വര്‍ണവെറിയെന്ന അധമവികാരം പകര്‍ച്ചവ്യാധിയാണ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതരില്‍നിന്നു തനിക്കു വംശീയവിവേചനം നേരിട്ടിട്ടുണ്ടെന്നും സ്വന്തം ടീമിലെ അംഗങ്ങളില്‍നിന്നുപോലും വംശീയമായ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഉസ്മാന്‍ ക്വാജ വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയില്‍ വംശീയത വ്യക്തമായി നിലനില്‍ക്കുന്നുണ്ടെന്നും തൊലിനിറം നോക്കിയാണു പലപ്പോഴും ടീമിലേയ്ക്കു സെലക്ട് ചെയ്യുന്നതെന്നും തൊലി കറുത്തുപോയെന്നതുകൊണ്ടു മികവുറ്റ പല താരങ്ങള്‍ക്കും ടീമില്‍ ഇടംകിട്ടാതെ പോയെന്നും അദ്ദേഹം ആരോപിച്ചു.
മുപ്പത്തൊന്നുകാരനായ ഉസ്മാന്‍ പാകിസ്താന്‍ വംശജനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ആദ്യമുസ്‌ലിമുമാണ്. ഒരു ദശാബ്ദത്തിലേറെക്കാലമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്നയാള്‍ എന്ന അനുഭവം വച്ച്, ഓസ്‌ട്രേലിയയില്‍ വംശീയവിവേചനമുണ്ടെന്ന ഉസ്മാന്റെ അഭിപ്രായത്തോട് ഈ ലേഖകനും പൂര്‍ണമായും യോജിക്കുന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം മീഡിയ സെന്ററിലിരുന്നു റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ കളിയെയും കളിക്കാരെയും അധിക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പരിഹാസപരാമര്‍ശങ്ങള്‍ കേട്ടു സങ്കടം തോന്നിയിട്ടുണ്ട്.
കാലമേറെ മാറിയിട്ടും മനുഷ്യസംസ്‌കാരം ഏറെ പരിണാമങ്ങള്‍ക്കു വിധേയമായിട്ടും കായികരംഗത്തുപോലും തൊലിനിറം നോക്കിയുള്ള വിവേചനവും അവജ്ഞാപ്രകടനങ്ങളും ശക്തമായി തുടരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്കന്‍ കളിക്കാര്‍ക്കു വെള്ളക്കാരായ കാണികളില്‍നിന്നു കൂടുതല്‍ അവജ്ഞയും അപമാനവും നേരിടേണ്ടി വരുന്നത് ഈ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ കറുത്തവരായിപ്പോയി എന്നതുകൊണ്ടു കൂടിയാകണം. ഓസ്‌ട്രേലിയന്‍ കാണികളാണു കായികലോകത്തു വംശീയതയെന്ന പദത്തിനുതന്നെ പുതിയ മാനം നല്‍കിയത്. ഓസ്‌ട്രേലിയ എന്നു കേട്ടാല്‍ വംശീയവിദ്വേഷത്തിന്റെ നാട് എന്നു ചിന്തിക്കുന്നവരാണു ലോകത്തിലെ ഭൂരിപക്ഷം ആളുകളും. ഒരര്‍ഥത്തില്‍ അതു ശരിതന്നെയാണ്. ബ്രിട്ടനില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും കുടിയേറിയവരുടെ പിന്‍തലമുറക്കാരാണ് ഇപ്പോഴത്തെ ഓസ്‌ട്രേലിയക്കാരില്‍ ഭൂരിഭാഗവും. സാമ്രാജ്യത്വത്തിന്റെ അടിമത്തപദവി എല്ലാ രാജ്യങ്ങളും ഉപേക്ഷിച്ചിട്ടും ഒരിക്കലെങ്കിലും അതില്‍നിന്നു വിടുതല്‍ ആഗ്രഹിക്കാത്ത രാജ്യമാണ് ഓസ്‌ട്രേലിയ.
രാജ്ഞിക്കും രാജഭരണത്തിനും കീഴില്‍ എന്നും കഴിയാന്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ വംശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെല്ലാം വംശീയതയുള്ളതായി ബോധ്യപ്പെടും. ഓസ്‌ട്രേലിയക്കാര്‍ സവിശേഷ ഔന്നത്യമുള്ളവരാണെന്നും മറ്റു രാജ്യക്കാര്‍ പ്രത്യേകിച്ച്, ഏഷ്യന്‍ വംശജര്‍ തങ്ങളേക്കാള്‍ താഴെയാണെന്നുമുള്ള കാഴ്ചപ്പാടാണ് ഓസ്‌ട്രേലിയക്കാര്‍ക്കുള്ളത്.
വംശീയത ഇവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവരുടെ ജീവിതത്തിന്റെ ഭാഗമാണത്. ഓസ്‌ട്രേലിയയിലേയ്ക്കു പുതുതായി കുടിയേറ്റം നടത്തുന്നവര്‍ക്കാണു വംശീയവിവേചനം കൂടുതലായി അനുഭവപ്പെടുക. പുതുകുടിയേറ്റക്കാര്‍ സാംസ്‌കാരികമായും സാമ്പത്തികമായും വളരെ പിന്നാക്കം നില്‍ക്കുന്നവരാണെന്നും തങ്ങളുടെ രാജ്യത്തിന്റെ പവിത്രത നശിപ്പിക്കുമെന്നും ഭീതിയോടെ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ കറുത്തവരായ അന്യനാട്ടുകാരെ അകറ്റിനിര്‍ത്തുന്നത്.
ഓസ്‌ട്രേലിയയില്‍ വംശീയ ചേരിതിരിവു കൂടിക്കൂടിവരുകയാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വംശീയ വേര്‍തിരിവുകളെക്കുറിച്ചും മെല്‍ബണിലെ മൊണാഷ് യൂനിവേഴ്‌സിറ്റിയും സ്‌കാന്‍ഡലന്‍ ഫൗണ്ടേഷനും സംയുക്തമായാണു പഠനറിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഓസ്‌ട്രേലിയയിലേയ്ക്കു കുടിയേറുന്നവരുടെ ജനസംഖ്യ, സാംസ്‌കാരികത ഇവയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് കുറച്ചുവര്‍ഷമായി ഇവര്‍ പുറത്തിറക്കുന്നുണ്ട്.
പഠനത്തിലെ പല കണ്ടെത്തലുകളും ഭയാനകവും ഞെട്ടിക്കുന്നതുമാണ്. അഭയാര്‍ഥികളോടുള്ള തദ്ദേശീയരുടെ മനോഭാവം അങ്ങേയറ്റം മോശമാണെന്നു പഠനം വ്യക്തമാക്കുന്നു. വംശീയതയുടെയും ജനിച്ച രാജ്യത്തിന്റെയും മതത്തിന്റെയും പേരിലുള്ള വിവേചനം കൂടിക്കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയന്‍ ജനതയുടെ അഞ്ചിലൊരാള്‍ വംശീയവിവേചനം അനുഭവിക്കുന്നവരാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ തള്ളിപ്പറയുന്നതു നീചമായ സംസ്‌കാരമാണ്. വംശീയതയെന്ന അധമവികാരം പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നതാണ്. അഭയാര്‍ഥിബോട്ടുകളെക്കുറിച്ച് അടിക്കടിയുള്ള ചര്‍ച്ചകളായിരിക്കാം അഭയാര്‍ഥികളോടു ഇങ്ങനെയൊരു മനോഭാവം ജനങ്ങള്‍ വച്ചുപുലര്‍ത്താന്‍ കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വംശീയവിവേചനം ഇല്ലാതാക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഏതാനും വര്‍ഷങ്ങളായി ഒരുപാടു കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടും മേല്‍പ്പറഞ്ഞ വിവേചനങ്ങള്‍ കൂടിക്കൂടിവരുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ, വിവേചനം രൂക്ഷമായി നടക്കുന്നു. ഓസ്‌ട്രേലിയയില്‍ തങ്ങള്‍ നേരിടുന്ന മറ്റൊരുപാടു പ്രശ്‌നങ്ങള്‍ക്കിടയില്‍ പലപ്പോഴും വംശീയവിവേചനം ഏതാണെന്നുപോലും അത് അനുഭവിക്കുന്ന ഇന്ത്യക്കാരെപ്പോലുള്ളവര്‍ മനസ്സിലാക്കാതെ പോകുന്നു.
ഇന്ത്യക്കാര്‍ മാത്രമല്ല ഓസ്‌ട്രേലിയയില്‍ വംശീയവിവേചനം നേരിടുന്ന മറ്റു രാജ്യക്കാരുമുണ്ട്. അതില്‍കൂടുതല്‍ ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ വംശജരാണെന്നേയുള്ളൂ. ജോലിചെയ്യുന്നവര്‍ക്കു ജോലിസ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്കു വിദ്യാലയങ്ങളിലും വംശീയവിവേചനം അനുഭവിക്കേണ്ടിവരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരേ ഓസ്‌ട്രേലിയയില്‍ 2009ല്‍ വംശീയാധിക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടായത് ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. അടുത്തിടെ നടന്ന വംശീയാക്രമണങ്ങളില്‍ ഇന്ത്യക്കാര്‍ക്കു പരുക്കേറ്റിരുന്നു. ഒരു ഇന്ത്യക്കാരനെ പട്ടാപ്പകല്‍ ബസ്സില്‍വച്ചു ചുട്ടുകൊല്ലുകയും ചെയ്തു. ആറുമാസങ്ങള്‍ക്കു മുന്‍പു നടന്ന വംശീയാക്രമണങ്ങളില്‍ രണ്ടു മലയാളികള്‍ക്കും സാരമായ പരുക്കേറ്റിരുന്നു. ഇത്തരം വംശീയാക്രമണങ്ങള്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍സമൂഹത്തെ, പ്രത്യേകിച്ചു മലയാളി സമൂഹത്തെ ആശങ്കാകുലരാക്കുന്നുണ്ട്.
(ഓസ്‌ട്രേലിയയിലെ 'ഇന്ത്യന്‍ ടൈംസ് ' എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."