ക്യാംപ് നടത്തി
ഹരിപ്പാട്: രത്നന് സാര്‍ ഫൗണ്ടേഷന്, ഹരിപ്പാട് ലയന്‍സ് ക്ലബ്, തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും നടന്നു. തെക്കേനടയിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ക്യാംപ് നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാസുശീലന് ഉദ്ഘാടനം ചെയ്തു.
ക്യാംപില്‍ അരവിന്ദ് കണ്ണാശുപത്രിയിലെ ഏറ്റവും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നല്കി. കണ്ണിലുണ്ടാകുന്ന തിമിരം, മാലക്കണ്ണ്, ഹ്രസ്വദൃഷ്ടി, കണ്ണീര്, ചതവളര്ച്ച, വീര്‍ വടിയുക തുടങ്ങിയ എല്ലാ നേത്ര രോഗങ്ങള്‍ക്കും സൗജന്യമായി ചികിത്സ നല്കിയ ക്യാംപില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന നൂറോളം രോഗികളെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി.
ആധുനിക രീതിയിലുള്ള ഐ.ഒ.എല്‍ ലെന്‍സ് ഉപയോഗിച്ച് സൗജന്യമായി ശസ്ത്രക്രിയയാണ് ഇവര്‍ക്ക് നടത്തുന്നത്. ശസ്ത്രക്രിയയ്ക്ക് പോകുന്ന രോഗികള്‍ക്ക് യാത്ര, ഭക്ഷണം, താമസം, ചികിത്സ എല്ലാം സൗജന്യമായിരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്മാന് എം.കെ വിജയന് അധ്യക്ഷനായി. രത്നന്സാറിന്റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രത്നന്‍സാര്‍ ഫൗണ്ടേഷന് ഹരിപ്പാട് നഗരസഭയ്ക്ക് സൗജന്യമായി നിര്‍മിച്ച് നല്കുന്ന 100 ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന്റെ ഔപചാരിക താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു. ഫൗണ്ടേഷന് വൈസ് ചെയര്മാന് കൈലാസ്നാഥ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.
എം സജീവ്, ബി ബാബുരാജ്, രാധാ രാമചന്ദ്രന്, വി.ബി രത്നകുമാരി, എം സോമന്, ശോഭാ വിശ്വനാഥ്, കുഞ്ഞുമോള്‍, രാധാമണി വേണുഗോപാല്‍, പി ചന്ദ്രമോഹന്, ആര് കൈലാസ്നാഥ് എന്നിവര്‍ സംസാരിച്ചു. ഹരിപ്പാട് ലയണ്‍സ് ക്ലബ് പ്രസിഡന്റും രത്നന്‍സാര്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ആര് ഹരീഷ് ബാബു സ്വാഗതവും ഹരിപ്പാട് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി.സി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."