സലഫി പ്രവര്‍ത്തകരുടെ മാര്‍ഗഭ്രംശം ആശങ്കാജനകം: സുന്നി നേതാക്കള്‍
കോഴിക്കോട്: മുസ്‌ലിംകളില്‍ ചിലര്‍ രാജ്യംവിട്ട് പുറത്തുപോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും മഹാന്മാരുടെ മഖാമുകള്‍ തകര്‍ക്കുന്നതിന് നിമിത്തമാകും വിധത്തില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ചിലരുടെ നീക്കവും അത്യന്തം അപകടകരവും ആശങ്കാജനകവുമാണെന്ന് സുന്നി നേതാക്കളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), ഉമര്‍ ഫൈസി മുക്കം (സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ (സുന്നി യുവജന സംഘം), സത്താര്‍ പന്തലൂര്‍ (എസ്.കെ.എസ്.എസ്.എഫ്) എന്നിവര്‍ പ്രസ്താവിച്ചു.
ഇസ്‌ലാമിക ലോകം ഏറെ ആദരിക്കുന്ന ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ), ഇമാം നവവീ (റ) തുടങ്ങിയ മഹാന്മാരുടെ മഖാമുകള്‍ തകര്‍ത്ത ഐ.എസ് ഭീകരരെ അനുകരിച്ച് നിലമ്പൂര്‍ നാടുകാണി മുഹമ്മദ് സ്വാലിഹ് മൗലാ മഖാം തകര്‍ക്കുക വഴി കേരളത്തിലും ആ ദുഷ്പ്രവണതക്ക് ചിലര്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
നാടുകാണി മഖാം തകര്‍ത്ത അക്രമികളെ പിടികൂടിയ പൊലിസ് കഴിഞ്ഞ വര്‍ഷം കണ്ണിയത്ത് ഉസ്താദ് മഖാമിന് തീയിട്ടവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഇതിനകം രാജ്യംവിട്ട് പുറത്തുപോയവരും മഖാം തകര്‍ത്തവരും സലഫി പ്രവര്‍ത്തകരാണെന്നതും ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര പ്രസ്ഥാനങ്ങള്‍ സലഫി പ്രസ്ഥാനത്തിന്റെ വകഭേദങ്ങളാണെന്നതും പ്രശസ്തമായ പല രാജ്യങ്ങളും സലഫി പ്രസ്ഥാനത്തിന് നല്‍കുന്ന അമിത പ്രാധാന്യത്തില്‍നിന്ന് മാറിച്ചിന്തിക്കുകയാണെന്നതും ശ്രദ്ധേയമാണ്.
പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മാര്‍ഗഭ്രംശത്തിലകപ്പെടുന്ന പ്രവര്‍ത്തകരെ നേര്‍വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അനുമതി നല്‍കുന്ന നിലപാട് മുജാഹിദ് പ്രസ്ഥാനം പുനഃപരിശോധിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."