കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സി.പി.എം അംഗങ്ങളുടെ പ്രതിഷേധം
കാസര്‍കോട്: റവന്യൂ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ ചന്ദ്രശേഖരനെ പൊതുപരിപാടിയില്‍ എം.പിയും എം.എല്‍.എമാരുമുള്‍പ്പെടുന്ന സി.പി.എം ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തയെ ചൊല്ലി കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സി.പി.എം അംഗങ്ങളുടെ പ്രതിഷേധം. 18ന് നടത്താനിരുന്ന പരിപാടി 20ലേക്ക് മാറ്റിയത് എം.പിയടക്കമുള്ളവരെ അറിയിച്ചില്ലെന്നും ഇതാണ് ജനപ്രതിനിധികള്‍ പരിപാടിക്ക് എത്താത്തതിന് കാരണമെന്ന് പറഞ്ഞാണ് സി.പി.എം അംഗങ്ങള്‍ യോഗത്തില്‍ ബഹളമുണ്ടാക്കിയത്.
മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ ഒരു തീരുമാനവും സി.പി.എം എടുത്തിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ കൃത്യമായി വിവരം നല്‍കാത്തതാണ് ജനപ്രതിനിധികള്‍ പരിപാടിക്കെത്താതിരുന്നതെന്നും സി.പി.എം അംഗങ്ങള്‍ യോഗത്തില്‍ പ്രതിഷേധത്തിനിടെ വ്യക്തമാക്കി. തങ്ങളാരും വാര്‍ത്ത നല്‍കിയിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുതെന്നുമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടിയെ തുടര്‍ന്നാണ് ഒടുവില്‍ സി.പി.എം അംഗങ്ങള്‍ ശാന്തരായത്.
ഇന്നലെ രാവിലെ യോഗം തുടങ്ങിയയുടന്‍ സി.പി.എം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ജോസ് പതാലിലാണ് വിഷയം ഉന്നയിച്ചത്. 18ന് നടത്താനിരുന്ന അംഗപരിമിതര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണ പരിപാടി 20ലേക്ക് മാറ്റിയത് അന്ന് രാവിലെയാണ് ജനപ്രതിനിധികളെയും മറ്റും അറിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഒരു മന്ത്രിയെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ തെറ്റിദ്ധാരണ മാറ്റാനുള്ള പ്രസ്താവന ഇറക്കണമെന്നും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 20ലേക്ക് മാറ്റിയത്. എല്ലാവരെയും വിവരം അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാണ്. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ബോധപൂര്‍വമല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ 20ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പി കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എന്നിവരടക്കമുള്ള സി.പി.എം അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ സി.പി.എം ബഹിഷ്‌കരിച്ചുവെന്നുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൃത്യമായ വിവരം നല്‍കിയില്ലെന്ന് വരുത്തി വിവാദങ്ങളെ മറികടക്കാനുള്ള ശ്രമമാണ് ഇന്നലത്തെ ജില്ലാ പഞ്ചായത്ത് യോഗത്തിലുണ്ടായതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."