റബീഉല്‍ അവ്വല്‍ പിറന്നു; ഗള്‍ഫ് രാഷ്ട്രങ്ങളിലും മൗലിദ് മജ്‌ലിസുകള്‍ സജീവമായി
മനാമ: റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ ഗള്‍ഫ് രാഷ്ട്രങ്ങളിലും മൗലിദ് മജ്‌ലിസുകള്‍ സജീവമായി. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഔഖാഫ്മത കാര്യവിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികള്‍ റബീഉല്‍ അവ്വല്‍ 12നാണ് നടക്കുക. അതേ സമയം വിവിധ പ്രവാസി മത സംഘടനകളുടെ നേതൃത്വത്തില്‍ റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ മൗലിദ് മജ്‌ലിസുകളും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ആരംഭിച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്രഘടകത്തിനു കീഴില്‍ 15 കേന്ദ്രങ്ങളിലായാണ് ഔദ്യോഗികമായി മൗലിദ് സദസ്സുകള്‍ നടക്കുന്നത്. ഇത് കൂടാതെ വിവിധ കൂട്ടായ്മകളുടെ കീഴിലും മൗലിദ് മജ് ലിസ്സുകള്‍ നടക്കുന്നുണ്ട്.
റബീഉല്‍ അവ്വല്‍ 1 മുതല്‍ 12ാം രാവ് വരെ, മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര മദ്രസ്സാ ഓഡിറ്റോറിയത്തിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൗലിദ് മജ്‌ലിസുകള്‍ തുടരും. തുടര്‍ന്ന് റബീഉല്‍ അവ്വല്‍ 12ാം രാവില്‍ മനാമയില്‍ വിപുലമായ മൗലിദ് മജ്‌ലിസും നടക്കും. ഇതില്‍ സ്വദേശി പ്രമുഖരും സമസ്തയുടെ കേന്ദ്ര ഏരിയാ നേതാക്കളും സംബന്ധിക്കും.
പ്രതിദിന മൗലിദ് മജ്‌ലിസിനോടൊപ്പം പ്രവാചക സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം സമസ്ത ആസ്ഥാനത്ത് നടന്ന മൗലിദ് മജ്‌ലിസിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാചക സന്ദേശങ്ങളും പാഠങ്ങളും ജിവീതത്തില്‍ പകര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തങ്ങള്‍ മൗലിദ് മജ് തന്റെ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. നബിദിന മാസമായ റബീഉല്‍ അവ്വല്‍ വന്നെത്തുന്‌പോള്‍ സത്യ വിശ്വാസികള്‍ക്കെല്ലാം സന്തോഷവും ആനന്ദവും അനുഭവപ്പെടും. അതേസമയം പിശാചിനും കപട വിശ്വാസികള്‍ക്കും അത് വല്ലാത്ത മാനസിക പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ കോ-ഓഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര പ്രഥമ ദിനത്തിലെ മൗലിദ് സന്ദേശത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവും ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അടുത്ത ദിവസം മൗലിദ് മജ് ലിസില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
'അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക' എന്ന പ്രമേയത്തില്‍ ആരംഭിച്ച സമസ്തയുടെ ദ്വൈമാസ മീലാദ് കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവാചക സന്ദേശ പ്രചരണ പരിപാടികളാണ് ബഹ്‌റൈനിലുടനീളം നടക്കുന്നത്. സ്വദേശി പ്രമുഖരടക്കമുള്ള പണ്ഡിതരും സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും നേതൃത്വം നല്‍കും. സമസ്തക്കു പുറമെ വിവിധ മുസ്‌ലിം സംഘടനകളും പ്രത്യേക നബിദിന പരിപാടികള്‍ അടുത്ത ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."