധം രേഖപ്പെടുത്തി. ദേശീയ നേതാക്കളുടെ അമര്‍ഷവും പ്രതിഷേധവും കത്തിജ്ജ്വലിച്ചു. ഡല്‍ഹി ലെജിസ്ലേറ്റീവ് അസംബ്ലിയിലും മദ്രാസ് കൗണ്‍സിലിലും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നു. ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് ഭരണാധികാരികള്‍ അന്വേഷണത്തിനു തയാറായി.
ആവശ്യമായ സാക്ഷികളും തെളിവുകളും കമ്മിഷനു മുമ്പാകെ എത്താതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊലിസ് ചെയ്തിരുന്നു. സാക്ഷികള്‍ ഭൂരിഭാഗവും പൊലിസിന് അനുകൂലമായി മൊഴി നല്‍കി. കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫിസര്‍ റാം നല്‍കിയ മൊഴി പൊലിസിന് എതിരായിരുന്നു. ശ്വാസം മുട്ടിയാണ് 70 പേരും മരിച്ചതെന്നും ഇവരെ കുത്തിനിറച്ച വാഗണ്‍ മനുഷ്യരെ കയറ്റാന്‍ യോജിച്ചതായിരുന്നില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞു.
എന്നിട്ടും പൊലിസും റെയില്‍വേയും 'നിരപരാധിക'ളാണെന്നായിരുന്നു കണ്ടെത്തല്‍. വാഗണ്‍ നിര്‍മിച്ച കമ്പനിയും അത് ഏല്‍പ്പിച്ചു കൊടുത്ത ട്രാഫിക് ഇന്‍സ്‌പെക്ടറുമായിരുന്നു കമ്മിഷന്റെ നിഗമനത്തില്‍ ശിക്ഷാര്‍ഹര്‍. എങ്കിലും റെയില്‍വേ മേധാവി ആന്‍ഡ്രൂസിനെയും ഒരു പൊലിസ് ഹെഡ് കോണ്‍സ്റ്റബിളിനേയും പ്രതിപട്ടികയില്‍ ചേര്‍ത്തു. കോടതി ഇവരെ വെറുതെ വിടുകയും ചെയ്തു.
എങ്കിലും നാപ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അവസാനത്തില്‍ എഴുതി ചേര്‍ത്ത രണ്ടു വസ്തുതകള്‍ ശ്രദ്ധേയമാണ്. 'തിരൂരില്‍നിന്നു വണ്ടി പുറപ്പെട്ടതിനുശേഷം അതു തുറന്നുനോക്കാന്‍ പൊലിസുകാര്‍ തയാറായില്ല. ജീവനുള്ള മനുഷ്യരാണു വാഗണിലുള്ളതെന്ന ചിന്ത അവര്‍ക്കില്ലാതെ പോയതു ക്രൂരവും പൈശാചികവുമാണ്. ശ്വാസം മുട്ടിയല്ല 72 പേരും മരിച്ചതെന്നു വരുത്തിതീര്‍ക്കാന്‍ ചിലര്‍ നടത്തിയ ശ്രമവും അപലപനീയമാണ് .'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."