സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ വിരുദ്ധം: കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: സെക്രട്ടേറിയറ്റ് വളപ്പില്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ തടഞ്ഞ സംഭവം കേട്ടുകേള്‍വിയില്ലാത്തതും ജനാധിപത്യബോധത്തിനു നിരക്കാത്തതുമാണെന്ന് കേരളപത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവിച്ചു. മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടയുകയും പൊതുവഴിയില്‍ കുപ്പിച്ചില്ല് വിതറുകയും ചെയ്തതിനു പിന്നിലെ മനോഭാവവും ജനാധിപത്യവിരുദ്ധമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്യാവൂ എന്നാണോ അധികാരസ്ഥാനത്തുള്ളവര്‍ ഉദ്ദേശിക്കുന്നതെന്നും യൂനിയന്‍ ചോദിച്ചു.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നിയമവിധേയമായി പ്രവേശിക്കാന്‍ ഏതു പൗരനും അവകാശമുണ്ട്. ഇതാണ് തടയപ്പെട്ടത്. കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നടപടിയാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിനോട് യാതൊരു ശത്രുതയുമില്ല. അവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കേണ്ട കാര്യവുമില്ല. അനിഷ്ടകരമായ വാര്‍ത്തകളോട് ജനാധിപത്യപരമായി വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനു പകരം തടഞ്ഞും മാറ്റിനിര്‍ത്തിയുമുള്ള രീതികള്‍ ജനാധിപത്യത്തിന്റെ വിപരീതമായ ദിശയിലുള്ള മനോഭാവമാണ്. അടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനത്തിനു തയാറാകണമെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."