പുതിയ ഹജ്ജ് നയം: ഔദ്യോഗിക പ്രഖ്യാപനമില്ല; കേന്ദ്ര തന്ത്രം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് തിരിച്ചടിയാകുന്നു.
ഹജ്ജിന് നേരിട്ട് അവസരം നല്‍കിവരുന്ന അഞ്ചാം വര്‍ഷ അപേക്ഷകരെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും, ഇതര സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഹജ്ജ് നയം ക്യാബിനറ്റില്‍ പാസാക്കുന്നത് കേന്ദ്രം വൈകിപ്പിക്കുന്നത്. പുതിയ ഹജ്ജ് നയം ക്യാബിനറ്റില്‍ പാസാക്കിയതിന് ശേഷം വേണം പ്രഖ്യാപിക്കാന്‍. ഈ നടപടി ഇതുവരെ നടന്നിട്ടില്ല.
പുതിയ ഹജ്ജ് നയം അനുസരിച്ചാണ് അപേക്ഷ തയാറാക്കിയതെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
സുപ്രിം കോടതിയിലടക്കം ഇത് ചോദ്യം ചെയ്യുമ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമെ കോടതി പ്രശ്‌നം പരിഗണിക്കുകയുള്ളു. സംസ്ഥാനങ്ങള്‍ സുപ്രിം കോടതിയെ സമീപിക്കുന്നത് തടയിടാനാണ് പോളിസി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഹജ്ജിന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷം അപേക്ഷ നല്‍കുന്നവര്‍ക്ക് നേരിട്ട് ലഭിച്ചിരുന്ന അവസരം ഒഴിവാക്കിയതും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്നടക്കമുള്ള വിവാദ നയങ്ങള്‍ക്കുമെതിരേയാണ് കേരളം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലും ഗുജറാത്തിലുമാണ് നാലാം വര്‍ഷക്കാര്‍ കൂടുതലുള്ളത്. കേരളത്തിന് പിറകെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നടത്തിപ്പിനെതിരേ സുപ്രിം കോടതിയെ സമീപിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് കരട് നയം ക്യാബിനറ്റില്‍ പാസാക്കി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതെന്ന വാദമാണ് ഉയരുന്നത്.
സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ പ്രതീക്ഷയോടെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും തീര്‍ഥാടകരും കഴിയുന്നത്. തുടര്‍ച്ചയായി അപേക്ഷയും രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും നല്‍കി ഓരോ വര്‍ഷവും കാത്തിരുന്നത് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
കോടതി കനിഞ്ഞാല്‍ കേരളം ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കാല്‍ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് പോകാനാകും.
കേരളത്തില്‍നിന്ന് തന്നെ 13,721 പേര്‍ നാലാം വര്‍ഷ അപേക്ഷകരായുണ്ട്. അതേസമയം, പുതിയ നയം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി കോടതി നടപടികളെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."