സ്വകാര്യ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ഇ.ടി
ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ഹജ്ജ് നയവുമായി ബന്ധപ്പെട്ട കരടുരേഖ ചര്‍ച്ചചെയ്തു കൊണ്ടിരിക്കെ അന്തിമ തീരുമാനമെടുക്കും മുന്‍പ് സ്വകാര്യക്വാട്ട അഞ്ചുശതമാനം വര്‍ധിപ്പിച്ച് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
പുതിയ ഹജ്ജ് നയം സംബന്ധിച്ച സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സംസ്ഥാന- കേന്ദ്ര ഹജ്ജ് കമ്മിറ്റികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഹജ്ജ് നയംസംബന്ധിച്ച് പല ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാര്‍ മുന്‍പാകെ എതിരഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഹജ്ജ് കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ കരടുനയം സംബന്ധിച്ച് അന്തിമതീര്‍പ്പില്‍ എത്തും മുന്‍പ് എക്സികൂട്ടിവ് ഉത്തരവിട്ട് ക്വാട്ട വര്‍ധിപ്പിച്ചതായി അറിയിച്ച് ഹജ്ജ് കമ്മിറ്റിക്കു നിര്‍ദേശം കൊടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ഹജ്ജ് കമ്മിറ്റിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമായും ഇ.ടി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."