സ്‌ഫോടനമായി മാറുന്ന മതം മാറ്റം
മതപരിവര്‍ത്തനം ബോംബ്‌സ്‌ഫോടനംപോലെ മാരകമായ പ്രഹരമായി, സങ്കീര്‍ണമായ സമസ്യയായി മാറിയ(മാറ്റിയ) പരിസരത്താണു നാം ജീവിക്കുന്നത്. മനഃപരിവര്‍ത്തനംകൊണ്ടു മാത്രം സംഭവിക്കേണ്ട മതപരിവര്‍ത്തനം അതുകൊണ്ടുതന്നെ വലിയ കോലാഹലമൊന്നും ഉയര്‍ത്തിവിടേണ്ട കാര്യമല്ല. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ മാത്രം ഇതു സാമൂഹികപ്രത്യാഘാതങ്ങള്‍ക്കു വഴിതുറക്കുന്ന ഗൗരവതരമായ വിഷയമായി മാറിയെന്നത് അപഗ്രഥിക്കേണ്ടതാണ്.
പാശ്ചാത്യനാടുകളിലും അമേരിക്കയിലുമൊക്കെ മതംമാറ്റം സാധാരണസംഭവമായാണു പരിഗണിക്കപ്പെടുന്നതെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പഠന,ഗവേഷണ,നിരീക്ഷണങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന സ്വാഭാവികപ്രക്രിയയാണ് അവര്‍ മതംമാറ്റമെന്ന മനംമാറ്റത്തെ വീക്ഷിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരേ വീട്ടില്‍ വ്യത്യസ്ത രാഷ്ട്രീയനിലപാടുള്ളവര്‍ കഴിയുന്നപോലെ അവിടെ വ്യത്യസ്തമതവിശ്വാസമുള്ളവരും സ്‌നേഹത്തോടെ ജീവിക്കുന്നു.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് അറബികള്‍ക്കിടയിലും ഇതു വ്യാപകമായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് ഇസ്‌ലാം സ്വീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പിതാവ് ആ പാതയിലെത്തുന്നത്. അതുവരെയുള്ള കാലത്തും അവര്‍ സ്‌നേഹോഷ്മളതയുള്ള പിതാവും പുത്രനുമായിരുന്നു. ആ പിതാവിനു മകനില്‍നിന്നു പൂര്‍ണ ശ്രദ്ധയും സംരക്ഷണവും ലഭിച്ചിരുന്നു. അതുപോലെ, ബന്ധുക്കളും ആശ്രിതരുമായ പലരും പഴയമതത്തില്‍ ഉറച്ചുനിന്നിട്ടും അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങളും സംരക്ഷണവും നല്‍കുന്നതില്‍ ഇസ്‌ലാം സ്വീകരിച്ച മറ്റുള്ളവരും വീഴ്ചവരുത്തിയില്ല. അതില്‍ ആരെങ്കിലും അലംഭാവം കാട്ടിയാല്‍ അവരെ ശാസിച്ചും ശകാരിച്ചും ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയതായി കാണാം.
ഈ പശ്ചാത്തലത്തില്‍വേണം കോട്ടയം ജില്ലയില്‍ അഖിലയെന്ന യുവതി ഇസ്‌ലാം സ്വീകരിച്ചു ഹാദിയ ആയതുമായി ബന്ധപ്പെട്ട വിവാദങ്ങളും കോലാഹലങ്ങളും വിലയിരുത്താന്‍. വേണ്ടതിലധികം മാധ്യമശ്രദ്ധയ്ക്കിടയാക്കിയതും വലിയ നിയമപ്പോരാട്ടങ്ങള്‍ക്കും ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും വഴിവച്ചതുമാണ് ഈ സംഭവം. ഒരു വിഭാഗം ഈ പ്രശ്‌നത്തെ വലിയ വൈകാരികപ്രശ്‌നമാക്കി മാറ്റി. മറുവിഭാഗം അതു വലിയ അഭിമാനപ്രശ്‌നമാക്കിയെടുത്തു. ബാഹ്യഇടപെടലില്ലാതെ തികച്ചും വൈയക്തികമായി ഈ പരിവര്‍ത്തനം നടന്നിരുന്നെങ്കില്‍ ഹാദിയപ്രശ്‌നം ഇത്രയൊന്നും സങ്കീര്‍ണമായി മാറില്ലായിരുന്നു.
ഹാദിയയിലേയ്ക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ അഖിലയ്ക്കു ലഭിച്ച മതപരമായ അധ്യാപനങ്ങളും ഉദ്‌ബോധനങ്ങളും പുര്‍ണവും സത്യസന്ധവുമായിരുന്നില്ലെന്നു സംശയിപ്പിക്കുന്ന തരത്തിലാണു പിന്നീടുണ്ടായ നീക്കങ്ങള്‍. ഹാദിയ ആയശേഷവും അവള്‍ക്കു മാതാപിതാക്കളുടെ മുന്നില്‍ പതിവുപോലെ മകളായി ജീവിക്കാനും പെരുമാറാനും കഴിഞ്ഞിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നു ദൂരെനിന്നു വീക്ഷിക്കുമ്പോള്‍ തോന്നുകയാണ്.
അവളുടെ മതംമാറ്റം മാതാപിതാക്കളുമായുള്ള സമീപനത്തില്‍ ഒരു മാറ്റവും ആവശ്യപ്പെടുന്നില്ല. ഒരു മകളായി മാതാപിതാക്കളോട് പൂര്‍ണമായി ഇണങ്ങിയും അവരെ പരിചരിച്ചും കഴിയുന്നതിന് അവളുടെ പുതിയ മതം ഒരു നിയന്ത്രണവും വരുത്തുന്നില്ല. അതിനു വിരുദ്ധമായി അവള്‍ വല്ലതും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അതു പഠിപ്പിച്ചു കൊടുത്തവരുടെ കുഴപ്പമാണ്. മാതാവ് വാവിട്ടു കരഞ്ഞ് ഞങ്ങള്‍ക്കു മകളെ നഷ്ടപ്പെടുകയാണെന്നു വിലപിക്കേണ്ടിവന്നത് അവളുടെ പെരുമാറ്റത്തില്‍വന്ന മാറ്റത്തിന്റെ പേരിലായിരിക്കുമല്ലോ.
മാതാപിതാക്കളോടു മക്കള്‍ അനുവര്‍ത്തിക്കേണ്ട സമീപനത്തെപ്പറ്റി ഖുര്‍ആന്‍ പലേടത്തും ഉണര്‍ത്തുന്നുണ്ട്. സൂറ ലുഖ്മാനില്‍ ഇതു സംബന്ധിച്ചു വന്ന നിര്‍ദേശം ഖണ്ഡിതവും അര്‍ഥശങ്കയ്ക്ക് ഇടനല്‍കാത്തതുമാണ്:
'തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം മനുഷ്യനെ ഉപദേശിക്കുന്നു. അവന്റെ മാതാവ് അവനെ ക്ലേശത്തിനു മേല്‍ ക്ലേശം സഹിച്ചു ചുമന്നു രണ്ടു വര്‍ഷങ്ങളിലായി അവന്റെ മുലകുടിയും ഏര്‍പ്പാടു ചെയ്തു. (അതിനാല്‍) എനിക്കും മാതാപിതാക്കള്‍ക്കും നന്ദികാണിക്കണമെന്ന്. ഇനി അവര്‍ എന്നോടു നിനക്കറിയാത്ത വസ്തുവിനെ പങ്കാളിയാക്കാന്‍ (ബഹുദൈവാരാധന) അവര്‍ നിര്‍ബന്ധിച്ചാല്‍ (അക്കാര്യത്തില്‍) അവരെ അനുസരിക്കരുത്. എന്നാല്‍, ഭൗതികജീവിതത്തല്‍ അവരോടു സൗമ്യമായി സമ്പര്‍ക്കപ്പെടുക. (ലുഖ്മാന്‍: 1314)
മുന്‍ഗാമികളുടെ ജീവിതത്തിലും ഇതിന് അനുരൂപമായ മാതൃകകളാണു കാണാന്‍ കഴിയുക. ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പും പൂര്‍വികസമുഹങ്ങളിലും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രവാചകരായ നൂഹ്, ലൂഥ് എന്നിവരുടെ ഭാര്യമാര്‍ അവിശ്വാസികളായിരുന്നു. അവിശ്വാസിയായ ഫറോവയുടെ പത്‌നി സത്യവിശ്വാസം മുറുകെപ്പിടിച്ചു തന്നെ ദാമ്പത്യജീവിതവുമായി മുന്നോട്ടുപോയി. നബി തിരുമേനിയുടെ അനുചരരില്‍ പലരും സ്വന്തം ബന്ധത്തില്‍ ഇത്തരം വ്യതിയാനങ്ങള്‍ സൗമ്യമായി നേരിട്ടതിനു ചരിത്രം സാക്ഷിയാണ്.
പിന്നെയെന്താണ് ഈ വിഷയത്തെ ഇത്ര സ്‌ഫോടനാത്മകമാക്കിയത്. ഒരു യുവതി സ്വന്തംനിലയ്ക്കു മറ്റൊരു മതം സ്വീകരിക്കുന്നതിലോ തനിക്കിഷ്ടമുള്ള വരനെ സ്വീകരിക്കുന്നതിലോ മതാനുയായികള്‍ക്കിടയില്‍ ഇത്രയേറെ വാശിയും വിദ്വേഷവും സൃഷ്ടിക്കാന്‍ മാത്രം എന്തപകടമാണ് അടങ്ങിയിരിക്കുന്നത്. സമാനമായ സംഭവങ്ങള്‍ ഇതരസമുദായങ്ങള്‍ക്കിടയില്‍ ഇത്ര ബഹളം സൃഷ്ടിക്കാതെ നടക്കുന്നുണ്ടല്ലോ.
സമുദായങ്ങള്‍ക്കിടയില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും വളര്‍ത്തി ധ്രുവീകരണം സൃഷ്ടിച്ചു രാഷ്ട്രീയലാഭം കൊയ്യാന്‍ കാത്തിരിക്കുന്നവരുടെ ഒളിയജന്‍ഡകളാണു കാര്യങ്ങള്‍ ഇത്രയേറെ വഷളാക്കുന്നത്. അതു തിരിച്ചറിയാന്‍ കഴിയാത്ത സാധുക്കള്‍ അറിയാതെ അവരുടെ കെണിയില്‍ കുടുങ്ങിപ്പോകുന്നു.
നൂറ്റാണ്ടുകളായി അകല്‍ച്ചയും വിവേചനവുമില്ലാതെ കഴിഞ്ഞിരുന്നവര്‍ക്കിടയില്‍, അന്യോന്യം അറിഞ്ഞും അംഗീകരിച്ചും കഴിഞ്ഞ സമുദായങ്ങള്‍ക്കിടയില്‍ വൈരത്തിന്റെയും പകയുടെയും വിഷവിത്തു പാകുന്നവരെ എന്തുകൊണ്ടു നമുക്കു തിരിച്ചറിയാനും തടയാനും കഴിയുന്നില്ല. വടക്കേ ഇന്ത്യയിലുള്ളവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയത് അങ്ങനെയായിരിക്കാം. അവരുടെ കാഴ്ചപ്പാടില്‍ പോരാട്ടങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയുമാണ് ഇസ്‌ലാം കടന്നുവന്നതെന്ന ന്യായമുണ്ടാകാം. ഇന്ത്യാവിഭജനത്തിന്റെ ചരിത്രസത്യങ്ങള്‍ വക്രീകരിക്കപ്പെട്ടു മാത്രം മനസിലാക്കിയവര്‍ ആ കറുത്ത അധ്യായങ്ങള്‍ മനസില്‍ സൂക്ഷിക്കന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുണ്ടാകാം. അതു നമ്മുടെ നാട്ടില്‍ വിറ്റഴിക്കാന്‍ സമ്മതിച്ചുകൂടാ.
കേരളത്തിന്റെ ചരിത്രം തികച്ചും വ്യത്യസ്തമാണ്. ഇവിടെ ആദ്യം കടന്നുവന്ന മുസ്‌ലിംകളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അവര്‍ക്കു പള്ളി നിര്‍മിക്കാനും വീടു നിര്‍മിക്കാനും ഭൂമിയും സൗകര്യങ്ങളും നല്‍കി സഹായിച്ചതും സ്വന്തം പെണ്‍കുട്ടികളെ കെട്ടിച്ചുനല്‍കിയതും ഇവിടത്തെ ഹിന്ദുസഹോദരങ്ങളുടെ പൂര്‍വികരായിരുന്നില്ലേ. അങ്ങനെ ആ വിവാഹബന്ധത്തിലൂടെയല്ലേ പുതിയാപ്പിളമാരും മാപ്പിളമാരുമായി ഇവിടെ മുസ്‌ലിംകള്‍ അറിയപ്പെട്ടത്. ഇത്തരമൊരു ചരിത്രപശ്ചാത്തലമുള്ള കേരളീയര്‍ ഇതൊന്നുമറിയാത്ത വടക്കേയിന്ത്യക്കാര്‍ ചൊല്ലിത്തരുന്ന മതവിദ്വേഷത്തിന്റെ പാഠങ്ങള്‍ കേട്ടുപഠിക്കേണ്ട ഗതികേടിലല്ലല്ലോ. നമ്മുടെ നന്മകളുടെ അംശം അവര്‍ക്കുകൂടി പകര്‍ന്നു നല്‍കി അവരെയും സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലേയ്ക്കു നയിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ ന്യൂനപക്ഷമായും ഭൂരിപക്ഷമായും വിവിധ മതവിഭാഗങ്ങള്‍ ജീവിച്ചുപോരുന്നുണ്ട്. പക്ഷേ, ചുരുക്കം ചില പ്രദേശങ്ങളിലൊഴികെ, അതും അപൂര്‍വമായി മാത്രം, വര്‍ഗീയചേരിതിരിവോ സംഘര്‍ഷമോ ഉണ്ടാകാറില്ല. ചെറിയ തീപ്പൊരികളെ ഊതി ആളിക്കത്തിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും വിജയിക്കാറില്ല.
മതത്തില്‍ തീവ്രതയും മൗലികതയും ആരോപിക്കപ്പെടുന്ന മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ല തന്നെയാണു സൗഹൃദത്തിന്റെയും പരസ്പരസഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും നല്ല മാതൃകയെന്നു കൂടി ഓര്‍ക്കണം. ഇത് ഒരു സുകുമാര്‍ കക്കാടോ പി. സുരേന്ദ്രനോ സേതുരാമന്‍ ഐ.പി.എസ്സോ മാത്രം നല്‍കുന്ന സാക്ഷിപത്രമല്ല. മലപ്പുറം ജില്ലയുടെ മുക്കുമൂലകളില്‍ ഓഫിസുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും മറ്റും വര്‍ഷങ്ങളോളം ജീവിച്ച് അവിടത്തെ പച്ചമനുഷ്യരുമായി നേരിട്ടിടപെട്ട നൂറുകണക്കിന് അനുഭവസ്ഥര്‍ ഏറ്റുപറയുന്ന സത്യമാണത്.
അപ്പോള്‍ മതംമാറ്റത്തെ സ്‌ഫോടനാത്മകമായി കത്തിച്ചുനിര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഇരുവിഭാഗങ്ങളെയും കണ്ടറിഞ്ഞു ഒറ്റപ്പെടുത്താനുള്ള ശ്രമമാണു സമാധാനകാംക്ഷികളായ എല്ലാ മതക്കാരും നടത്തേണ്ടത്. പ്രകോപനത്തിലുടെയോ പ്രലോഭനത്തിലൂടെയോ ആരെയെങ്കിലും പിടിച്ചു ഏതെങ്കിലും മതത്തിലേയ്ക്കു തിരുകിക്കയറ്റുക വഴി ആര്, എന്ത് നേടാനാണ്. ആശയപ്രചാരണത്തിനും സ്വസ്ഥമായ ജീവിതം ഉറപ്പുവരുത്താനും നാട്ടില്‍ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തുകയാണ് ആവശ്യം. അതിനു ഭംഗം വരുത്തുന്നവരെ സാമൂഹ്യവിരുദ്ധരായി കണക്കാക്കി കൈകാര്യം ചെയ്യുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."