മേയറെ ആക്രമിച്ച കേസ്: ഇതുവരെ അറസ്റ്റ് ചെയ്യാനായത് ഒരാളെ മാത്രം
തിരുവനന്തപുരം: കോര്പറേഷന് മേയര്‍ വി.കെ. പ്രശാന്തിനെ ആക്രമിച്ച കേസില്‍ കൂടുതല്‍ നടപടികളെടുക്കാനാവാതെ പൊലിസ്. കേസില്‍ 20 ബി.ജെ.പി. കൗണ്‍സിലര്‍മാരെ ഉള്‍പ്പെടെ 27 പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും പൊലിസിന് ഇതുവരെ അറസ്റ്റു ചെയ്യാനായത് ഒരാളെ മാത്രം. വലിയവിള സ്വദേശി ആനന്ദിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
മേയറെ ക്രൂരമായി ആക്രമിച്ചെന്നും കഴുത്തിനും കാലിനും പരുക്കേറ്റെന്നും ഒരാഴ്ചത്തെ വിശ്രമം വേണമെന്നും മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. ഇത്രയും ഗുരുതരമായ കേസിലെ പ്രതികള്‍ മുന്നിലുണ്ടായിരുന്നിട്ടും നടപടി സ്വീകരിക്കാനാകാത്തതെന്തെന്ന ചോദ്യമാണ് ഉയരുന്നത്.
ബി.ജെ.പിയുടെ കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്യുന്നതിന് കഴിഞ്ഞ ദിവസം അവരെ പ്രവേശിപ്പിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പൊലിസ് എത്തിയെങ്കിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. അവിടെനിന്നും പിന്തിരിഞ്ഞ പൊലിസ് പിന്നീട് ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
സംസ്ഥാന പൊലിസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ തങ്ങളുടെ കൗണ്‍സിലര്‍മാരുടെ അറസ്റ്റ് സംബന്ധിച്ച കാര്യത്തില്‍ നിവേദനം നല്‍കുകയും ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ ധാരണയുടെ ഭാഗമായാണോ അറസ്റ്റില്‍നിന്നും പൊലിസ് പിന്‍വാങ്ങിയതെന്ന സംശയവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."