കേരള ബിസിനസ് ഫോറം; ഖത്തര്‍ മലയാളി കച്ചവടക്കാര്‍ക്കൊരു പൊതുവേദി
ദോഹ: ഖത്തറിലെ മലയാളി വ്യാപാരികളുടേയും വ്യവസായികളുടേയും കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് ആറരയ്ക്ക് ഹോളിഡേ ഇന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും ഖത്തര്‍ ഇക്കണോമിക്ക് ഫോറം, ചേംബര്‍ ഓഫ് കോമേഴ്‌സ്, മനാടെക്ക് തുടങ്ങിയവയുടെ പ്രതിനിധികളും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തോടനുബന്ധിച്ച് കേരള ബിസിനസ് ഫോറത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ആദ്യകാല മലയാളി വ്യാപാരികളും വ്യവസായികളുമായ ആറുപേരെ ആദരിക്കും. പി പി ഹൈദര്‍ ഹാജി, എം പി ഷാഫി ഹാജി, എ കെ ഉസ്മാന്‍, പത്മശ്രീ സി കെ മേനോന്‍, സി വി റപ്പായി, പി എ അബൂബക്കര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുക.
കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് മലയാളി ബിസിനസുകാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തത് ഖത്തറില്‍ നിന്നായിരുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ മലയാളികളായിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു ആലോചനയുണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിലവില്‍ 30 ചാര്‍ട്ടര്‍ അംഗങ്ങളും ഇരുപതോളം ലൈഫ് അംഗങ്ങളും ഉള്‍പ്പെടെ അന്‍പതോളം പേരാണ് സംഘടനയില്‍ അംഗങ്ങളായി ഉള്ളത്. സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യകാല പരിപാടികളിലും ആലോചനാ യോഗങ്ങളിലും പങ്കെടുത്തവരാണ് ചാര്‍ട്ടര്‍ അംഗങ്ങള്‍.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കേരള ബിസിനസ് ഫോറം ഉദ്ദേശിക്കുന്നത്. ബിസിനസുകാര്‍ക്കിടയില്‍ 'ഷെയര്‍ ആന്റ് കെയര്‍' നിര്‍വഹിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഖത്തറിലും കേരളത്തിലും ബിസിനസ് നിര്‍വഹിക്കുന്നവരുടെ അനുഭവങ്ങളും പരിചയങ്ങളും പങ്കുവെക്കുന്നതിനോടൊപ്പം ആവശ്യമായ നിര്‍ദ്ദേശങ്ങളും പരസ്പര സഹായവുമാണ് ഉദ്ദേശം. നാട്ടില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് ടാക്‌സ് റജിസ്റ്റര്‍, തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഖത്തര്‍ പോലുള്ള രാജ്യങ്ങളില്‍ അത്തരം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതില്ലെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ നാട്ടില്‍ പണം മുടക്കുമ്പോള്‍ അതിന് ആവശ്യമായ സുരക്ഷിതത്വം ലഭ്യമാകുമെന്ന ഗുണവശമുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളം ഇപ്പോള്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമായിട്ടുണ്ടെന്നും അതിന് സംസ്ഥാന സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും മികച്ച പിന്തുണയാണ് നല്കുന്നതെന്നും അവര്‍ പറഞ്ഞു. ഖത്തറിനെ അപേക്ഷിച്ച് കേരളത്തിലെ വ്യാവസായിക വളര്‍ച്ച വളരെ പതുക്കെയാണെന്ന് മാത്രമല്ല മനുഷ്യവിഭവശേഷി ചെലവേറിയതുമാണ്. മാത്രമല്ല, ആവശ്യമായ പരിശീലനം നല്കിയ ജീവനക്കാരെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ അവര്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേക്ക് മാറിപ്പോകുന്നതും പതിവാണ്. ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യം വളരെ കുറവാണെന്നും അവര്‍ പറഞ്ഞു. കടലിലും സ്വിമ്മിംഗ് പൂളിലും നീന്തുന്നത് വ്യത്യസ്ത അനുഭവമാണെന്നതു പോലെയാണ് കേരളത്തിലും ഖത്തറിലും ബിസിനസില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ സ്വിമ്മിംഗ്പൂളില്‍ നീന്തിപ്പരിചയമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നേടാനായാല്‍ കടലിലും നീന്താനാകുമെന്നതു പോലെയാണ് ഖത്തറില്‍ ബിസിനസുള്ളവര്‍ക്ക് കേരളത്തിലും വ്യാപാരം നടത്താനാവുകയെന്നും കേരള ബിസിനസ് ഫോറം സംഘാടകര്‍ പറഞ്ഞു.
ഖത്തറില്‍ സര്‍ക്കാര്‍ മികച്ച ബിസിനസ് പിന്തുണയാണ് നല്കുന്നത്. നല്ല രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡന്റ് അബ്ദുല്ല തെരുവത്ത്, വൈസ് പ്രസിഡന്റുമാരായ ഇ പി അബ്ദുറഹ്മാന്‍, എ പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജി കുര്യാക്കോസ്, ജെന്നി ആന്റണി, കെ ആര്‍ ജയരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."